ഉക്രെയ്നില്‍ ചോരയുടെയും കണ്ണീരിന്‍റെയും നദികള്‍ ഒഴുകുന്നു : ഫ്രാന്‍സിസ് പാപ്പ
പാപ്പ നടത്തിയ ആഞ്ചലുസ് പ്രസംഗത്തിലാണ് വൈകാരികമായ ഈ പരാമര്‍ശം.
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഉക്രൈനില്‍ ചോരയുടെയും കണ്ണീരിന്‍റെയും നദികള്‍ ഒഴുകുകയാണെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഹൃദയ സ്പര്‍ശിയ പ്രസംഗം . ഞായറാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പ നടത്തിയ ആഞ്ചലുസ് പ്രസംഗത്തിലാണ് വൈകാരികമായ ഈ പരാമര്‍ശം.
ഇത് കേവലം ഒരു സൈനിക നടപടിയല്ല, മരണവും നാശവും ദുരിതവും വിതയ്ക്കുന്ന ഒരു യുദ്ധമാണ്. പലായനം ചെയ്യുന്ന ആളുകള്‍, പ്രത്യേകിച്ച് അമ്മമാരും കുട്ടികളും പോലെ ഇരകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രക്ഷുബ്ധമായ ഉക്രെയ്നില്‍ മാനുഷിക സഹായത്തിന്‍റെ ആവശ്യകത മണിക്കൂറുകള്‍ കഴിയുംതോറും വര്‍ദ്ധിച്ച് വളരുകയാണ്.
സമാധാനം പുനസ്ഥാപിക്കാന്‍ വത്തിക്കാന്‍റെ ഭാഗത്തു നിന്ന് ഏത് തരത്തിലുളള സഹായത്തിനും തയ്യാറാണെന്ന് പാപ്പ വ്യക്തമാക്കി. ബോംബുകളാലും ഭയത്താലും അടിച്ചമര്‍ത്തപ്പെട്ട ഉക്രെയ്നിലെ സഹോദരങ്ങള്‍ക്ക് സുപ്രധാനമായ ആശ്വാസം പ്രദാനം ചെയ്യുന്നതിനായി, മാനുഷിക ഇടനാഴികള്‍ തുറക്കണം, ഉപരോധിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് സഹായം ഉറപ്പ് വരുത്താനും പ്രവേശനം സുഗമമാക്കാനും കഴിയണം.
ഉക്രെയ്നില്‍ നിന്ന് അഭയാര്‍ഥികളായി എത്തുന്നവരെ സ്വീകരിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാറ്റിനുമുപരിയായി, സായുധ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ചര്‍ച്ചകളിലൂടെ പരിഹാരങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്ന്‍റെ സമാധാനത്തിനായി ഇറങ്ങിചെല്ലാല്‍ പരിശുദ്ധ സിംഹാസനം തയ്യാറാണെന്നും ഇതിന്‍റെ തടക്കമെന്നോണം രണ്ട് കര്‍ദ്ദിനാള്‍മാര്‍ ഉക്രെയ്നിലേക്ക് അയച്ചിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. ജനങ്ങളെ സഹായിക്കാനായി കര്‍ദിനാള്‍ ക്രാജെവ്സ്കി, കര്‍ദ്ദിനാള്‍ സെര്‍നിയും അവിടെയുണ്ടെന്നും പാപ്പ വ്യക്തമാക്കി. .