Kerala

തീരദേശത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെയ്യാറ്റിൻകര രൂപതയിൽ വ്യാപക പ്രതിക്ഷേധം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തീരദേശ സമരത്തിൽ പങ്കുചേർന്നും നെയ്യാറ്റിൻകര രൂപത ആഗസ്റ്റ് 13 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നെയ്യാറ്റിൻകര-കാട്ടാക്കട-നെടുമങ്ങാട് എന്നീ മൂന്ന് താലൂക്ക് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 11 സ്ഥലങ്ങളിൽ സൂചനാസമര സായാഹ്നധർണ്ണ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവലാണ് വിശ്വാസ സമൂഹത്തിന് തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരാഹ്വാനം നൽകിയത്.

നെയ്യാറ്റിന്‍കര ഫെറോന സംഘടിപ്പിച്ച സായാഹ്നധർണ്ണ നെയ്യാറ്റിൻകര ബസ്റ്റാന്റ് കവലയില്‍ കത്തീഡ്രല്‍ വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോരി ഉദ്ഘാടനം ചെയ്തു. തിരുവനന്തുപരം അതിരൂപതാ വൈദികനും ജൂബലി മെമ്മോറിയല്‍ ആശുപത്രി ഡയറക്ടറുമായ ഫാ.തിയോഡോഷ്യസ് വിഷയാവതരണം നടത്തി. അദാനി കരാർ ഒപ്പിട്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇന്നത്തെ പിണറായി സർക്കാർ ഗൗനിക്കുന്നില്ലെന്നും, ഏതെങ്കിലും കാരണവശാൽ ഈ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുമ്പോൾ വിഴിഞ്ഞത്തിന്റെ വടക്കുഭാഗത്തോ തെക്കുവശത്തോ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാൽ അത് പരിഹരിക്കുവാനായിട്ട് 407 കോടി രൂപയുടെ പദ്ധതി കരാറിൽ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ അത് ഇന്നത്തെ കേരളാ മുഖ്യൻ വിഴുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് തിരുവനന്തപുരം അതിരൂപതയിലെ 80% വരുന്ന തീരദേശവാസികൾ വംശനാശഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കട്ടക്കോട് ഫെറോനയിൽ മലയിൻകീഴ് ജംഗ്‌ഷനിൽ നടത്തിയ സായാഹ്നധർണ്ണ ഫെറോനാ വികാരി ഫാ.റോബർട്ട് വിൻസെന്റ് ഉദ്‌ഘാടനം ചെയ്തു. തീരദേശ മത്സ്യതൊഴിലാളികളോടും മലയോര കർഷകരോടും ഗവൺമന്റ്‌ എന്തൊക്കെ അന്യായം ചെയ്താലും ആരും പ്രതികരിക്കില്ല എന്ന മനോഭാവം ഇന്ന് പ്രബലപ്പെടുകയാണെന്നും അതിനാൽ ഉറങ്ങരുതെന്നും, ഉണർന്നിരിക്കണമെന്നും, ഒരുങ്ങിയിരിക്കണമെന്നും ഫാ.റോബർട്ട് ഓർമ്മിപ്പിച്ചു. കേന്ദ്രസർക്കാരിനെതിരെയും സംസഥാനത്തിന്റെ നിരുത്തരവാദത്തിനെതിരെയും അദാനിയുടെ വാഗ്ദാനലംഘനങ്ങൾക്കെതിരെയുമാണ് ഈ സമരപരമ്പരയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്മെന്റിനു കേൾവിശക്തി നഷ്ടപ്പെട്ടുപോയോ? എന്ന ചോദ്യമുയർത്തിക്കൊണ്ട് ആശംസയർപ്പിച്ച് സംസാരിച്ച ഫാ.ജോസഫ്‌ സേവ്യർ പറഞ്ഞു: ഓരോ ഇലക്ഷൻ വരുമ്പോഴും ഇവർ നമ്മെ വീണ്ടും മണ്ടന്മാരാക്കും, നമ്മൾ ഇവർക്ക്‌ ഓട്ടുകൊടുക്കും, ഇതിനൊരു മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.

കാട്ടാക്കട ഫൊറോനയിൽ കാട്ടാക്കട ക്രിസ്തുരാജ ദേവാലയത്തിനുമുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഫൊറോന വികാരി ഫാ.വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സോണൽ ആദ്മീയ ഉപദേഷ്ടാവ് ഫാ. ബലവേന്ദ്ര ആമുഖ സന്ദേശം നൽകി. ഫൊറോനയിലെ വൈദികരും സന്യസ്തരും വിവിധ ശുശ്രൂഷ പ്രതിനിധികളും ഭക്തസംഘടന പ്രതിനിധികളും കെഎൽസിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

ബാലരാമപുരം ഫെറോനയുടെ നേതൃത്വത്തിൽ ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയത്തിന് മുൻവശത്ത് നടന്ന ധർണ്ണ ഫെറോനാ വികാരി ഫാ.ഷൈജു ദാസ് ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ഇടവക വികാരി ഫാ.പയസ് വിഷയാവതരണം നടത്തി. സോണൽ പ്രസിഡന്റ്‌ ശ്രീ.ബിപിൻ എസ്.പി അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ. തിരുവനന്തപുരം അതിരൂപത പ്രസിഡന്റ്‌ ശ്രീ. പാട്രിക്ക് മൈക്കിൾ, ഫാ.ഡെന്നിസ് കുമാർ, ഫാ.സജിൽ, ഫാ.വിപിൻരാജ്, ജയരാജ്‌, അരുൺ തോമസ്, കോൺക്‌ളിൻ ജിമ്മി ജോൺ, എന്നിവർ സംസാരിച്ചു.

പാറശ്ശാല ഫൊറോനയിൽ പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ്ണ പാറശ്ശാല ഫൊറോന വികാരി ഫാ. ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത വൈദീകൻ ഫാ.ജോർജ്ജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

പെരുങ്കടവിള ഫൊറോനയിൽ മാരായമുട്ടം ഇടവകയിലെ സെന്റ് മേരീസ് കുരിശടിയിൽ നിന്നും റാലിയായി വന്ന് മാരായമുട്ടം ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്‌ന ധർണ്ണയിൽ മണ്ണൂർ ഇടവക വികാരി ഫാ.സൈമൺ നേശൻ അദ്ധ്യക്ഷനായിരുന്നു. പെരുങ്കടവിള ഫൊറോന വികാരി റവ.ഡോ. സിറിൽ സി. ഹാരിസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഫാ.പോൾ ബാബു, ഫാ.ലൂക്ക് കടവിൽപുരയിൽ, കെ.എൽ.സി.എ. പെരുങ്കടവിള ഫൊറോന പ്രസിഡന്റ് ശ്രീ. ബിനിൽകുമാർ എസ് ആർ, കെ.എൽ.സി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. മഞ്ജു ആർ എൽ, ശ്രീ. സാംരാജ് ചിലമ്പറ, ശ്രീ. ജോഫ്രി ജെ, ശ്രീ. രാജൻ ചിലമ്പറ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.

വ്ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ സായാഹ്ന ധർണ്ണ ഉച്ചക്കടയില്‍ ഫൊറോന വികാരി ഫാ.സി.ജോയി ഉദ്ഘാടനം ചെയ്തു.

ആര്യനാട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധം ആര്യനാട് ഗാന്ധിപാരക്കില്‍ ഫെറോന വികാരി ഫാ.ജോസഫ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

ചുളളിമാനൂര്‍ ഫൊറോനയില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ സമരം ചുളളിമാനൂര്‍ ജംഗ്ഷനില്‍ രൂപത അല്‍മായ ശുശ്രൂഷ ഡയറക്ടറും ഫൊറോനാ വികാരിയുമായ ഫാ.എസ്.എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളിലായി കടലിന്റെ മക്കളോട് കാണിക്കുന്ന അവഗണനയോട് ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. കെ.എൽ.സി.എ. ഫൊറോനാ പ്രസിഡന്റ്‌ വിജയകുമാർ ആർ അധ്യക്ഷനായിരുന്നു. ഫാ.വിനോദ്, കെ.എൽ.സി.എ. യൂണിറ്റ് പ്രസിഡന്റ് ഷിബു, കെ.സി.വൈ.എം. ഫെറോനാ പ്രസിഡന്റ് വിജിൻ, ജോജി ടെന്നിസൻ, ജോയ് സി. വിതുര, ബിനു കാൽവരി, ഷീല മന്നൂർകോണം, അലോഷ്യസ് തുടങ്ങി വിവിധ സംഘടനാ ഭാരവാഹികൾ പ്രസംഗിച്ചു.

ഉണ്ടൻകോട് ഫെറോനയിൽ വെള്ളറട ജംഗ്ഷനിൽ നടന്ന ഐക്യദാർഢ്യ ധർണ്ണ ഫെറോന വികാരി ഫാ.എം.കെ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ശ്രീ ആൽബർട്ട് വിൽസൺ അദ്ധ്യക്ഷനായിരുന്നു. അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ.വർഗീസ് ഹൃദയ ദാസൻ മുഖ്യപ്രഭാഷണവും കാട്ടാക്കട റീജിയണൽ കോഡിനേറ്റർ മോൺ.വിൻസന്റ് കെ.പീറ്റർ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ, വെള്ളറട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയന്തി എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയും ചെയ്തു.

നെടുമങ്ങാട് ഫൊറോനയിൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ വച്ച് നടന്ന ധർണ്ണ നെടുമങ്ങാട് റീജിയൻ കോർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ ഉദ്ഘാടനം ചെയ്തു. നിഡ്സ് രൂപത ഡയറക്ടർ ഫാദർ രാഹുൽ ബി. ആന്റോ അധ്യക്ഷത വഹിച്ച പരിപാടിയിൽ രൂപത പാസ്ട്രൽ കൗൺസിൽ വൈസ് പ്രസിഡന്റ്‌ ദേവദാസ് വിഷയാവതരണം നടത്തി. കെ.എൽ.സി.എ. രൂപത വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ എസ്. ആർ., KLCAWA സംസ്ഥാന സെക്രട്ടറി അൽഫോൻസ, കെ.എൽ.സി.എ. ഫെറോന പ്രസിഡന്റ് അഗസ്റ്റിൻ വർഗീസ്, കെ.എൽ.സി.എ. ജനറൽ കൗൺസിൽ അംഗം ഏലിയപുരം മോഹൻ, DCMS രൂപത പ്രസിഡന്റ്‌ സജിമോൻ, ഫെറോന സെക്രട്ടറി സത്യദാസ്, KLCAWA ഫെറോന പ്രസിഡന്റ് അജിത എം., അൽമായ ശ്രുശ്രൂഷ സമിതി സെക്രട്ടറി വർഗീസ്, ലിറ്റിൽ വേ അസോസിയേഷൻ ഫെറോന സെക്രട്ടറി അഭിലാഷ് ഡേവിഡ്, കെ.എൽ.സി.എ. ഫെറോന സെക്രട്ടറി ശോഭനൻ, അജിത, മോഹൻ എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker