ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്നേഹ സാന്നിധ്യം; കേരള കത്തോലിക്കാ മെത്രാൻ സമിതി
എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു...
ജോസ് മാർട്ടിൻ
കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എപ്പോഴും ഹൃദ്യമായ ബന്ധമാണ് ഹൈദരലി തങ്ങൾ പുലർത്തിയിരുന്നതെന്നും കർദിനാൾ പറഞ്ഞു.
മുൻഗാമികളുടെ പാതപിന്തുടർന്ന് കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും ഇന്ത്യൻ നാഷണൽ മുസ്ലീംലീഗിന്റെ സംസ്ഥാന നേതൃസ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്താൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യത്യസ്ത അഭിപ്രായങ്ങളെ ശാന്തമായി ശ്രവിച്ച് നിഷ്പക്ഷമായ തീർപ്പ് കൽപ്പിക്കുന്നതുവഴി ഹൈദരലി ശിഹാബ് തങ്ങൾ സകലർക്കും സ്വീകാര്യനായിരുന്നു. തീവ്രവാദ നിലപാടുകളുള്ള ചിലർ മതവിദ്വേഷം പരത്തുന്ന മനോഭാവങ്ങളോടെ രംഗപ്രവേശനം ചെയ്ത നാളുകളിലൊക്കെയും മതസാഹോദര്യത്തിന്റെ കാവലാളായി അദ്ദേഹം നിലകൊണ്ടു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ വേദനിക്കുന്ന സകലരോടും, വിശിഷ്യാ കുടുംബാംഗങ്ങളോടും കേരള കത്തോലിക്കാ മെത്രാൻ സമിതി ഹൃദയംഗമമായ അനുശോചനം അറിയിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.