Meditation

4rth Sunday_Lent_ആത്മീയാന്ധത (യോഹ 9:1-41)

അയാൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു സ്വതന്ത്രരായ മനുഷ്യരെയാണ് ദൈവം തേടുന്നതെന്ന്...

തപസ്സുകാലം നാലാം ഞായർ

“അവൻ കടന്നുപോകുമ്പോൾ, ജന്മനാ അന്ധനായ ഒരുവനെ കണ്ടു” (v.1). നഗരം നിരസിച്ചവനെ, വരിയിലെ അവസാനത്തവനെ, ആരും കാണാത്തവനെ, അന്ധനായ ആ യാചകനെ യേശു കാണുന്നു. എല്ലാവരും അയാളെ കടന്നു പോകുന്നു, പക്ഷേ യേശു പോകുന്നില്ല. ആരും വിളിക്കാതെ, ഒന്നും ചോദിക്കാതെ അവൻ അവിടെ നിൽക്കുന്നു. അവന് മറ്റൊരു ലക്ഷ്യമില്ല. തന്റെ മുന്നിൽ വരുന്ന എല്ലാവരും അവന്റെ ലക്ഷ്യമാണ്. ഇത് വലിയൊരു ആശ്വാസമാണ്. അവൻ ആരെയും അവഗണിക്കുന്നില്ല. ആരുടെയും പാപത്തിലുമല്ല അവന്റെ നോട്ടം പതിയുന്നത്, നമ്മൾ അനുഭവിക്കുന്ന നൊമ്പരത്തിന്മേലാണ്.

ആരുടെ പാപം നിമിത്തമാണ് ആ യാചകൻ ജന്മനാ അന്ധനായത് എന്ന ചോദ്യത്തിനാണ് വർഷങ്ങളായി യേശുവിനോടൊപ്പം നടക്കുന്ന ശിഷ്യന്മാരും അവനെ കല്ലെറിയാൻ തക്കം പാർത്തിരിക്കുന്ന ഫരിസേയരും തേടുന്ന ഉത്തരം. അന്ധതയെ ന്യായീകരിക്കാനാണ് അവർ പാപത്തെ അന്വേഷിക്കുന്നത്. യേശു ആരെയും വിധിക്കുന്നില്ല. ആ യാചകനരികിലേക്ക് നടന്നു ചെല്ലുന്നു. അയാൾ അവനോട് ഒന്നും ചോദിച്ചിട്ടില്ല എന്ന കാര്യം ഓർക്കണം. അവൻ തന്റെ ഉമിനീർ കൊണ്ട് ചെളിയുണ്ടാക്കി അയാളുടെ കൺപോളകളിൽ പൂശുന്നു.

മണ്ണിനാൽ സ്വയം മലിനമാക്കിയ ദൈവമാണ് യേശു. അതുപോലെതന്നെ സ്വർഗ്ഗത്താൽ കീഴടക്കപ്പെട്ട മനുഷ്യനും കൂടിയാണവൻ. അവനെപ്പോലെ ഈ മണ്ണിലേക്ക് വരുന്ന ഓരോരുത്തരിലും മണ്ണിന്റെയും സ്വർഗ്ഗത്തിന്റെയും തനിമകളുണ്ട്. സ്വർഗ്ഗീയ നാളമുള്ള കളിമൺ വിളക്കുകളാണ് നമ്മൾ.

“നീ പോയി സീലോഹാ കുളത്തിൽ കഴുകുക” (v.7). ആ അന്ധയാചകൻ തന്റെ വടിയിലും അപരിചിതന്റെ വാക്കിലും ആശ്രയിക്കുന്നു. അത്ഭുതം ഇതുവരെയും സംഭവിച്ചിട്ടില്ല. ചുറ്റിലും ഇരുട്ട് മാത്രമാണ്. എന്നിട്ടും അയാൾ വിശ്വസിക്കുന്നു. അയാൾ കുളത്തിൽ പോയി കാഴ്ചയുള്ളവനായി തിരികെ വന്നിരിക്കുന്നു. താങ്ങാൻ ഇനി ഒരു വടിയുടെ ആവശ്യമില്ല. കരുണയ്ക്കായി അയാൾ ഇനി യാചിക്കുകയുമില്ല. അയാൾ സൂര്യന് നേരെ മുഖമുയർത്തി സ്വതന്ത്രനായി നടക്കുന്നു. അയാളിതാ, പ്രകാശത്തിന്റെയും പകലിന്റെയും മകനായിരിക്കുന്നു (1തെസ 5:5).

രണ്ടാമത്തെ തവണയാണ് യേശു സാബത്തിൽ സുഖപ്പെടുത്തുന്നത്. സന്തോഷത്തിനു പകരം അനന്തമായ ഏതോ ദുഃഖമാണ് അവിടെ കടന്നുവരുന്നത്. ഫരിസേയർക്ക് വ്യക്തികളിൽ താൽപര്യമില്ല, നിയമം മതി. അന്ധനായ യാചകന്റെ കണ്ണുകളിൽ തിരിച്ചെത്തിയ തിളക്കത്തിനോടല്ല, ഏടുകളിലെ കറുത്ത പാഠങ്ങളോടാണ് അവർക്ക് പ്രിയം. ഇതാ, ദൈവദൂഷണത്തിന്റെ പേരിൽ ഒരുവനെ വിചാരണ ചെയ്യാൻ അവർക്ക് അവസരം കിട്ടിയിരിക്കുന്നു. അത്ഭുതകരമായ സൗഖ്യത്തിൽ നിന്നും അയാളെ അവർ കുറ്റാരോപിതനാക്കി മാറ്റുന്നു.

എന്നിട്ടും അയാൾക്ക് പറയാനുള്ളത് സ്നേഹനിർഭരനായ ദൈവത്തെ കുറിച്ചാണ്. അനുഭവമാണ് അതിന് അയാളെ പ്രാപ്തനാക്കുന്നത്. അയാൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു സ്വതന്ത്രരായ മനുഷ്യരെയാണ് ദൈവം തേടുന്നതെന്ന്. ആ സ്വാതന്ത്ര്യമാണ് അവൻ ഫരിസേയരുടെ മുമ്പിൽ പ്രഘോഷിക്കുന്നത്. നിയമങ്ങൾക്കുള്ളിൽ ദൈവത്തെ ചുരുക്കിയവർക്ക് അയാളുടെ സാക്ഷ്യം മനസ്സിലാകുകയില്ല. ആ നിയമത്തെയാണ് സാബത്തിൽ സൗഖ്യം നൽകുന്നതിലൂടെ യേശു അട്ടിമറിക്കുന്നത്. ആ നിയമത്തിൽ ഉണ്ടായിരുന്ന ചില വിള്ളലുകളെ അവൻ തുന്നിക്കൂട്ടുവാൻ ശ്രമിക്കുകയാണ്. അങ്ങനെ അവൻ ജീവന്റെ ദൈവത്തെയും നിയമത്തിന്റെ ദൈവത്തെയും ഒന്നിപ്പിക്കുന്നു. അവൻ അങ്ങനെ ചെയ്തത് ദൈവത്തെയോ നിയമത്തെയോ കേന്ദ്രമാക്കിയല്ല, മനുഷ്യനെ കേന്ദ്രമാക്കിയാണ്. കണ്ണുകളിലും ഹൃദയത്തിലും പ്രകാശമുള്ള മനുഷ്യനാണ് ദൈവത്തിന്റെയും സകല നിയമത്തിന്റെയും മഹത്വം.

മതാത്മകതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവർ പറയുന്ന ഒരു കാര്യമുണ്ട്; ദൈവമഹത്വം എന്നത് കൽപ്പനകളോടുള്ള അനുസരണവും പാപങ്ങളുടെ പ്രായശ്ചിത്തവുമാണെന്ന്. എന്നാൽ അങ്ങനെയല്ല. എഴുന്നേറ്റു നിൽക്കുന്ന ഓരോ യാചകനുമാണ് ദൈവത്തിന്റെ മഹത്വം. കണ്ണുകളിൽ പ്രകാശമുള്ള ഓരോ മനുഷ്യനുമാണ് ദൈവത്തിന്റെ മഹത്വം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker