Kerala

കടലിൽ കാണാതായവരെ കണ്ടെത്താൻ ലത്തീൻ രൂപത ഹൈക്കോടതിയിലേക്ക്

കടലിൽ കാണാതായവരെ കണ്ടെത്താൻ ലത്തീൻ രൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ലത്തീൻ അതിരൂപത ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും. ഇതു സംബന്ധിച്ചുള്ള നടപടികൾ മൂന്നു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നു വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നു കാണാതായവരുടെ ബന്ധുക്കളിൽ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതിനു പുറമെയാണ് അതിരൂപതാ നേതൃത്വവും ഹൈക്കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നു കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ തിരുവനന്തപുരം അതിരൂപത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്തുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള നടപടികൾ തൃപ്തികരമല്ലെന്നാണ് അതിരൂപതയുടെ നിലപാട്. ദുരന്തത്തിൽപെട്ട മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ അയൽരാജ്യങ്ങൾക്കു കൂടി കൈമാറി രാജ്യാന്തര തലത്തിലുള്ള അന്വേഷണം വേണമെന്നു സഭ ആവശ്യപ്പെട്ടിരുന്നു.

ചുഴലിക്കാറ്റിൽപെട്ടു മത്സ്യത്തൊഴിലാളികൾ മറ്റുള്ള രാജ്യങ്ങളിലെത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്ക തുടരുകയാണ്. പുറമെ അനവധി വലിയ ബോട്ടുകളും അപകടത്തിൽപെട്ടിട്ടുണ്ട്. അതിരൂപത വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണു കാണാതായത്.

ഇതിൽ 94 പേർ നാട്ടിൽ നിന്നും 147 മത്സ്യത്തൊഴിലാളികൾ മറ്റു പല സ്ഥലങ്ങളിൽ നിന്നുമായി മത്സ്യബന്ധനത്തിനു പോയവരാണ്. കാണാതായവരിൽ 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നായി 24 മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഇതെല്ലാം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് അതിരൂപതാ നേതൃത്വത്തിന്റെ പരാതി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker