Meditation

6th Sunday_കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45)

മർക്കോസ് ദൈവിക ഇടപെടലുകളിലെ വിപ്ലവാത്മകത പദങ്ങളിലും ആഖ്യാനങ്ങളും ഒളിപ്പിച്ചു വയ്ക്കുന്നു...

ആണ്ടുവട്ടത്തിലെ ആറാം ഞായർ

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു. അവന്റെ സ്വത്വത്തിൽ നമ്മെത്തന്നെ ആവഹിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് യേശുവിന്റെ മുന്നിൽ ചെന്ന് നമ്മളും പറയണം: “മനസ്സാകുമെങ്കിൽ അങ്ങേയ്ക്കെന്നെ ശുദ്ധനാക്കാൻ കഴിയും”. അപ്പോൾ അവൻ കൈനീട്ടി സ്പർശിച്ചുകൊണ്ട് പറയും; “എനിക്ക് മനസ്സുണ്ട്: നിനക്കു ശുദ്ധിയുണ്ടാകട്ടെ”.
മരണത്തിന്റെ ആദ്യജാതനാണ് കുഷ്ഠരോഗം. അത് ചർമ്മത്തെയും അവയവങ്ങളെയും കാർന്നു തിന്നു പതുക്കെ ഒരാളെ മരണത്തിലേക്കാനയിക്കും. അതുകൊണ്ടാണ് ജോബിന്റെ പുസ്തകത്തിലെ ബിൽദാദ് എന്ന കഥാപാത്രം അതിനെ മരണത്തിന്റെ ആദ്യജാതൻ അഥവാ “ബെഹോർ മോത്ത്” എന്ന് വിളിക്കുന്നത്. യഹൂദ പാരമ്പര്യത്തിൽ കുഷ്ഠം ബാധിച്ചവൻ ജഡത്തിനു തുല്യമാണ്. സഞ്ചരിക്കുന്ന ജഡമാണവൻ. നമുക്കെല്ലാവർക്കുമറിയാം യഹൂദരുടെ നിയമമനുസരിച്ച് ശവശരീരമാണ് ഏറ്റവും അശുദ്ധമായത് എന്ന കാര്യം. ജഡത്തിനു ശേഷം ഏറ്റവും അശുദ്ധമായി അവർ കരുതുന്നത് കുഷ്ഠരോഗികളെയാണ്. അതുകൊണ്ടാണ് ലേവ്യരുടെ പുസ്തകത്തിൽ രണ്ട് അധ്യായങ്ങൾ കുഷ്ഠരോഗത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നത് (13-14). ഈയൊരു സാമൂഹിക-സാംസ്കാരിക-ആത്മീയ പശ്ചാത്തലം മനസ്സിലാക്കിയാൽ യേശുവിന്റെ വാക്കുകളിലേയും പ്രവർത്തികളിലേയും വിപ്ലവാത്മകത മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. സുവിശേഷകൻ അവയെ യേശുവിന്റെ വൈകാരികതയെ വിവരിക്കാൻ ഉപയോഗിച്ച ചില പദങ്ങളിൽ കുത്തിനിറക്കുന്നുണ്ട്. ഉദാഹരണത്തിന് “കരുണ തോന്നുക”, “സ്പർശിക്കുക” “കർശനമായി താക്കീതു ചെയ്യുക” എന്നീ പദങ്ങൾ തികച്ചും വിപ്ലവാത്മകമാണ്. ഇത് മർക്കോസ് എന്ന സുവിശേഷകന്റെ സവിശേഷതയാണ്. അദ്ദേഹം ദൈവിക ഇടപെടലുകളിലെ വിപ്ലവാത്മകത പദങ്ങളിലും ആഖ്യാനങ്ങളും ഒളിപ്പിച്ചു വയ്ക്കുന്നു.

നോക്കുക, സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വിപരീത ദിശയിലൂടെ യേശു സഞ്ചരിക്കുന്നു. അവനൊരു കുഷ്ഠരോഗിയെ സ്പർശിച്ചുകൊണ്ട് സൗഖ്യം നൽകുന്നു. എന്നിട്ടവനെ പുറംതള്ളിയ അതേ സമൂഹത്തിലേക്കു തന്നെ തിരിച്ചയക്കുന്നു. വ്യത്യസ്തമായ ഒരു കൽപ്പനയും നൽകുന്നില്ല. നീ ഏതു സമൂഹത്തിൽനിന്നും വരുന്നുവൊ ആ സമൂഹത്തിലേക്കു തന്നെ തിരികെ പോകുക. ആ സമൂഹത്തിന്റെയും മതത്തിന്റെയും നിയമങ്ങൾ പാലിച്ച് ഒരു നിശബ്ദ ജീവിതം നയിക്കുക. പക്ഷേ പിന്നീട് സംഭവിച്ചത് ദൈവീകമായ ഒരു വിരോധാഭാസമാണ്. മൗനം പാലിക്കേണ്ടവൻ പ്രഘോഷകനായി മാറുന്നു.

യേശുവിന്റെ കരുണയാണ് സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശം. കാഴ്ച കരുണയിലേക്കും കരുണ സ്പർശനത്തിലേക്കും സ്പർശനം സൗഖ്യത്തിലേക്കും നയിക്കുന്ന ഒരു പരിണാമ ക്രമം ഈ സുവിശേഷ ഭാഗത്തിലുണ്ട്. ഗ്രീക്ക് ഭാഷയിൽ കരുണ, അനുകമ്പ, ആർദ്രത തുടങ്ങിയ പദങ്ങളുടെ നിരുക്തി (etymology) ഗർഭപാത്രമാണ്. യഹൂദപാരമ്പര്യത്തിൽ ഏറ്റവും ശക്തമായ വികാരമാണ് കരുണ. അതിൽ മാതൃഭാവം അടങ്ങിയിട്ടുണ്ട്. ഭരണകർത്താക്കൾ വച്ചുനീട്ടുന്ന ഔദാര്യമല്ല കരുണ, അത് ഉപാധികളില്ലാതെ സ്വാംശീകരിച്ച മാതൃസ്നേഹത്തിന്റെ പ്രതിഫലനമാണ്. അമ്മ മനസ്സാണത്. നിർജ്ജല നയനങ്ങളിലെ മാതൃഭാവമാണത്. നോക്കുക, കുഷ്ഠരോഗിയുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയിലും നിസ്സഹായവസ്ഥയിലുമാണ് യേശുവിന്റെ ആർദ്രത അയാളുടെ പകലുകൾക്ക് ചാലകശക്തി പകരുന്നത്. അത് പുതു ജീവനാണ്. മൃതനായിരുന്ന ഒരുവന് ലഭിച്ച ഉത്ഥാനമാണ്. നമ്മുടെ ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ആ കലവറയില്ലാത്ത കരുണയുടെ നീരുറവകൾ ഒഴുകിയെത്തുകയാണെങ്കിൽ നമുക്കുമുണ്ടാകും ഒരു ഉത്ഥാനം. അപ്പോഴും ഓർക്കുക, യേശുവിനെ പോലെ ആർദ്രതയുള്ളവരാകാനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്. അവശരോടും ആർത്തരോടുമുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വേണം. നമ്മുടെ സമൂഹത്തിൽ അവർ ഇനി ഒറ്റപ്പെട്ടവരാകരുത്. നമ്മുടെ കരുണയും സ്പർശനവും അവർക്കും ലഭിക്കണം. നമ്മൾ ഓരോരുത്തരിലൂടെയും അവർ ദൈവസാന്നിധ്യം അനുഭവിച്ചറിയണം.

പ്രാർത്ഥനാപദങ്ങളുടെ സാന്നിധ്യമാണ് ഈ സുവിശേഷഭാഗത്തിന്റെ മറ്റൊരു പ്രത്യേകത. യേശുവിന്റെ മുൻപിൽ മുട്ടുകുത്തി നിന്നുകൊണ്ട് കുഷ്ഠരോഗി പറയുന്നു: “അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും”. വ്യക്തമായ ബോധത്തിൽ നിന്നുള്ള പ്രഖ്യാപനമാണിത്. യേശുവിലുള്ള ദൈവീകശക്തിയെ ഉറപ്പിക്കുന്ന ഒരു വിശ്വാസപ്രമാണമാണിത്. ഇതാണ് യഥാർത്ഥ പ്രാർത്ഥന. കാരണം ദൈവശക്തിയെ അംഗീകരിക്കലാണ് പ്രാർത്ഥന. നിന്റെ ഇഷ്ടമാണ് എന്നിൽ നിറവേറേണ്ടത് എന്നു പറയാനുള്ള മനസ്സാണത്. “മനസ്സാകുമെങ്കിൽ” – ഏകദേശം ഇതേ വാക്കുകൾ തന്നെയാണ് ഗത്‌സമേൻ തോട്ടത്തിൽ വച്ചുള്ള പ്രാർത്ഥനയിൽ യേശുവും ഉപയോഗിക്കുന്നത് (മർക്കോ 14:36). ദൈവമനസ്സിനെ നമ്മുടെ സ്വത്വത്തിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയയാണ് പ്രാർത്ഥന. സ്വർഗ്ഗത്തിലേക്ക് എയ്യുന്ന അപേക്ഷകളൊ യാചനകളൊ മാത്രമല്ല അത്. ദൈവത്തിന്റെ അധികാരത്തെയും ശക്തിയേയും അംഗീകരിക്കലുമാണ്. അവന് നിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന ദൃഢവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker