ആർദ്രതയും സംരക്ഷണവും (ലൂക്കാ 2:22-40)
വരാനിരിക്കുന്ന നല്ല ദിനങ്ങളെ കുറിച്ചും അനിവാര്യമായ നൊമ്പരങ്ങളെ കുറിച്ചുമെല്ലാം ആ ദമ്പതികൾക്ക് അവർ ദൈവികമായ പദാവലിയൊരുക്കുന്നു...
തിരുക്കുടുംബത്തിന്റെ തിരുനാൾ
“ബെത്” എന്നാണ് ഹീബ്രു ഭാഷയിൽ ഭവനത്തിനെ വിളിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരത്തെയും “ബെത്” എന്ന് തന്നെയാണ് വിളിക്കുന്നത്. “ബെത്” എന്ന ഈ ലിപി സൽക്കാരത്തിന്റെയും സ്ത്രൈണതയുടെയും പ്രതീകമാണെന്നാണ് പണ്ഡിതമതം. (ആദ്യ ലിപിയായ “ആലെഫ്” ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതീകമാണ്) “ബെത്” എന്ന പദവും “ബെത്” എന്ന ലിപിയും അമ്മയെന്ന സങ്കല്പത്തിന്റെ രൂപകമാണ്. അമ്മയുള്ള ഇടം അത് “ബെത്” ആണ്. വീടാണ്. അതെ, അമ്മയുള്ള ഇടത്തിൽ ആർദ്രത കൂടൊരുക്കും, ആ ഇടമാണ് ഭവനം. അപ്പോൾ കുടുംബമോ? കുടുംബത്തിനെ ഹീബ്രു ഭാഷയിൽ വിളിക്കുന്നത് “ബെത് ആബ്” എന്നാണ്. വാചികമായി ഈ പദത്തെ പിതാവിന്റെ ഭവനം എന്ന് വിവർത്തനം ചെയ്യാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ മാതാവിന്റെ ആർദ്രതയും പിതാവിന്റെ സംരക്ഷണവുമുള്ള ഒരു ഇടത്തെ കുടുംബം എന്ന് വിളിക്കാം.
ഇനി നമുക്ക് സുവിശേഷത്തിലേക്ക് വരാം. മറിയവും ജോസഫും അവരുടെ കടിഞ്ഞൂൽ പുത്രനുമായി ദേവാലയത്തിൽ… യുവദമ്പതികൾ ലളിതമായ ബലിവസ്തുക്കളുമായി ബലിവേദിക്കരികിൽ… പക്ഷേ അവർക്ക് അർപ്പിക്കാനുള്ളത് ആ ബലിവസ്തുക്കളല്ല. അവരുടെ നവജാത ശിശുവിനെയാണ്. വിശാലമാണ് ദേവാലയ പരിസരം. ഒത്തിരി ജനങ്ങൾ ആരാധനയ്ക്കായി വരുന്നയിടം. അറിയില്ല എവിടെ നിന്നോ വന്ന ഒരു വൃദ്ധനും വൃദ്ധയും ആ ദമ്പതികളുടെ കുഞ്ഞിനെ തിരിച്ചറിഞ്ഞിരിക്കുന്നു. അവർ ആ കുഞ്ഞിനെ കൈകളിലെടുക്കുന്നു. താലോലിക്കുന്നു. അവരുടെ ഉള്ളിലെ ദൈവീക ചൈതന്യം മുഴുവനും ആ കുഞ്ഞിനും മാതാപിതാക്കൾക്കും പകർന്നു നൽകുന്നു. വരാനിരിക്കുന്ന നല്ല ദിനങ്ങളെ കുറിച്ചും അനിവാര്യമായ നൊമ്പരങ്ങളെ കുറിച്ചുമെല്ലാം ആ ദമ്പതികൾക്ക് അവർ ദൈവികമായ പദാവലിയൊരുക്കുന്നു. ഇപ്പോഴാണ് കുടുംബത്തിന്റെ ചിത്രം പൂർണമാകുന്നത്. മാതാവും പിതാവും മക്കളും എന്ന ചിത്രത്തിനുള്ളിൽ നീതിമാനും ദൈവഭക്തനുമായ ഒരു അപ്പൂപ്പനും പ്രാർത്ഥനാമന്ത്രണങ്ങളിൽ മനസ്സുറപ്പിച്ച ഒരു അമ്മൂമ്മയും. ഈ ചിത്രത്തിന് പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നതോ ദൈവകരുണയുടെ പര്യായമായ ദേവാലയവും.
വരികളുടെയിടയിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രം കൂടി ഇവിടെയുണ്ട്. അതാണ് പരിശുദ്ധാത്മാവ്. വൃദ്ധരായ ശിമയോനും അന്നയോടും ചേർത്താണ് സുവിശേഷകൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ ചിത്രീകരിക്കുന്നത്. ആത്മാവ് അവരെ നയിക്കുന്നു. അവരുടെ ജീവിത ചാരിതാർത്ഥ്യത്തെ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തൽ ഏറ്റവും സുന്ദരവുമാണ്; “കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല”. പ്രതീക്ഷയാണ്, പ്രത്യാശയാണ് ഈ വെളിപ്പെടുത്തൽ. വിശുദ്ധ ഗ്രന്ഥം നമുക്കോരോരുത്തർക്കായി കരുതിവച്ചിരിക്കുന്ന ആശ്വാസമാണിത്. അതെ, കർത്താവിന്റെ അഭിഷിക്തനെ കാണാതെ നീ മരിക്കില്ല. ദൈവത്തിന്റെ ഇടപെടൽ ഒന്നുമില്ലാതെ നിന്റെ ജീവിതം അങ്ങ് അവസാനിക്കുമെന്ന് കരുതരുത്. ഒരു കണ്ടുമുട്ടൽ, ഒരു മറുപടി, ഒരു പ്രകാശം നിന്റെ ജീവിതത്തിലേക്കും കടന്നു വരും. സ്നേഹത്തിനുള്ളിലെ ഊർജ്ജമായി, കനിവിനുള്ളിലെ തുടിപ്പായി, നൊമ്പരത്തിനുള്ളിലെ കൈത്താങ്ങായി കർത്താവ് നിന്റെ ജീവിതത്തിലേക്ക് വരും. ഒരു കൈകുഞ്ഞിന്റെ രൂപത്തിലെങ്കിലും നിന്റെ ജീവിതത്തിലേക്ക് അവൻ കടന്നു വരും. നിനക്കു വേണ്ടി നിലകൊള്ളുന്ന ദൈവം ഒരു അനുഭവമായി മാറാതെ നീ മരണം ദർശിക്കുകയില്ല. ഇനി നമ്മൾ പ്രാർത്ഥിക്കേണ്ടത് ആ ദൈവ സാന്നിധ്യത്തെ തിരിച്ചറിയാനുള്ള നേത്രങ്ങൾക്ക് വേണ്ടിയാണ്. ആ ദൈവീക സാന്നിധ്യം നിന്റെ അരികിലുണ്ട്, നിന്റെ ജീവിത പരിസരത്തിലുണ്ട്, അതിലുപരി നിന്റെ കുടുംബത്തിലുണ്ട്.
കർത്താവിന്റെ അഭിഷിക്തനെ തിരിച്ചറിഞ്ഞ ശിമയോൻ പിന്നീട് ഒരു കീർത്തനമാലപിക്കുന്നുണ്ട്. അവൻ പാടുന്നു സകലരുടെ രക്ഷയും വെളിപാടിന്റെ പ്രകാശവും കണ്ടുവെന്ന്. ശിശുവായ യേശുവിനെ കണ്ടതിനുശേഷമാണ് അവൻ ഇങ്ങനെ പ്രഘോഷിക്കുന്നത്. വ്യക്തികളിൽ വെളിച്ചം ദർശിക്കാൻ സാധിക്കുക ദൈവികമായ ഉണർവുള്ളവർക്ക് മാത്രം പറ്റുന്ന കാര്യമാണ്. ദൈവിക സാന്നിധ്യം തിരിച്ചറിയുക അതാണ് രക്ഷ. ആ പ്രകാശത്തെ ഒരു കൈക്കുഞ്ഞിൽ തിരിച്ചറിയുന്ന ശിമയോന്മാരുടെ സാന്നിധ്യങ്ങൾ നമ്മുടെ ഭവനങ്ങളിൽ ഉണ്ടെങ്കിൽ മാത്രമേ കുടുംബം എന്ന യാഥാർത്ഥ്യത്തിന് ദൈവീക പരിവേഷം കിട്ടു. കാരണം ദൈവിക പ്രകാശത്തെ ശേഖരിച്ചു നിർത്തുന്ന ഭൂമിയിലെ ഏക ഇടം കുടുംബം മാത്രമാണ്. വചനഭാഗം അവസാനിക്കുന്നത് ശ്രദ്ധിക്കുക. കുടുംബത്തിന്റെ പ്രകാശ പൂർണ്ണതയിലാണ് യേശു ജ്ഞാനം നിറഞ്ഞ് ശക്തനാകുന്നത്. ദൈവത്തിന്റെ കൃപ അവൻ കൂടുതലും അനുഭവിച്ചത് മാതൃത്വത്തിന്റെ ആർദ്രതയിലും പിതൃസഹജമായ സംരക്ഷണയിലുമാണ്. ആഘോഷിക്കേണ്ട, അതിലുപരി സംരക്ഷിക്കേണ്ട, ഒരു വിശുദ്ധ യാഥാർത്ഥ്യമാണ് കുടുംബം. അപരിമേയമായ ദൈവസ്നേഹത്തെ തൊട്ടറിയാൻ സാധിക്കുന്ന ഏക ഇടം കുടുംബം മാത്രമാണ്. അതിന്റെ വിശുദ്ധിയെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതു മാത്രമാണ് ഇന്നിന്റെ ഏക ദുരന്തവും.