Articles

സകല വിശുദ്ധരുടെയും തിരുനാള്‍ വിഗ്രഹാരാധനയോ?

ജോസ് മാർട്ടിൻ

ഇന്ന് നവംബർ ഒന്ന്. കത്തോലിക്കാ സഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുന്നു.

പ്രൊട്ടസ്റ്റ്ന്റ് പെന്തക്കോസ്താ സഭകൾ നമ്മൾ വിശുദ്ധരെ വണങ്ങുന്നത് തിരുവചനങ്ങളുമായി ബന്ധപ്പെടുത്തി വിഗ്രഹാരാധനയായി ചിത്രീകരിക്കാറുണ്ട്. പ്രൊട്ടസ്റ്റ്ന്റ് സഭകൾ പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാള്‍ വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്.

വിശുദ്ധര്‍ക്ക് നമ്മുടെ ജീവിതങ്ങളില്‍ സ്ഥാനമുണ്ടെന്നും അവര്‍ നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം, നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ഒന്നായിരിക്കുന്നു. ക്രിസ്തുവിനോട് അടുത്തിരിക്കുന്ന വിശുദ്ധര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് വേണ്ടി മധ്യസ്ഥത നടത്താന്‍ എളുപ്പം സാധിക്കും. വിശുദ്ധരെ ഓര്‍മ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും നല്ല കാര്യമാണ്. പക്ഷേ ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധര്‍ക്കു നല്‍കിയാല്‍ അത് വിഗ്രഹാരാധനയാകും.

കത്തോലിക്കാ സഭ, ദൈവത്തിന് മാത്രം നല്‍കുന്ന ആരാധന ലാത്രിയും (latria), വിശുദ്ധര്‍ക്കു നല്‍കുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേര്‍തിരിച്ചു പഠിപ്പിക്കുന്നുണ്ടെങ്കിലും നമ്മളിൽ ചിലരെങ്കിലും അറിഞ്ഞോ, അറിയാതെയോ ദൈവത്തിന് കൊടുക്കേണ്ട സ്ഥാനം വിശുദ്ധൻമാർക്ക് നൽകി വരുന്ന പ്രവണത കൂടിവരുന്നുവെന്ന യാഥാർഥ്യം ഒരിക്കലും തള്ളികളയാനാവില്ല. (ഈ വിഷയത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി ദൈവ ശാസ്ത്ര കമ്മീഷൻ കഴിഞ്ഞ ദിവസങ്ങളിൽ വിശ്വാസികൾക്ക് വ്യക്തമായ നിർദേശങ്ങൾ നൽകി കഴിഞ്ഞു).

എന്താണ് സകല വിശുദ്ധരുടെയും തിരുനാള്‍?

സുവിശേഷത്തിന് ജീവിതം കൊണ്ടു നിറം പകര്‍ന്നവരാണ് കത്തോലിക്കാ സഭയിലെ ഓരോ വിശുദ്ധരും. ആണ്ടുവട്ടത്തില്‍ ഓരോ ദിനങ്ങള്‍ സഭ വിശുദ്ധർക്കായി നിശ്ചയിച്ചട്ടുണ്ടെങ്കിലും, നവംബര്‍ ഒന്നിന് പുണ്യവാന്മാരുടെ ഐക്യം ജീവിച്ചിരിക്കുന്നവരും, മരിച്ചവരും ഒന്നു ചേര്‍ന്നുള്ള ആഘോഷമായി സഭ കൊണ്ടാടുന്നു. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനം പുണ്യവാന്മാരുടെ ഐക്യം (The Communion of Saints) എന്ന സഭാ പ്രബോധനത്തില്‍ അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും, ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവജനം ആത്മീയമായി ബന്ധപ്പെട്ടും, ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്.

ഫ്രാന്‍സീസ് പാപ്പയുടെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമായ Gaudete et exsultate ആനന്ദിച്ചാഹ്ലാദിക്കുവിന്‍ (Rejoice and be Glad ) യില്‍ പറയുന്നതിങ്ങനെ: വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണെന്നും ബാഹ്യ സൗന്ദര്യം മൂലമല്ല സഭ സുന്ദരിയാകുന്നത് മറിച്ചു സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. ഈ വിശുദ്ധി സഭയിലുള്ള എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്നു. വിശുദ്ധിയിലേക്കു വളരാനും വിശുദ്ധരാകാനും ആഗ്രഹമുണ്ടായാല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഓരോ വിശ്വാസിക്കും അര്‍ത്ഥവത്താകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker