Vatican

ഫ്രാന്‍സിസ് പാപ്പായുടെ സൈപ്രസ് സന്ദർശനം ഒറ്റനോട്ടത്തിൽ

ഡിസംബർ 2 മുതല്‍ ആരംഭിച്ച്‌ 6 ന് സമാപിക്കുന്ന ഇടയസന്ദര്‍ശന പരിപാടി...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഫ്രാന്‍സീസ് പാപ്പാ തന്റെ മുപ്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. സൈപ്രസ്, ഗ്രീസ് എന്നീ നാടുകള്‍ വേദികളാക്കിയ ഈ ഇടയസന്ദര്‍ശനത്തില്‍ പാപ്പാ സൈപ്രസിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഡിസംബർ 2 മുതല്‍ ആരംഭിച്ച്‌ 6 ന് സമാപിക്കുന്ന ഇടയസന്ദര്‍ശന പരിപാടിയില്‍ വ്യാഴാഴ്ച രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ഫ്യുമിച്ചീനൊയിലുള്ള ‘ലെയൊണാര്‍ദൊ ദ വിഞ്ചി’ വിമാനത്താവളത്തില്‍ പ്രാദേശിക സമയം 3 മണിയോടെ, ഇന്ത്യയിലെ സമയം വെകുന്നേരം ഏതാണ്ട് 6.30-നാണ് സൈപ്രസിലെ ലാര്‍നക്ക രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

വ്യാഴാഴ്ച സൈപ്രസിന്റെ മണ്ണില്‍ എത്തിയ പാപ്പ വിമാനത്താവളത്തിലെ ഹ്രസ്വ സ്വാഗതസ്വീകരണ ചടങ്ങുകള്‍ക്കു ശേഷം, അവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെ, സൈപ്രസിന്റെ തലസ്ഥാന നഗരിയായ നിക്കോഷ്യയില്‍ വരപ്രസാദ നാഥയുടെ നാമത്തിലുള്ള മാറോണീത്ത കത്തീദ്രല്‍ സന്ദര്‍ശിക്കുകയും അവിടെ വച്ച് അവിടുത്തെ വൈദികരും സമര്‍പ്പിതരും മതബോധകരും വൈദിക വിദ്യാര്‍ഥികളും സഭാപ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

രാഷ്ട്രപതിയുടെ മന്ദിരത്തിനു മുന്നില്‍ കാറില്‍ വന്നിറിങ്ങിയ പാപ്പായെ സൈപ്രസിലെ ഓര്‍ത്തൊഡോക്സ് ആര്‍ച്ചുബിഷപ്പും ഒപ്പം പ്രഥമ പ്രസിഡന്റുമായിരുന്ന മക്കാറിയോസ് ത്രിദീയന്റെ പ്രതിമയുടെ സമീപത്തുവച്ച്, സൈപ്രസിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോസ് അനസ്താസിയാദെസ് സ്വീകരിച്ചു. തുടര്‍ന്ന്, പാപ്പായ്ക്ക് സൈനികോപചാരം അര്‍പ്പിക്കപ്പട്ടു. സൈപ്രസിലെ ജനതയുടെ നാമത്തില്‍ പാപ്പായ്ക്ക് സ്വഗതമോതാന്‍ കഴിയുന്നത് തനിക്ക് വലിയൊരു ബഹുമതിയാണെന്നും, സൈപ്രസില്‍ റോമന്‍ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ നടത്തുന്ന രണ്ടാമത്തെതായ ഈ സന്ദര്‍ശനം ചരിത്രപരമാണെന്നും പറഞ്ഞ പ്രസിഡന്റ് അനസ്താസിയാദെസ് ഇത് തന്നിലുളവാക്കുന്നത് സവിശേഷമായൊരു വികാരവും ആത്മാര്‍ത്ഥാനന്ദവുമാണെന്ന് വെളിപ്പെടുത്തി.

രണ്ടാം ദിനത്തില്‍ പാപ്പായുടെ ഔദ്യോഗിക പരിപാടികള്‍ സൈപ്രസിലെ ഓര്‍ത്തൊഡോക്സ് മെത്രാപ്പോലീത്ത ക്രിസോസ്തൊമോസ് ദ്വിതീയനു മായുള്ള സൗഹൃദ കൂടിക്കാഴ്ചയായിരുന്നു. നിക്കോഷ്യയിലുള്ള ഓര്‍ത്തൊഡോക്സ് കത്തീദ്രലില്‍ വച്ച് ഓര്‍ത്തൊഡോക്സ് സഭാസിനഡിനെ സംബോധന ചെയ്യല്‍, നിക്കോഷ്യയിലെ പാന്‍സിപ്രിയന്‍ ജിംനാസ്റ്റിക് അസ്സോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ച് ദിവ്യപൂജാര്‍പ്പണം, വിശുദ്ധ കുരിശിന്റെ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് കുടിയേറ്റക്കാരുടെ പങ്കാളിത്തത്തോടെയുള്ള എക്യുമെനിക്കല്‍ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരുന്നു.

അതിമെത്രാസനമന്ദിരത്തിന്റെ പ്രധാന പ്രവേശനകവാടത്തിങ്കല്‍ കാറിലെത്തിയ പാപ്പായെ സഭാ സിനഡിന്റെ ഒരു പ്രതിനിധി സ്വീകരിച്ചു. വാതില്‍ക്കല്‍ വച്ച് മെത്രാപ്പോലിത്ത ക്രിസോസ്തോമോസ് രണ്ടാമന്‍ പാപ്പായെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഇരുവരും പ്രതിനിധി സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. അതിനുശേഷം പാപ്പായും മെത്രാപ്പോലിത്തായും സ്വകാര്യകൂടിക്കാഴ്ച നടത്തുകയും പാപ്പാ വിശിഷ്ട വ്യക്തികള്‍ തങ്ങളുടെ ഓര്‍മ്മക്കുറിപ്പു രേഖപ്പെടുത്തുന്ന സുവര്‍ണ്ണ ഗ്രന്ഥത്തില്‍ ഏതാനും വാക്കുകള്‍ കുറിക്കുകയും അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. “ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും മുത്തായ സൈപ്രസിലേക്കുള്ള തീര്‍ത്ഥാടകനായ ഞാന്‍, പൂര്‍ണ്ണ ഐക്യോന്മുഖമായി ചരിക്കാനും, അപ്പോസ്തലന്മാരുടെ മാതൃക പിന്‍ചെന്നുകൊണ്ട്, സാന്ത്വന സാഹോദര്യ സന്ദേശവും പ്രത്യാശയുടെ സജീവസാക്ഷ്യവും ലോകത്തിനു നല്കാനുമുള്ള എളിമയും ധൈര്യവും ദൈവത്തോട് അപേക്ഷിക്കുന്നു” എന്നാണ് പാപ്പാ സുവര്‍ണ്ണ ഗ്രന്ഥത്തില്‍ കുറിച്ചത്.

വെള്ളിയാഴ്ച വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുന്നാള്‍ ആകയാല്‍ പാന്‍സിപ്രിയന്‍ ജിംനാസ്റ്റിക് അസ്സോസിയേഷന്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കപ്പെട്ടത് വിശുദ്ധന്റെ തിരുന്നാൾ ദിവ്യബലിയായിരുന്നു. സ്റ്റേഡിയത്തിലെത്തിയ പാപ്പാ കാറില്‍ നിന്നിറങ്ങിയതിനുശേഷം അവിടെ, തന്നെ സ്വീകരിക്കാന്‍ നിന്നിരുന്നവരോട് കുശലം പറയുകയും, തുടര്‍ന്ന് സങ്കീര്‍ത്തിയിലേക്കു പോകുകയും പൂജാവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങുകയും ചെയ്തു.

തനിക്കേകിയ വരവേല്പിനും തന്നോട് കാണിച്ച സ്നേഹത്തിനും പാപ്പാ എല്ലാവരോടും തന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചു. സൈപ്രസില്‍ തനിക്ക്, പൗരാണികതയും വൈവിധ്യമാര്‍ന്ന ക്രൈസ്തവ പാരമ്പര്യങ്ങളും ഓരോ തീര്‍ത്ഥാടകനെയും സമ്പന്നമാക്കുന്ന വിശുദ്ധ നാടിന്റേതായ പ്രതീതി അനുഭവപ്പെടുന്നുവെന്നും, പ്രതീക്ഷയോടെയും ഭാവിയിലേക്കുള്ള തുറന്ന മനസ്സോടെയും വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവരും ഈ മഹത്തായ ദര്‍ശനം ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുമായി പങ്കിടുന്നവരുമായ വിശ്വാസികളുടെ സമൂഹത്തെ കണ്ടുമുട്ടുന്നത് പ്രോത്സാഹജനകമാണെന്നും പാപ്പാ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker