Vatican

യുക്രൈനുവേണ്ടി പ്രാര്‍ഥനാഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാര്‍ച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ സ്ഥിതി വഷളാകുന്ന സാഹചര്യത്തില്‍ പ്രാര്‍ഥനാഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ്. ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാര്‍ച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

ഇന്നലെ നടന്ന പൊതുസന്ദര്‍ശന വേളയില്‍ സന്ദേശം നല്‍കവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങള്‍ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ ലോകജനതയോട് പാപ്പ പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥന നടത്തിയത്. യുദ്ധപ്രഖ്യാപനം നടത്തി റഷ്യ ആക്രമണം ആരംഭിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ യുക്രൈനില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

രാജ്യങ്ങളുടെ സഹവര്‍ത്തിത്വവും അന്തര്‍ദേശീയ നിയമങ്ങളും തകര്‍ക്കുകയും ജനങ്ങള്‍ക്ക് വിവരണാതീയമായ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട പാപ്പ, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവര്‍ ദൈവത്തിനു മുമ്പില്‍ മനസാക്ഷി പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി. അക്രമത്തിന്‍റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

‘വിഭാഗീയ താല്‍പ്പര്യങ്ങള്‍കൊണ്ടു സര്‍വരുടെയും സമാധാനം ഭീഷണി നേരിടുകയാണ്. ദൈവം യുദ്ധത്തിന്‍റേയല്ല സമാധനത്തിന്‍റേയാണ്. ദൈവം കുറച്ചുപേരുടെയല്ല എല്ലാവരുടെയും പിതാവാണ്. നാമെല്ലാം ശത്രുക്കളല്ല, സഹോദരരാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്,’ പാപ്പ വ്യക്തമാക്കി.

യുദ്ധ ഭ്രാന്തില്‍നിന്ന് ലോകത്തെ സമാധാനത്തിന്‍റെ രാജ്ഞി സംരക്ഷിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യുക്രൈനില്‍ സമാധാനം പുലരാന്‍ ഇത് രണ്ടാം തവണയാണ് പാപ്പ ആഗോളതലത്തില്‍ പ്രാര്‍ത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്തത്.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker