സിസ്റ്റർ ലിൻഡ ജോസഫിന് “വിജയസ്മൃതി” പുരസ്കാരം
ജോസ് മാർട്ടിൻ
ആലപ്പുഴ: സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയതലത്തിൽ വനിതകൾക്ക് നൽകിവരുന്ന “വിജയസ്മൃതി” പുരസ്കാരത്തിന് ആലപ്പുഴ റീജിയണിൽ നിന്നും സ്വാന്ത്വൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2022 ഫെബ്രുവരി 26, 27 തീയതികളിൽ ഉടുപ്പി ബ്രഹ്മവാരത്ത് വെച്ച് നടക്കുന്ന സീനിയർ ചേംബർ നാഷണൽ കോൺഫ്രൻസിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
സാമൂഹ്യ പ്രതിബദ്ധതയോടും അർപ്പണ മനോഭാവത്തോടെയുമുള്ള വർഷങ്ങൾ നീണ്ട സേവനങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ് സിസ്റ്റർ ലിൻഡയെ അവാർഡിന് അർഹയാക്കിയതെന്ന് അവാർഡ് നിർണയ സമിതി അംഗങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മദർ തെരേസയുടെ ജീവചരിത്രം തന്റെ പിതാവ് വാങ്ങി തരികയും അതിൽ നിന്ന് മദർ തെരേസയെ കുറിച്ച് കൂടുതൽ അറിയുകയും മദറിന്റെ പ്രേഷിത പ്രവർത്തങ്ങൾ തന്നെ ഏറെ സ്വാധീനിച്ചുവെന്നും സിസ്റ്റർ പറയുന്നു. മദർ തെരേസയെ നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചതുമുതലാണ് ഈ ശുശ്രൂഷാ ജീവിതം തിരഞ്ഞെടുക്കാനുള്ള ഉൾവിളി തനിക്ക് ഉണ്ടായതെന്നും വിസിറ്റേഷൻ സന്ന്യാസ സഭാ അംഗമായ സിസ്റ്റർ ലിൻഡ കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ആലപ്പുഴ രൂപതയുടെ കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വാന്ത്വൻ സ്പെഷ്യൽ സ്കൂളിൽ വിവിധ മത വിഭാഗങ്ങളിൽപ്പെട്ട നൂറ്റിനാല് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതിൽ അമ്പത്തിമൂന്ന് വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്നവരും മറ്റു വിദ്യാർത്ഥികൾ വീട്ടിൽനിന്നു വന്ന് പഠിച്ചുപോകുന്നവരുമാണ്. ഈ മക്കളുടെ അമ്മയായി കഴിയുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും ജീവിതാവസാനം വരെ ഈ ശുശ്രൂഷ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മുപ്പത്തിഒന്ന് വർഷമായി സന്ന്യാസ ജീവിതം നയിക്കുന്ന സിസ്റ്റർ ലിൻഡ പറയുന്നു.
ആലപ്പുഴ രൂപതയിലെ മനക്കോടം സെന്റ് ജോർജ് ഫെറോന ഇടവകാംഗമായ, ബി.എഡ്. ബിരുദധാരിയായ സിസ്റ്റർ ലിൻഡ ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. വിസിറ്റേഷൻ ഓൾഡ് ഏജ് ഹോം കൊച്ചി, നോർത്ത് ഇന്ത്യയിൽ അധ്യാപിക, ആലപ്പുഴ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.