ലോഗോസ് ക്വിസ് 2021 – തട്ടിപ്പിൽ വീഴാതെ ജാഗ്രത പാലിക്കണം; കേരള കാത്തലിക് ബൈബിൾ സൊസൈറ്റി
അഖിലേഷ്കുമാർ ചൗധരി എന്ന ആളിന്റെ പേരിലാണ് മെസേജുകളും, വ്യാജ ആപ്പിന്റെ ലിങ്കും പ്രചരിക്കുന്നത്...
ജോസ് മാർട്ടിൻ
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന ലോഗോസ് ക്വിസ് മത്സരത്തിന്റെ പേരിൽ വ്യാജ ആപ്ലിക്കേഷൻ ഉണ്ടാക്കി പണം തട്ടാൻ ശ്രമം. വ്യാജ ആപ്പുകളിൽ രജിസ്റ്റർ ചെയ്യുകയോ പണം നൽകുകയോ ചെയ്യരുതെന്ന് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു. ഈ ആപ്പിന് കാത്തലിക് ബൈബിൾ സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും, എല്ലാവരും ജാഗ്രത പാലിക്കണമെന്നും കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി പ്രസ്താവനയിലൂടെ അറിയിച്ചു.
ലോഗോസ് ക്വിസ് 2021 പരീക്ഷയ്ക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഒരുക്കിയിട്ടുണ്ടെന്നും, ആയതിനാൽ 100 രൂപ ഫീസ് അടച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മെസേജുകളും, വ്യാജ ആപ്പിന്റെ ലിങ്കും പ്രചരിക്കുന്നത്. കൂടുതൽ വിശ്വാസ്യത ഉറപ്പാക്കാൻ വ്യക്തി വിവരങ്ങളും ഇടവക, രൂപത തുടങ്ങിയ വിവരങ്ങളും നൽകാൻ ലിങ്കിൽ ആവശ്യപ്പെടുന്നുമുണ്ട്. അഖിലേഷ്കുമാർ ചൗധരി എന്ന ആളിന്റെ പേരിലാണ് മെസേജുകളും, വ്യാജ ആപ്പിന്റെ ലിങ്കും പ്രചരിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇടവക തലങ്ങളിൽ തന്നെ ലോഗോസ് ക്വിസിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, അതു പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇത്തരം തട്ടിപ്പ് ആപ്പുകളിൽ നിന്ന് അകലം പാലിക്കാമെന്നും, രജിസ്റ്റർ ചെയ്ത് പണം നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബൈബിൾ സൊസൈറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോഗോസ് ക്വിസ് മത്സരത്തിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.