ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോവിഡ്-19 പ്രിവൻഷൻ കിറ്റും, വീൽചെയറും, വാക്കർ ഉപകരണങ്ങളും വിതരണം ചെയ്തു
ഭിന്നശേഷിക്കാരായ 200-ലധികം കുട്ടികൾക്ക് സാന്ത്വനമായ പദ്ധതി...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നിഡ്‌സിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോവിഡ്-19 പ്രിവൻഷൻ കിറ്റും, വീൽചെയറും, വാക്കർ ഉപകരണങ്ങളും വിതരണം ചെയ്തു. നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരായ 200-ലധികം കുട്ടികൾക്ക് സാന്ത്വനമായ പദ്ധതിയുടെ വിതരണോദ്ഘാടനം നെയ്യാറ്റിൻകര ലത്തീൻ രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് നിർവഹിച്ചു.
ഭിന്നശേഷിക്കാരായ 175 കുട്ടികൾക്ക് മൂന്നുമാസത്തേക്കുള്ള സാനിറ്റെസർ, മാസ്ക്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ് എന്നിവ അടങ്ങിയ കിറ്റും, 48 കുട്ടികൾക്ക് വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങളും, ഫിസിയോ തെറാപ്പി ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. നിഡ്സ് CBR ആനിമേറ്റർമാരായ ശ്രീ.ജയരാജ്, ശ്രീ.ശശികുമാർ എന്നിവരാണ് പദ്ധതിയുടെ പൂർത്തീകരണ വിതരണകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.
നിഡ്സ് (NIDS) ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ, ഫാ.ഡെന്നിസ് കുമാർ, പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, കമ്മീഷൻ സെക്രട്ടറി ശ്രീ.ദേവദാസ്, പുത്തൻകട NIDS യൂണിറ്റ് സെക്രട്ടറി ശ്രീ.യോഹന്നാൻ, സാഫല്യം അസോസിയേഷൻ പ്രസിഡന്റ് ശ്രീ.തങ്കമണി, കാട്ടാക്കട മേഖല ആനിമേറ്റർ ശ്രീമതി പ്രകാശി, ശ്രീ.ഫ്രാൻസിസ് (ഐശ്വര്യ SHG), ശ്രീമതി സൗമ്യ (സ്നേഹ SHG) എന്നിവർ സംസാരിച്ചു.