Meditation

സഹാനുഭാവത്തിന്റെ സാഹസികത (മത്താ. 20:1-15)

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ

മുന്തിരിത്തോട്ടം – അധ്വാനവും അഭിനിവേശവും പ്രണയവും കവിതയും നിറഞ്ഞുനിൽക്കുന്ന ഒരിടം. കാവ്യാത്മകതയാണ് അതിന്റെ തനിമ. കവിതയില്ലാതെ മുന്തിരിത്തോട്ടത്തെയും വീഞ്ഞിനെയും സങ്കൽപ്പിക്കാൻ സാധിക്കുമോ? ഇല്ല. നമ്മളാണ് ദൈവത്തിന്റെ മുന്തിരിത്തോട്ടം. അമൂല്യമാണ് ആ തോട്ടം. കാരണം, അത് സ്നേഹമാണ്. എന്തു വില കൊടുത്തും, ഏത് നേരവും അതിനെ പരിചരിക്കണം. അതുകൊണ്ടാണ് പുലർച്ചെ വീടുവിട്ടിറങ്ങുന്ന ഉടമസ്ഥനെ സാദൃശ്യവൽക്കരിച്ചുകൊണ്ട് ദൈവരാജ്യത്തിന്റെ ഒരുപമ യേശു പറയുന്നത്. ജോലിക്കാരെ തേടി പകലിന്റെ വെളിച്ചത്തിൽ ഗ്രാമംതോറും ചുറ്റുന്ന ഒരു ഉടമസ്ഥൻ. ഓരോ രണ്ടു മണിക്കൂറിലും നാല് തവണയാണ് അയാൾ വീടുവിട്ടിറങ്ങുന്നത്.

മുന്തിരിത്തോട്ടത്തിന്റെ പരിചരണം. അത് മാത്രമാണ് അയാൾക്ക് വേണ്ടത്. അതുകൊണ്ടാണ് പകലിന്റെ അവസാന മണിക്കൂറിലും അയാൾ ജോലിക്കാരെ തേടി ഇറങ്ങുന്നത്. ലാഭം അയാൾ നോക്കുന്നില്ല. ഒപ്പം അലസത അയാൾ അംഗീകരിക്കുന്നുമില്ല. ഒരു മണിക്കൂറെങ്കിൽ ഒരു മണിക്കൂർ ജോലി ചെയ്യാൻ മനസ്സുണ്ടാവുക. അതാണ് അന്തസ്സ്. ആ അന്തസ്സിനാണ് അയാൾ പ്രതിഫലം നൽകുന്നത്.

പ്രതിഫലമാണ് ഉപമയുടെ കാതൽ. അവസാനം വന്നവർക്കാണ് ആദ്യം പ്രതിഫലം നൽകുന്നത്. പന്ത്രണ്ട് മണിക്കൂറത്തെ ശമ്പളമാണ് ഒരു മണിക്കൂർ ജോലിക്ക് കൊടുത്തിരിക്കുന്നത്. യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണിത്. അത് പ്രതിഫലമാണോ? അല്ല, അത് സമ്മാനമാണ്. എല്ലാ ചൂടും സഹിച്ച് പകൽ മുഴുവനും ജോലി ചെയ്തവർ എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ പ്രതീക്ഷിക്കുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇവിടെയാണ് ഉപമ വീണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നത്. “സ്നേഹിതാ, ഞാൻ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല” എന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്. ഒരു കാര്യം ഓർക്കണം, ആദ്യം വന്നവരിൽ നിന്നും അയാൾ ഒന്നും എടുത്തു മാറ്റുന്നില്ല, അവസാനം വന്നവർക്ക് ഇത്തിരി കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്യുന്നത്. അതിനെ അനീതി എന്ന് പറയാൻ പറ്റില്ല. അത് ഉടമസ്ഥന്റെ ഔദാര്യമാണ്. ജീവിതത്തെ വാണിജ്യ സംസ്കാരത്തോട് ചേർത്തുവയ്ക്കുന്നവർക്ക് അയാളുടെ യുക്തി മനസ്സിലാകണമെന്നില്ല. എല്ലാ വിപണനങ്ങൾക്കും സമ്പ്രദായങ്ങൾക്കും മുകളിലാണ് ഓരോ വ്യക്തിയുടെയും അന്തസ്സ്. ജോലി ചെയ്ത സമയമല്ല വീട്ടുടമസ്ഥൻ കണക്കിലെടുത്തത്, ജോലിക്കാരന്റെ ജീവനം മാത്രമാണ്.

സഹാനുഭാവത്തിന്റെ സാഹസികതയിലേക്കാണ് ഉപമ നമ്മെ നയിക്കുന്നത്. ആരുടെയും ഉപജീവനത്തെ അവഗണിക്കാത്ത ഒരു സമ്പദ്‌വ്യവസ്ഥ സുവിശേഷം സ്വപ്നം കാണുന്നുണ്ട്. ദുർബലമായ കണ്ണികളെ ചേർത്തുനിർത്തുന്ന സോളിഡാരിറ്റിയാണ് അത്. ഏത് അലസതയെയും ഒറ്റപ്പെടലിനെയും മുന്തിരിത്തോട്ടത്തിലെ ജോലികൾ കൊണ്ട് അതിജീവിക്കാൻ സാധിക്കും എന്ന ചിന്ത സുവിശേഷം പകർന്നു നൽകുന്നുണ്ട്. ആ തോട്ടത്തിലേക്ക് നമ്മെ വിളിക്കുന്നവൻ ഒരനീതിയും ആരോടും കാണിക്കുന്നില്ല. മറിച്ച് നീതിയെ കാരുണ്യംകൊണ്ട് പൊതിഞ്ഞ് സുഗന്ധപൂർണ്ണമാക്കുക മാത്രമാണ് ചെയ്യുന്നത്.

ഇതാണ് യേശു അവതരിപ്പിക്കുന്ന ദൈവത്തിന്റെ പ്രത്യേകത. അപ്രതീക്ഷിതമായ അനുഗ്രഹമാണ് അവസാനം വന്ന ആ തൊഴിലാളികൾക്ക് ആ ദൈവം. മനുഷ്യനീതി എന്നത് ഓരോരുത്തർക്കും അർഹമായത് നൽകുക എന്നതാണെങ്കിൽ, ദൈവനീതി എന്നത് ഓരോരുത്തർക്കും മികച്ചത് നൽകുക എന്നതാണ്. ഒരു തൊഴിലുടമയോ സംരംഭകനോ ഇങ്ങനെ ചെയ്യില്ല എന്ന കാര്യം നമുക്കറിയാം. പക്ഷേ ദൈവം അങ്ങനെയല്ല. അവൻ യോഗ്യതകൾ നോക്കുന്നവനല്ല. അവൻ കൂട്ടലും കിഴിക്കലും അറിയാത്ത ഒരു ദായകനാണ്. അവനറിയാവുന്നത് ആശ്ചര്യങ്ങൾ കൊണ്ട് നമ്മെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.

അപ്പോൾ, രാവിലെ മുതൽ ജോലി ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലേ? പകലിന്റെ അധ്വാനവും ചൂടും സഹിച്ചവർക്ക് എന്ത് നന്മയാണ് പ്രതിഫലമായുള്ളത്? പ്രയോജനത്തെക്കാളും പ്രതിഫലത്തേക്കാളും ഉപരി മുന്തിരിത്തോട്ടത്തെ കൂടുതൽ മനോഹരമാക്കാൻ സാധിച്ചതിനെയോർത്ത് അവർക്ക് അഭിമാനിക്കാം. വഴിയരികിലെ അലസമായ ജീവിതത്തേക്കാൾ മുന്തിരിത്തോട്ടം അവർക്ക് പകർന്നു കൊടുത്ത അന്തസ്സിനെ ഒരു മുദ്രയായി ഹൃദയത്തിൽ ചേർത്തുവയ്ക്കാം. അത് കാലത്തിന്റെ യവനികയ്ക്കുള്ളിൽ നിത്യതയുടെ ചെരാതായി അവരെ വഴിനടത്തും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker