മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം അനുചിതം; കെ.സി.ബി.സി.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായ ഇത്തരം സംഗമങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും രാഷ്ട്രീയലക്ഷ്യത്തോടെ വിമർശിക്കുന്നതും ഉചിതമല്ല...
ജോസ് മാർട്ടിൻ
കൊച്ചി: ക്രിസ്തുമസിനോടനുബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേർത്ത ക്രിസ്മസ് വിരുന്നിൽ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും പങ്കെടുത്തതിനെ വിമർശിച്ച് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദിത്വപരവും അനുചിതവുമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ആരോപിച്ചു.
ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർ ഇത്തരം പ്രതികരണങ്ങളിൽ പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് ശ്രദ്ധയുള്ളവരാകണമെന്നും കെ.സി.ബി.സി.ഡിസംബറിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിലും വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കന്മാർ പങ്കെടുത്തിരുന്നു. എന്നാൽ അതിനെ വിമർശിച്ചു മുൻ മന്ത്രി കെ.ടി. ജലീലും രംഗത്തുവന്നു. ഭരണകക്ഷി നേതാക്കന്മാർ രാഷ്ട്രീയ ശത്രുതയോടെ പ്രതികരിക്കുമ്പോൾ ഉപയോഗിക്കുന്ന പദങ്ങളിൽ സാമ്യം പ്രകടമാണ്. ഒരു പ്രത്യേക നിഘണ്ടു ഇതിനായി ഇവർക്കുണ്ടെന്നു സംശയം ജനിപ്പിക്കുന്ന രീതിയിലാണ് അത്തരം പദപ്രയോഗങ്ങളെന്നും സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയിൽ നിന്ന് മോശമായ പദങ്ങളുപയോഗിച്ചുള്ള പ്രതികരണരീതി സാംസ്കാരിക കേരളം പ്രതീക്ഷിക്കുന്നില്ലെന്നും, മണിപ്പൂർ വിഷയുമായി ബന്ധപ്പെട്ടു കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും സഭാ മേലധ്യക്ഷന്മാർ ഗൗരവത്തോടെ തന്നെ ഉത്തരവാദിത്തപ്പെട്ടവരോട് നേരത്തെ സംസാരിച്ചിട്ടുള്ളതാണെന്നും.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായ ഇത്തരം സംഗമങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും രാഷ്ട്രീയലക്ഷ്യത്തോടെ വിമർശിക്കുന്നതും ഉചിതമല്ലെന്നും കെ.സി.ബി.സി. ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.