Kerala

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്ഥാനാരോഹണ ശുശ്രൂഷകളെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്‍റെ മുഖ്യ കാര്‍മിത്വത്തില്‍ കുര്‍ബാന അര്‍പ്പണം നടന്നു

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ പ്രത്യേകം ഒരുക്കിയ ദേവാലയത്തില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിന്നു.

രാവിലെ 8.45ന് അരമനയില്‍നിന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ എത്തി. തുടര്‍ന്ന് അവര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എല്ലാവരെയും സ്വാഗതം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ നടത്തിയ പ്രഖ്യാപനത്തിനുശേഷം അംശവടിയും മോതിരവും പുതിയ ആര്‍ച്ച് ബിഷപ്പിന് നല്‍കി. തുടര്‍ന്നു മാര്‍ തോമസ് തറയിലിനെ മദ്ബഹയില്‍ ഉപവിഷ്ടനാക്കി.

സ്ഥാനാരോഹണ ശുശ്രൂഷകളെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്‍റെ മുഖ്യ കാര്‍മിത്വത്തില്‍ കുര്‍ബാന അര്‍പ്പണം നടന്നു. തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ഡോ.ബിഷപ്പ് തോമസ് ജെ നെറ്റോ വചന സന്ദേശം നല്‍കി. പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പന്തല്‍ നിറഞ്ഞുകവിഞ്ഞ നിലയിലായിരിന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിക്കുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു. സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവാ, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker