Meditation

27th Sunday_ബന്ധങ്ങളിലെ ദൈവരാജ്യം (മർക്കോ 10: 2-16)

വിവാഹ ജീവിതത്തിന്റെ പവിത്രത ഒരു താലിയിലോ മോതിരത്തിലോ അല്ല അടങ്ങിയിരിക്കുന്നത്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

ഒരു പരീക്ഷണവുമായിട്ടാണ് ഫരിസേയർ യേശുവിനരികിൽ വന്നിരിക്കുന്നത്. ഒരു ചോദ്യമാണത്. വിവാഹമോചനത്തെ സംബന്ധിച്ച് ഒരു ചോദ്യം: “ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?” ഉത്തരം എല്ലാവർക്കും അറിയാവുന്നതാണ്. നിയമാനുസൃതമാണ്. വലിയ വിഷയമൊന്നും വേണമെന്നില്ല, ചെറിയ കാര്യം മതി, ഒരുവന് ഭാര്യയെ ഉപേക്ഷിക്കാവുന്നതാണ്. നിയമമെന്നും പുരുഷന്റെ കൂടെ മാത്രമേ നിന്നിട്ടുള്ളൂ. സ്ത്രീകളുടെ മേൽ ഭാരമുള്ള നുകംവയ്ക്കുന്നവരാണ് ഫരിസേയർ. അവരാണ് ഇപ്പോൾ നിയമത്തിനുള്ളിലെ ശരിതെറ്റുകൾ അന്വേഷിക്കുന്നത്.

നിയമത്തിലെ ശരിതെറ്റുകളിലേക്ക് അല്ല യേശു പോകുന്നത്. അതിനും അപ്പുറത്തേക്കാണ്. ജീവിതത്തെ നിയമത്തിനുള്ളിൽ ഒതുക്കുന്നില്ല അവൻ. ദൈവത്തെ നിയമമായി ചുരുക്കുന്നുമില്ല. അവൻ പോകുന്നത് സൃഷ്ടിയുടെ ആരംഭത്തിലേക്കാണ്. മോശയുടെ നിയമത്തിനും മുകളിൽ മറ്റൊരു നിയമമുണ്ട്. അത് സൃഷ്ടിയുടെ നിയമമാണ്. മോശ പലതും അനുവദിച്ചിട്ടുണ്ട്. അവ വെളിപ്പെടുത്തുന്നത് പലരുടെയും ഹൃദയകാഠിന്യമാണ്. അവയെല്ലാം ചില നാശനഷ്ടങ്ങൾ പരിമിതപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നെന്നും നമ്മൾ മനസ്സിലാക്കണം.
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. അവന്റെ മുമ്പിൽ രണ്ടുപേരും തുല്യരാണ്. ഒന്നാകാനാണ് അവരെ സൃഷ്ടിച്ചത്. ഒന്നാകുമ്പോൾ തടസ്സമായി ഭൂതകാലം കടന്നുവരാനും പാടില്ല. അതുകൊണ്ടാണ് ഒന്നിക്കുമ്പോൾ ചിലരെയും ചിലതിനെയും ഉപേക്ഷിക്കണമെന്ന് യേശു പറയുന്നത്. ഇത് അന്നുണ്ടായിരുന്ന പുരുഷമേധാവിത്ത ചിന്തകൾക്കെതിരെയുള്ള കാര്യമാണ്. വിവാഹത്തിൽ രണ്ടുപേർക്കും തുല്യ സ്ഥാനമാണുള്ളത്. നിയമം അവരെ അതുല്യരാക്കുകയാണ്. പക്ഷേ സൃഷ്ടിയുടെ നിയമമായ സ്നേഹം അവരെ തുല്യരാക്കുന്നു. ആ സ്നേഹമാണ് യേശുവിന്റെ സന്ദേശം. അത് ഒന്നാകലാണ്, വിഭജനമല്ല.

വിവാഹ ജീവിതത്തിന്റെ പവിത്രത ഒരു താലിയിലോ മോതിരത്തിലോ അല്ല അടങ്ങിയിരിക്കുന്നത്, പരസ്പരം കൈമാറുന്ന ഹൃദയ നൈർമല്യത്തിലാണ്. കാരണം ദൈവം വസിക്കുന്നത് ഹൃദയത്തിലാണ്. അതുകൊണ്ടാണ് ദൈവസ്നേഹം ശാരീരികമാകുന്ന ചരിത്രാനുഭവമാണ് ക്രൈസ്തവ വിവാഹം എന്നു പറയുന്നത്. നിയമങ്ങളല്ല വിവാഹജീവിതത്തിന്റെ അടിത്തറയാകേണ്ടത്, സുവിശേഷമായിരിക്കണം. എന്ത് കുറവുകളുണ്ടെങ്കിലും സ്നേഹം സാധ്യമാണെന്നതാണ് സുവിശേഷം. നിയമം വിവാഹമോചനത്തെ സാധൂകരിക്കുന്നുണ്ടെങ്കിലും അത് ദൈവേഷ്ടം ആകണമെന്നില്ല. നിയമത്തിന് ശാശ്വത മൂല്യമില്ല. അതുകൊണ്ടാണ് യേശു ഒരിക്കലും നിയമപാലകനായ ദൈവത്തെ പരാമർശിക്കാത്തത്. അവന്റെ ദൈവം സ്രഷ്ടാവാണ്. അവൻ്റെ നിയമം സൃഷ്ടിയുടെ നിയമമാണ്. അത് സ്നേഹത്തിന്റെ നിയമമാണ്.

ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ലോജിക്ക് തന്നെയാണ് യേശു വിവാഹ ബന്ധത്തിലും ഉപയോഗിക്കുന്നത്. ബന്ധങ്ങളാണ് ജീവിതത്തിന്റെ ആപേക്ഷികത. അതിലെ സന്തുഷ്ടത ക്ഷമയും വിട്ടുകൊടുക്കലുമാണ്. എന്നിരുന്നാലും ബന്ധങ്ങളിൽ ക്ഷീണവും പരാജയവും ഉണ്ടാകും. അറിഞ്ഞോ അറിയാതെയോ ചില വീഴ്ചകൾ സംഭവിക്കാം. ചതിക്കപ്പെട്ട സൗഹൃദങ്ങളും തകർന്ന പ്രണയങ്ങളും… എന്നിട്ടും യേശു വിവാഹമോചനത്തിന്റെ സാധുതയെ സാധൂകരിക്കുന്നില്ല. ഒരു ബന്ധവും ഇല്ലാതാക്കാനുള്ളതല്ല, അതിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ളതാണ്. മാനുഷിക നിയമങ്ങൾ വീഴ്ചകളെ പർവ്വതീകരിക്കും, എന്നാൽ യേശുവിന്റെ നിയമം അങ്ങനെയല്ല. ഒരു വീഴ്ചയിലോ കുറവുകളിലോ തകരേണ്ടതല്ല നമ്മുടെ ബന്ധങ്ങൾ. നമ്മൾ ആരും നമ്മുടെ വീഴ്ചയും പരാജയവുമല്ല. അതിലും വലിയ മൂല്യം നമ്മിലുണ്ട്. ഒരു കുഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ അത് വീഴും, പക്ഷേ ഒരു രക്ഷിതാവും കുഞ്ഞിനോട് പറയില്ല “അവിടെ കിടക്കട്ടെ”. നമ്മൾ ആ കുഞ്ഞിനെ അനന്തമായ ആർദ്രതയോടെ നടക്കാൻ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ. ദൈവം നമ്മെ ഇതുപോലെ സ്നേഹിക്കുന്നു! ബന്ധങ്ങൾ തകർക്കാൻ പല കാരണങ്ങളും നമ്മുടെ ചുറ്റിലുമുണ്ട്. പക്ഷേ ഒരു ബന്ധവും തകരാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്നതാണ് യഥാർത്ഥ സത്യം.

നമ്മുടെ നിയമങ്ങളെക്കാൾ വലുതാണ് ദൈവത്തിന്റെ സ്വപ്നം. നമ്മുടെ പരാജയങ്ങളല്ല നമ്മുടെ ജീവിതം. ശരിയാണ്, നമ്മൾ തെറ്റുകൾ വരുത്തിയിട്ടുണ്ട്, വീണിട്ടുണ്ട്, തകർന്നിട്ടുണ്ട്. അവയെ പരിഗണിക്കേണ്ട എന്നല്ല. ചിലപ്പോൾ നമ്മൾ വീണുപോയത് നമ്മുടെ സ്വാർത്ഥത, അലസത എന്നിവ കാരണമായിരിക്കാം. അവയെ യേശു അംഗീകരിക്കുന്നില്ല എന്ന കാര്യവും ഓർക്കണം.

വീട്ടിൽ തിരിച്ചെത്തിയശേഷം, ശിഷ്യന്മാർ വീണ്ടും വിവാഹത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. എത്ര മനോഹരമാണ് ഈ ഗുരു-ശിഷ്യ ബന്ധം. വീടിന്റെ സ്വകാര്യതയിൽ യേശുവിന്റെ പഠിപ്പിക്കൽ തുടരുന്നു. അവൻ വ്യക്തമാക്കുന്നു: വിവാഹം അവിഭാജ്യമായതിനാൽ, ഇണയെ ഉപേക്ഷിക്കുകയും പുതിയ പങ്കാളിയുമായി ചേരുകയും ചെയ്യുന്ന ഏതൊരാളും വ്യഭിചാരിക്ക് തുല്യനാണ്. എന്നിട്ട് അവൻ ചെയ്യുന്നത് ശിശുക്കളെ തൊട്ട് അനുഗ്രഹിക്കുകയാണ്. അക്കാലത്ത് സ്ത്രീകളെ പോലെ പരിഗണന ഇല്ലാതിരുന്നവരാണ് ശിശുക്കൾ. അതുകൊണ്ടുതന്നെ അവരെ തടയാൻ ശ്രമിക്കുന്ന ശിഷ്യന്മാരുടെ പെരുമാറ്റം പൂർണ്ണമായും വിശ്വസനീയമാണ്. ഈ പശ്ചാത്തലത്തിൽ മർക്കോസ് മാത്രമാണ് യേശുവിന്റെ രോഷത്തെക്കുറിച്ച് സംസാരിക്കുന്നത്.

പൂർണ വിശ്വാസത്തിന്റെ പ്രതീകമാണ് ശിശുക്കൾ. ഒരു ശിശുവിനെപ്പോലെ ആകുക എന്നതിനർത്ഥം സ്നേഹത്തിന്റെ, സംരക്ഷണത്തിന്റെ കരവലയം അനുഭവിക്കുകയെന്നതാണ്. അതൊരു വീടനുഭവമാണ്. അവിടെ കുഞ്ഞിന് ഒന്നും തെളിയിക്കേണ്ടതില്ല, കാരണം കുഞ്ഞിനറിയാം അത് അംഗീകരിക്കപ്പെടുന്ന ഇടമാണെന്ന്. താൻ വീണാലും പരാജയപ്പെട്ടാലും തളർന്നാലും തകർന്നാലും താൻ സ്നേഹിക്കപ്പെടുന്നു എന്ന വിശ്വാസമാണ് ശിശുക്കളുടെ തനിമ. അതുതന്നെയാണ് നമ്മുടെ ബന്ധങ്ങളിലും നിലനിർത്തേണ്ട പുണ്യം. എങ്കിൽ മാത്രമേ ദൈവരാജ്യം നമ്മിലും നിറയൂ. ഓർക്കുക, ക്രൈസ്തവ വിവാഹം ദൈവരാജ്യത്തിന്റെ കൂദാശയാണ്. ശിശുമാനസവും ശിശുതനിമയും ശിശുക്കൾ തന്നെയുമാണ് അതിന്റെ അടിത്തറയും ആത്യന്തികമായ ലക്ഷ്യവും.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker