Kerala

തീരദേശജനതയുടെ ശബ്ദമായിരുന്നു സ്റ്റീഫന്‍ അത്തിപ്പൊഴി പിതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കെ.സി.ബി.സി. പുറത്തിറക്കിയ അനുശോചന സന്ദേശത്തിലൂടെയാണ് കര്‍ദിനാളിന്റെ പ്രസ്താവനകൾ...

ജോസ് മാർട്ടിൻ

കൊച്ചി: നീണ്ട പതിനെട്ടു വര്‍ഷം ആലപ്പുഴ രൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തികഞ്ഞ തീക്ഷ്ണതയോടുകൂടെ തന്റെ അജഗണത്തെ നയിക്കുകയും അവരുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ ബദ്ധ-ശ്രദ്ധനായിരിക്കുകയും ചെയ്ത സ്റ്റീഫന്‍ പിതാവ് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി എക്കാലത്തും ശക്തമായ നേതൃത്വം നല്കിയിരുന്നുവെന്നും അങ്ങനെ തീരദേശ ജനതയുടെ ശബ്ദമായി അദ്ദേഹം മാറിയിരുന്നെന്നും കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന. കെ.സി.ബി.സി. പുറത്തിറക്കിയ അനുശോചന സന്ദേശത്തിലൂടെയാണ് കര്‍ദിനാളിന്റെ പ്രസ്താവനകൾ.

ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. തന്റെ ജനത്തോട് അനുരൂപപ്പെട്ടു ജീവിക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചിരുന്നതെന്നും പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും വലിയ കാരുണ്യം അദ്ദേഹം കാണിച്ചിട്ടുണ്ടെന്നും, തീരദേശത്ത് അപകടകരമായ സുനാമിയും മറ്റു ദുരന്തങ്ങളും വന്നപ്പോള്‍ ശക്തമായ നേതൃത്വം കൊടുത്തുകൊണ്ട് ആളുകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം യഥാസമയം കിട്ടുവാന്‍ വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആക്ഷേപം വന്നപ്പോള്‍ അതിന് സര്‍ക്കാരിനോട് ശക്തമായി വാദിക്കുകയും അര്‍ഹരായവര്‍ക്ക് അതെല്ലാം വാങ്ങിക്കൊടുക്കുവാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്ത തീക്ഷ്ണമതിയായ നേതാവായിരുന്നു അഭിവന്ദ്യ സ്റ്റീഫന്‍ പിതാവ്.

കെ.സി.ബി.സി.യുടെ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്ന അഭിവന്ദ്യപിതാവിന്റെ ദേഹവിയോഗം നമുക്ക് ദുഃഖത്തിന് കാരണമാകുന്നു എങ്കിലും അഭിവന്ദ്യപിതാവ് നല്കിയ നല്ല മാതൃകകള്‍ നമുക്ക് എന്നും പ്രചോദനമാണെന്നും, പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സ്റ്റീഫന്‍ പിതാവ് എന്നും ഒരു മാതൃകയും അനുകരണീയ വ്യക്തിത്വവുമാണെന്നും ആലപ്പുഴ രൂപതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കെ.സി.ബി.സി. പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker