Meditation

അപ്പം, വിനോദം, നേതാവ് (മത്താ 4:1-11)

വിശ്വാസം എന്ന പേരിൽ സ്വന്തം കാരിക്കേച്ചർ ഉണ്ടാക്കി ദൈവത്തെ അടിമയാക്കാനുള്ള ശ്രമമാണ്...

തപസ്സുകാലം ഒന്നാം ഞായർ

കൃപയുടെ കാലമാണ് തപസ്സുകാലം. നിലത്തു വീഴുന്ന ഗോതമ്പുമണിക്ക് തളിരായി കിളിർക്കുന്നതിന് ഒരു നിശ്ചിത സമയം വേണ്ടിവരും. അത് അഴുകലിന്റെ സമയമാണ്. ഉള്ളിലെ ജൈവികതയെ മുഴുവനും പുറത്തേക്ക് കൊണ്ടുവരുന്ന കഠിനസമയമാണത്. അതുപോലെയുള്ള ഒരു സമയമാണ് കത്തോലിക്കരെ സംബന്ധിച്ച് തപസ്സുകാലം. ഉത്ഥാനത്തിന്റെ വസന്തത്തിലേക്ക് പൊട്ടിമുളക്കാനുള്ള അഴുകലിന്റെ കാലയളവ്. ലാളിത്യമാണ് അതിന്റെ മുഖമുദ്ര. പുതുമയാണ് അതിന്റെ ലക്ഷ്യം. മനസ്സലിവാണ് അതിന്റെ ജീവിതശൈലി.

“ഈ കല്ലുകളോട് അപ്പമാകാൻ പറയൂ!” കൽപ്പിക്കുന്നത് പ്രലോഭകനാണ്. അപ്പം നല്ലതാണ്. അനിഷേധ്യമായ ഒരു മൂല്യമാണ്. വിശുദ്ധമാണ്. പവിത്രമായ നമ്മുടെ ജീവനെ സംരക്ഷിക്കുന്നതും അതാണ്. അപ്പത്തിന് എന്താണ് കുഴപ്പം? ഒരു കുഴപ്പവുമില്ല. പക്ഷേ സ്വന്തം നേട്ടത്തിനായി അത് അന്വേഷിക്കുമ്പോൾ അത് വിശുദ്ധമാകണമെന്നില്ല. യേശു ഒരിക്കലും സ്വന്തം നേട്ടത്തിനായി അപ്പം അന്വേഷിച്ചിട്ടില്ല. ഒരു അത്ഭുതവും തന്റെ വിശപ്പ് മാറ്റുന്നതിനായി അവൻ പ്രവർത്തിച്ചിട്ടുമില്ല. ദൈവം നൽകിയ കഴിവുകളെ സ്വന്തം നേട്ടത്തിനല്ല ഉപയോഗിക്കേണ്ടത്, മറ്റുള്ളവരുടെ വിശപ്പ് ശമിപ്പിക്കുന്നതിനായിരിക്കണം. ഓർക്കണം, കല്ലിനെ അപ്പമാക്കാതിരുന്നവനാണ് പിന്നീട് അഞ്ച് അപ്പത്തെ 5000 പേർക്കായി വിഭജിച്ചതും എന്ന കാര്യം. അപ്പോഴും അവൻ ഒരു കാര്യം പറയുന്നുണ്ട് അപ്പം കൊണ്ടു മാത്രമല്ല നമ്മൾ ജീവിക്കുന്നത്.

ശരിയാണ്, അപ്പമാണ് ജീവൻ നൽകുന്നത്. പക്ഷേ അതിനേക്കാൾ വലിയതുമുണ്ട് എന്ന കാര്യം ഓർക്കണം. അത് ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുമാണ്. ആ വാക്ക് വചനമാണ്, പ്രപഞ്ചമാണ്, സൃഷ്ടിയാണ്, സഹോദരരാണ്, സൗഹൃദമാണ്, നീയാണ്, നിന്റെ സ്നേഹമാണ്. ഇവയെ അവഗണിച്ച് സ്വന്തം വിശപ്പിന് മാത്രം നമ്മൾ പ്രാധാന്യം കൊടുക്കണമോ?

ദേവാലയത്തിന്റെ അഗ്രത്തിൽ നിന്നും ചാടുവാനാണ് പ്രലോഭകൻ യേശുവിനോട് പിന്നീട് പറയുന്നത്. അപ്പോൾ ദൈവം തന്റെ ദൂതന്മാരെ അയച്ചു താങ്ങിക്കൊള്ളുമത്രേ. വളരെ വ്യക്തമാണ് യേശുവിന്റെ മറുപടി; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്”. ദൈവത്തെ ഒരു അടിമയാക്കി മാറ്റാനാണ് പ്രലോഭകൻ പറയുന്നത്. ഞാൻ ചാടും, ദൈവം എന്നെ താങ്ങണം. ഞാൻ വിളിക്കും, അവൻ എന്റെയടുത്ത് ഓടി വരണം. സർക്കസ് കൂടാരത്തിലെ മൃഗങ്ങളെപ്പോലെ ഞാൻ പറയുന്നതെല്ലാം ദൈവം അനുസരിക്കണം. നമ്മൾ പോലും അറിയാതെ നമ്മുടെ ആത്മീയ ജീവിതത്തിൽ കടന്നുവരുന്ന വലിയൊരു പ്രലോഭനമാണിത്. ദൈവത്തിൽ അങ്ങേയറ്റം വിശ്വാസമുണ്ടെന്ന് തോന്നുന്ന കാര്യങ്ങളിലൂടെ ചെയ്യുന്ന വിഡ്ഢിത്തരങ്ങളാണിത്. വിശ്വാസമല്ല ഇത്. വിശ്വാസം എന്ന പേരിൽ സ്വന്തം കാരിക്കേച്ചർ ഉണ്ടാക്കി ദൈവത്തെ അടിമയാക്കാനുള്ള ശ്രമമാണ്.

പ്രലോഭകൻ ഒരു സുഹൃത്തിനെ പോലെയാണ് യേശുവിനോട് ഇടപെടുന്നത്. അവന്റെ കൈയിലുമുണ്ട് ഒരു ബൈബിൾ എന്ന കാര്യം ഓർക്കണം. വലിയൊരു അത്ഭുതം ചെയ്യാനാണ് അവൻ യേശുവിനോട് ആവശ്യപ്പെടുന്നത്. ജനങ്ങളെ വിനോദിപ്പിക്കുന്ന അത്ഭുതമാണത്. പക്ഷേ യേശു അത് നിരസിക്കുകയാണ്. വിനോദമല്ല, വിശ്വാസമാണ് അവന് എന്നും പ്രാധാന്യം. അത്ഭുതങ്ങളും അടയാളങ്ങളും ചെയ്താൽ പെട്ടെന്ന് ജനപ്രിയനാകാൻ സാധിക്കും. പക്ഷേ ആ ജനപ്രിയത അവനാഗ്രഹിക്കുന്നില്ല. എപ്പോഴെല്ലാം അവൻ ആരെയെങ്കിലും സുഖപ്പെടുത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അവൻ പറയുന്നുണ്ട് ആരോടും ഒന്നും പറയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്. അവൻ ഒരിക്കലും പോപ്പുലാരിറ്റിയോ വിജയമോ തേടിയിട്ടില്ല, തന്നരികിലേക്ക് വരുന്നവർ സന്തുഷ്ടരായി തിരികെ പോകണമെന്നു മാത്രമാണ്.

പിശാചിനെ ആരാധിക്കുമോ എന്ന പ്രേരണയാണ് മൂന്നാമത്തെ പ്രലോഭനം. മനുഷ്യരുടെ മേലുള്ള അധികാരമാണ് അതിനായി പിശാച് നൽകുന്ന വാഗ്ദാനം. ഒരു നേതാവാകാനാണ് അവൻ യേശുവിനോട് ആവശ്യപ്പെടുന്നത്. സഹജരെ കീഴടക്കി നിർത്തുക എന്നത് ദൈവിക യുക്തിയല്ല, പൈശാചികമാണ്. പ്രലോഭകൻ പറയുന്നു; പിശാചിനെ ആരാധിക്കുക, അവന്റെ യുക്തി സ്വീകരിക്കുക, അവന്റെ രാഷ്ട്രീയം പിന്തുടരുക. എന്നിട്ട് അവൻ ഭരിക്കുന്നത് പോലെ ഭരിക്കുക. അപ്പോൾ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. എങ്ങനെ? അടിച്ചമർത്തലിലൂടെ. ഈ യുക്തിയിൽ കുരിശില്ല, ആർദ്രതയുമില്ല. ഉള്ളത് അധികാരത്തിന്റെ മഹത്വീകരണം മാത്രമാണ്.

കുരിശിനെ പുൽകാൻ വന്നിരിക്കുന്നവന് അധികാരം ഒരു സ്വപ്നമാകുമോ? ഒരിക്കലുമില്ല. അവനെ സംബന്ധിച്ച് എല്ലാ അധികാരവും വിഗ്രഹാരാധനയ്ക്ക് തുല്യമാണ്. തന്റെ കാൽക്കീഴിലായിരിക്കാൻ ഒരു കുഞ്ഞിനെയും അവൻ അനുവദിക്കുന്നില്ല. അവൻ തേടുന്നത് പരസ്പരം സ്നേഹിക്കുന്ന സ്വതന്ത്രരായ മക്കളെയാണ്.

” അപ്പോൾ ദൈവദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു”. സ്വന്തം വിശപ്പിന് മുകളിൽ സഹജരുടെ വിശപ്പിന് പ്രാധാന്യം കൊടുക്കുന്നവരിലേക്ക്, ദൈവത്തെ ഒരു അടിമയാക്കി മാറ്റാത്തവരിലേക്ക്, ആരുടെമേലും ആധിപത്യം സ്ഥാപിക്കാത്തവരിലേക്ക് ദൈവം മാലാഖമാരെ അയയ്ക്കും. അങ്ങനെയുള്ളവർ സഹജരിൽ ദൈവത്തിന്റെ ലാളനയായി മാറും. അവരുടെ കണ്ണുകളിൽ സ്വർഗ്ഗീയ തെളിച്ചമുണ്ടാകും. അവർ ഒരിക്കലും ജീവിതത്തിന്റെ സങ്കീർണ്ണനിമിഷങ്ങളിൽ നിന്നും ഒളിച്ചോടുകയില്ല. അവർ പിശാചിന്റെ ഒരു തന്ത്രങ്ങളിലും വീഴുകയുമില്ല. അവർ മാത്രമേ സഹജർ ഇടറി വീഴുമ്പോഴും തളർന്നിരിക്കുമ്പോഴും താങ്ങായി വരുകയുള്ളൂ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker