രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരെ സമാധാന കൂട്ടായ്മയും ദീപം തെളിക്കലും സംഘടിപ്പിച്ച് കെ.സി.വൈ.എം.
ലോക സമാധാനത്തിനും, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി സമാധാന ദീപം തെളിയിച്ച് പ്രാർത്ഥിച്ചു...
ജോസ് മാർട്ടിൻ
ആലപ്പുഴ: രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരെ മതേതരത്വത്തിന്റെ മുഖമാകുവാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കെ.സി.വൈ.എം. സമാധാന കൂട്ടായ്മയും ദീപം തെളിക്കലും ചൊവ്വാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.
PFI/SDPI സംഘടനകൾ ശനിയാഴ്ച്ച നടത്തിയ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളിൽ പ്രതിഷേധിച്ചാണ് കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സമാധാന കൂട്ടായ്മ സംഘടിപ്പിച്ചത്. പിഞ്ചു മനസ്സുകളിൽ പോലും വർഗീയ വിഷം കുത്തി വയ്ക്കുന്ന ഇത്തരം തീവ്രവാദ ശ്രമങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീ.ഷിജോ മാത്യു ഇടയാടിൽ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തുടർന്ന്, ലോക സമാധാനത്തിനും, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി യുവജനങ്ങൾ സമാധാന ദീപം തെളിയിച്ച് പ്രാർത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ്, ആലപ്പുഴ രൂപത പ്രസിഡന്റ് ശ്രീ വർഗീസ് ജെയിംസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ഇമ്മാനുവൽ എം.ജെ, സംസ്ഥാന ട്രഷറർ ലിനു വി. ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.