ഇടവക സമ്പത്ത് ഇടവക മക്കൾക്ക്; ഫാ.സെബാസ്റ്റ്യൻ പുത്തംപുരയ്ക്കലിന്റെ മാതൃക
ഇടവകയിലെ കുടുംബങ്ങൾക്കും ഇതര മതസ്ഥർക്കുമായി പങ്കുവെച്ച് കുമ്പളങ്ങി സെന്റ് ജോർജ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തംപുരയ്ക്കൽ മാതൃക കാട്ടി...
ജോസ് മാർട്ടിൻ
കുമ്പളങ്ങി / കൊച്ചി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം തൊഴിൽ അവസരങ്ങൾ നഷ്ട്ടപ്പെട്ട തന്റെ ഇടവക പരിധിയിലെ എല്ലാ മതസ്ഥർക്കുമായി ഇടവക സമ്പത്ത് വീതിച്ചു നൽകി കൊച്ചി രൂപതയിലെ കുമ്പളങ്ങി സെന്റ് ജോർജ് ഇടവക.
ഇടവകയുടെ സമ്പത്ത് ഇടവക ജനങ്ങളുടേതാണ്. പലപ്പോഴായി അവർ നൽകിയതാണത്. അത് ആവശ്യ ഘട്ടത്തിൽ അവർക്ക് തിരിച്ചു നൽകുന്നു. പലർക്കും തൊഴിൽ നഷ്ട്ടപ്പെട്ടിട്ടുണ്ട്, സാമ്പത്തീകമായ അവരുടെ അവസ്ഥ മനസ്സിലാക്കിയതിനാൽ കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് ഇടവയുടെ സമ്പത്തിൽ നിന്ന് ഇടവകയിലെ 1400 കുടുംബങ്ങൾക്കും,150 ഇതര മതസ്ഥർക്കുമായി 500 രൂപ വീതം ഏഴേകാൽ ലക്ഷം രൂപ പങ്കുവെച്ച് നൽകുയായിരുന്നു വെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ പുത്തംപുരയ്ക്കൽ കാത്തലിക് വോസ്സിനോട് പറഞ്ഞു.
അതോടൊപ്പം കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി നൽകിയ ഭക്ഷ്യകിറ്റും വിതരണം ചെയ്തു. സഹവികാരി ഫാ. എയ്ഡ്രിൻ ജോൺ ഡിസൂസ, കൈക്കാരന്മാരായ ആന്റണി കണക്കാനട്ട്, ആൽബി കോച്ചേരിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോണി മാളാട്ട്, ഫിനാൻസ് കമ്മിറ്റിഅംഗം ജോയി കോച്ചേരിൽ എന്നിവർ നേതൃത്വം നൽകി.