Meditation

2nd Sunday_Ordinary Time_Year A_ദൈവത്തിന്റെ കുഞ്ഞാട് (യോഹ.1:29-34)

സ്നേഹിക്കാനുള്ള കഴിവില്ലായ്മയും അടഞ്ഞ മനസ്സും വികല ചിന്തകളും ചത്തതിനൊപ്പമുള്ള ജീവിതവും; ഇതാണ് പാപാവസ്ഥ...

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ

“ഇതാ, ദൈവത്തിന്റെ കുഞ്ഞാട്” – തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന സാക്ഷ്യമാണിത്. നമ്മുടെ ആരാധനക്രമങ്ങളിൽ നിരന്തരം കേൾക്കുന്ന ഒരു വാചകം. പദങ്ങളുടെ നിരന്തരമായ ഉപയോഗം അർത്ഥങ്ങളിൽ ശോഷണം ഉണ്ടാക്കും എന്ന് പറയുന്നതുപോലെ, ഈ വാചകത്തിന്റെയും അർത്ഥതലങ്ങൾ നമ്മൾ അറിയാതെ പോകുന്നു എന്നതും സത്യമാണ്.

ഒരു കുഞ്ഞാടിന് ആരുടെയെങ്കിലും മേൽ ഭയമുളവാക്കാൻ സാധിക്കുമോ? ഒരിക്കലുമില്ല. അതിനുള്ള ശക്തി അതിനില്ല. നിസ്സഹായതയുടെയും സൗമ്യതയുടെയും എളിമയുടെയും പ്രതീകമാണത്. സുവിശേഷകന്റെ ചിന്തയിൽ ദൈവത്തെയാണ് കുഞ്ഞാട് പ്രതിനിധീകരിക്കുന്നത്. ഭയമുളവാക്കാത്ത ദൈവസാന്നിധ്യമാണത്. ഓർക്കുക, നിങ്ങളുടെ ദൈവം നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ, ആ ദൈവം യഥാർത്ഥ ദൈവമല്ല.

കുഞ്ഞാടാണ് യേശു, ഒരു ബലിമൃഗം. ഈ ചിന്ത നിലവിലുള്ള എല്ലാ ദൈവസങ്കൽപ്പങ്ങളെയും അട്ടിമറിക്കുന്നുണ്ട്. കാരണം, എല്ലാ ബലികളെയും സ്വീകരിക്കുന്നവനെ ഒരു ബലിമൃഗമായിട്ടാണ് സുവിശേഷകൻ ചിത്രീകരിക്കുന്നത്. ദൈവമുഖത്തിന്, ഇതാ, സൗമ്യതയുടെ ഭാവം ലഭിച്ചിരിക്കുന്നു. ദൈവത്തിന് ഇനി ഒരു ബലിയുടെയും ആവശ്യമില്ല. അവൻതന്നെ ഒരു ബലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അവന് ഇനി ആരുടെയും ജീവൻ വേണ്ട. സ്വയം നൽകുന്നവനാണവൻ. ആരിൽ നിന്നും ഒന്നും അവൻ എടുക്കുന്നുമില്ല. പകരം സ്വന്തം ജീവൻ നൽകുന്നു.

നമ്മളെല്ലാവരും നമ്മുടെ ഉള്ളിൽ ഒരു ദൈവമുഖം സൂക്ഷിക്കുന്നുണ്ട്. ആ മുഖമാണ് നമ്മുടെ കണ്ണാടി. അതിൽ നോക്കുമ്പോഴാണ് നമ്മൾ ആരാണെന്ന് നമുക്ക് വ്യക്തമാകുക. നിരന്തരം ശുദ്ധീകരിക്കേണ്ട ഒരു കണ്ണാടിയാണത്. ഒരു ക്രൈസ്തവൻ എന്ന നിലയിൽ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാകണം ഈ കണ്ണാടിയെ നമ്മൾ ശുദ്ധീകരിക്കേണ്ടത്. ഈ കണ്ണാടിയിൽ അഴുക്കുണ്ടെങ്കിൽ നമ്മിലും അഴുക്കുണ്ടാകും. അതായത്, നമ്മൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ദൈവം യഥാർത്ഥ ദൈവമല്ലെങ്കിൽ, ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നമ്മിൽ ഉണ്ടാകുന്ന അവബോധവും അതുപോലെതന്നെയായിരിക്കും. സൗമ്യനായ ഒരു ദൈവത്തിന്റെ മുഖമാണ് നമ്മുടെ ഉള്ളിലെങ്കിൽ, ഒന്നിനെയും നമ്മൾ ഹിംസയുമായി ചേർത്തുനിർത്തുകയില്ല.

“ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. പാപങ്ങൾ എന്നല്ല, പാപം എന്നാണ്. വ്യക്തിപരമായ തെറ്റുകളല്ല ഇവിടെ വിഷയം. മറിച്ച്, പാപം എന്ന അവസ്ഥയാണ്. അക്രമവും അന്ധതയും വിനാശകരമായ യുക്തിയും മരണവും കൂടിച്ചേർന്ന മനുഷ്യസംസ്കാരത്തിന്റെ അഗാധമായ ഘടനയാണത്. ഒറ്റവാക്കിൽ പറഞ്ഞാൽ പാപം എന്നത് സ്നേഹമില്ലായ്മ എന്ന അവസ്ഥയാണ്.

എന്താണ് നമ്മൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ ഭീഷണി? സ്നേഹത്തിന്റെ അഭാവമാണത്. സ്നേഹിക്കാനുള്ള കഴിവില്ലായ്മയും അടഞ്ഞ മനസ്സും വികല ചിന്തകളും ചത്തതിനൊപ്പമുള്ള ജീവിതവും; ഇതാണ് പാപാവസ്ഥ. ഇത് മാത്രമാണ് യഥാർത്ഥ ഭീഷണി. സ്നേഹരാഹിത്യം എന്ന മുറിവിൽ ലേപനമായി മാറിയവനാണ് യേശു. വഴിയിൽ വീണു കിടന്നവന്റെ ജീവിതത്തിലേക്ക് സൗഖ്യമായി ഇറങ്ങിവന്ന സമരിയക്കാരനെക്കുറിച്ച് പറഞ്ഞതിന് ശേഷം യേശു പറയുന്നുണ്ട്; “നീയും പോയി ഇതുപോലെ ചെയ്യുക” (ലൂക്കാ 10:37). ജീവിതത്തിന് സൗന്ദര്യം നൽകാൻ ആഗ്രഹമുണ്ടോ? എങ്കിൽ മുഖം നോക്കാതെ സ്നേഹിക്കുക. ഉള്ളിലെ സ്നേഹത്തിനെ ലോകത്തിനു സമ്മാനിക്കൂ. അത് ധാരയായി പുറത്തേക്ക് ഒഴുകട്ടെ. അപ്പോൾ നീയും ഒരു സൗഖ്യദായകനായി മാറും.

വെളിപാട് പുസ്തകത്തിന്റെ കാഴ്ച്ചപ്പാടിൽ കുഞ്ഞാടിനെ അനുഗമിക്കുന്നവരാണ് ക്രിസ്ത്യാനികൾ (14:4). അതിൽ സഹനത്തിന്റെയും ത്യാഗത്തിന്റെയും അർത്ഥതലങ്ങളുണ്ട്. സഹനം മാത്രമല്ല ക്രൈസ്തവീകത. ശരിയാണ്, ത്യാഗം എന്നത് സ്നേഹത്തിന്റെ പരമമായ ആവിഷ്കാരമാണ്. അപ്പോഴും ക്രിസ്താനുഗമനം എന്നത് ത്യാഗവും നൊമ്പരവും മാത്രമല്ല. അതിലുപരി അവൻ സ്നേഹിച്ചതുപോലെ സ്നേഹിക്കുകയും, അവൻ ആഗ്രഹിച്ചതുപോലെ ആഗ്രഹിക്കുകയും, അവൻ നിരസിച്ചതുപോലെ നിരസിക്കുകയും, അവൻ സ്പർശിച്ചതുപോലെ സ്പർശിക്കുകയും ചെയ്യുക എന്നതാണ്. ആർക്കും ഒരു ഭയമായിരുന്നില്ല അവൻ. ആരെയും ഭയപ്പെടുത്തിയിട്ടുമില്ല. മറിച്ച് ഭയത്തിൽ നിന്നും മോചനം നൽകിയവനാണവൻ. എന്തിനാണ് നമ്മൾ അവനെ അനുഗമിക്കുന്നത്? സ്നേഹമില്ലായ്മ എന്ന ലോകത്തിന്റെ പാപം നീക്കാനാണ് അത്. ശ്വാസം മുട്ടിക്കുന്ന തിന്മയുടെ വിഷവായുവിനെ അകറ്റാനാണ്. ലോകത്തിന്റെ തെറ്റായ യുക്തിയെ എതിർക്കാനാണ്. വിദ്വേഷം എന്ന മാരകരോഗത്തിന് മറുമരുന്നാകാനാണ്.

സുവിശേഷത്തിലെവിടെയോ യേശു പറയുന്നുണ്ട്; “ഇതാ ഞാൻ ചെന്നായ്ക്കളുടെ ഇടയിൽ ചെമ്മരിയാടുകളെ എന്നപോലെ നിങ്ങളെ അയക്കുന്നു…” (മത്താ 10:16). തിന്മയെ തിന്മ കൊണ്ട് നേരിടാനല്ല, സൗമ്യത കൊണ്ട് നേരിടാനാണ്. കാരണം നമുക്കുള്ളത് കുഞ്ഞാടായ ദൈവമാണ്. നോക്കുക, അവന്റെ കരങ്ങളിൽ ഒരു ആയുധവുമില്ല. തീർത്തും സൗമ്യനാണവൻ. എങ്കിലും ഏതൊരു രാജാവിനെക്കാളും ശക്തനും കൂടിയാണവൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker