Kerala

വയനാട് ദുരന്തം: കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കെ.സി.ബി.സി.

കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും...

ജോസ് മാർട്ടിൻ

കൊച്ചി: വയനാട് മേപ്പാടിയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റു ഭാഗങ്ങളിലുമുണ്ടായ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്‍ക്കായി ഓഗസ്റ്റ് 4-ന് ഞായറാഴ്ച കുര്‍ബാനയില്‍ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ഥിക്കണമെന്നും കെസിബിസി ആഹ്വനം ചെയ്തുവെന്ന് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. വയനാട്, കോഴിക്കോട് മേഖലകളിലെ രൂപതകള്‍ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും സമര്‍പ്പിത സന്ന്യാസസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുരിതബാധിത പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആകും അഭികാമ്യം. വീടുനഷ്ടപ്പെട്ടവര്‍, വസ്തുവും സമ്പത്തും നഷ്ടപ്പെട്ടവര്‍, ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ അവിടത്തുകാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്.

സമാനമായ മുന്‍കാല സാഹചര്യങ്ങളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി കൃത്യമായ നേതൃത്വം വഹിച്ചിട്ടുണ്ട്. എല്ലാ രൂപതകളും സമര്‍പ്പിത സന്ന്യാസ സമൂഹങ്ങളും വളരെ ആത്മാര്‍ഥ മായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ഹ്രസ്വ, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും വേണ്ട നേതൃത്വം കെഎസ്എസ്എഫ് ഏറ്റെടുക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം കണ്ടെത്തേണ്ടതിന് രൂപതകളും സമര്‍പ്പിത സന്ന്യാസസമൂഹങ്ങളും നിസ്വാര്‍ഥമായി സഹകരിക്കണം. കെഎസ്എസ്എഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം അയച്ചുകൊടുക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ രൂപതകള്‍ക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.

കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീ്‌സ് ബാങ്ക് നാഗമ്പടം ബ്രാഞ്ചിലുള്ള (കോട്ടയം) അക്കൗണ്ട് നമ്പര്‍ – 196201000000100, ഐഎഫ്എസ്‌സി നമ്പര്‍- IOBA0001962.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker