ആലപ്പുഴയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് ഇന്ന് സമാപനം
ആഘോഷമായ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടാകും...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തത്തംപള്ളി വേളാങ്കണ്ണിമാതാ പള്ളിയിൽ സെപ്റ്റംബർ നാലിന് ആരംഭിച്ച പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ തിരുനാളിന് ഇന്ന് സമാപനമാവും. സെപ്റ്റംബർ എട്ട് വൈകിട്ട് നാലിനുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ക്രിസ്റ്റഫർ എം. അർത്ഥശ്ശേരിൽ മുഖ്യകർമികത്വവും ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ വചനസന്ദേശവും നൽകും. ഫാ. തോബിയാസ് തെക്കെപാലയ്ക്കൽ, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ, ഫാ. സോളമൻ അരേശ്ശേരിൽ എന്നിവർ സഹകാർമികരാകും. തുടർന്ന്, ആഘോഷമായ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും ഉണ്ടാകും.
ഇടവക വികാരി ഫാ. ജോബിൻ ജോസഫ് പനയ്ക്കലിന്റെ സാന്നിധ്യത്തിൽ ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിലായിരുന്നു തിരുനാൾ കൊടി ആശീർവദിച്ചുയർത്തിയത്. തുടർന്ന്, നടന്ന ദിവ്യബലിയിൽ മോൺ. ജോയ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കുകയും, ഫാ. ഡാർവിൻ ഇരേശ്ശേരിൽ വചനസന്ദേശം നൽകുകയും ചെയ്തിരുന്നു.
തിരുനാൾ ദിനങ്ങളായ സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച ദിവ്യബലിയിൽ ഫാ ആന്റണി കട്ടിക്കാട് മുഖ്യകർമികത്വവും ഫാ. ക്ലീറ്റസ് കാരക്കാട്ട് വചനസന്ദേശവും നൽകി. ആറാം തീയതി ബുധനാഴ്ച ദിവ്യബലിയിൽ ഫാ. ജോൺ ബ്രിട്ടോ ഒ.എഫ്.എം. മുഖ്യകർമികത്വവും ഫാ. സെലസ്റ്റിൻ പുത്തൻപുരക്കൽ വചനസന്ദേശം നൽകി. ഇന്നലെ, ഏഴാം തീയതി വൈകിട്ട് സീറോ മലബാർ ക്രമത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഫാ. തോമസ് രാജേഷ് മാളിയേക്കൽ മുഖ്യകർമികത്വവും ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ വചനസന്ദേശവും നൽകിയിരുന്നു.
തിരുനാൾ പ്രസുദേന്തിമാർക്ക് ഇത്തവണ സമ്മാനമായി നൽകുന്നത് ആദ്ധ്യാത്മിക പുസ്തകങ്ങൾ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.