Meditation

4rth Sunday_Advent Year B_കൃപനിറഞ്ഞവൾ (ലൂക്കാ 1:26-38)

എല്ലാവരിലും സ്വർഗ്ഗം സ്നേഹമായി നിറഞ്ഞിട്ടുണ്ട്...

ആഗമനകാലം നാലാം ഞായർ

ലൂക്കായുടെ സുവിശേഷത്തിലെ ഏറ്റവും വശ്യസുന്ദരമായ ഒരു ഇതിവൃത്തമാണ് ഇന്നത്തെ വചനഭാഗം. സ്വർഗ്ഗത്തിന്റെ അപരിമേയതയിൽ നിന്നാണ് സുവിശേഷകൻ ആഖ്യാനമാരംഭിക്കുന്നത്. ദൈവത്താൽ അയക്കപ്പെടുന്ന ഗബ്രിയേൽ ദൂതന്റെ ചിത്രം. ദൈവസന്നിധിയിൽ നിന്നും അവൻ ഭൂമിയിലേക്ക്, ഗലീലയിലെ നസ്രത്ത് എന്ന കൊച്ചു പട്ടണത്തിലേക്ക്, അവിടെയുള്ള ഒരു ചെറു ഭവനത്തിലേക്ക്, ആ ഭവനത്തിലെ ഒരു കന്യകയുടെ അടുത്തേക്ക്, അവളുടെ വികാരവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നു. സ്വർഗ്ഗം ഒരു പെൺകൊടിയെ സ്പർശിക്കുന്ന ചിത്രം. ദൈവം ഒരു കന്യകയിൽ വസന്തമൊരുക്കുന്ന ചിത്രം. അത്യുന്നതൻ തൊട്ടറിവാകുന്ന അനുഭവം. സുന്ദരമാണിത്. അതെ, ദൈവം നിന്റെ ഭവനത്തിലും അനുദിന ജീവിതത്തിന്റെ ആനന്ദത്തിലും ആകുലതയിലും ആലസ്യത്തിലും നിറവാകുന്ന അനുഭവത്തിന്റെ സുന്ദര വിവരണം.

എത്രയോ കർണ്ണസുഖപ്രദമാണ് ദൈവത്തിന്റെ വാക്കുകൾ! “ആനന്ദിക്കുക, കൃപനിറഞ്ഞവളെ”. വെറുമൊരു അഭിവാദനമല്ലിത്. ഹൃദയത്തിൽ ആന്ദോളനമുണ്ടാക്കാൻ സാധിക്കുന്ന നമ്മുടെ എല്ലാവരുടെയും ആന്തരിക ചോദനയുടെ ഉത്തരമാണിത്; ആനന്ദിക്കുക. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ദൂതൻ ഒന്നും ആവശ്യപ്പെടുന്നില്ല, ഒരു നിബന്ധനയും വയ്ക്കുന്നുമില്ല. മുട്ടുകുത്തുക, പ്രാർത്ഥിക്കുക തുടങ്ങിയ പാരമ്പര്യ ആത്മീയ പ്രവർത്തികളെയും ചിന്താ രീതികളെയും ദൂതൻ സ്വീകരിക്കുന്നില്ല. ഒരേ ഒരു കാര്യമാണ് ദൂതന് മറിയത്തിനോട് പറയാനുള്ളത്. ആനന്ദിക്കുക. സന്തോഷത്തിന്റെ ചക്രവാളത്തിലേക്ക് നിന്റെ ഹൃദയ വാതിലുകൾ തുറക്കുക. ഇതാണ് ദൈവത്തിന്റെ modus operandi – പ്രവർത്തനരീതി. അവൻ ആനന്ദം പകർന്നു തരുന്ന ചെറിയൊരു തെന്നലായി, തഴുകലായി, ആലിംഗനമായി നമ്മിലേക്ക് വരുന്നു. കൽപ്പനകളില്ല, മുട്ടുകുത്തലുകളില്ല, ആദരവിന്റെ ആചാരങ്ങളുമില്ല. ലളിതം. ആ ലാളിത്യത്തിൽ ഉറപ്പായി നിൽക്കുന്നത് ആനന്ദം മാത്രം.

“കൃപനിറഞ്ഞവളാണ് നീ”. ഇതിലും ലാവണ്യമുള്ള വിശേഷണം ഒരു പെൺകുട്ടിക്കും നൽകാൻ സാധിക്കില്ല. വിപ്ലവാത്മകമാണീ വാക്കുകൾ. അതിലടങ്ങിയിരിക്കുന്ന മാനങ്ങളുടെ സാന്ദ്രത അറിയാൻ ശ്രമിച്ചാൽ നമ്മൾ തോറ്റു പോകുകയേയുള്ളൂ. മനുഷ്യചരിത്രത്തിലൊ വിശുദ്ധ ഗ്രന്ഥത്തിന്റെ മറ്റു താളുകളിലൊ ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയെ കണ്ടെത്തുക അസാധ്യമാണ്. അതുകൊണ്ടാണ് വചനം കേട്ട പാടെ മറിയം അസ്വസ്ഥയായത്. എന്താണിതിന്റെ അർത്ഥം? കൃപ നിറഞ്ഞവൾ. കൃപ സമം ദൈവം. ദൈവത്താൽ നിറഞ്ഞവൾ. ദൈവത്തിന്റെ പ്രണയിനിയായവൾ. എത്ര സുന്ദരമാണീ വിശേഷണം! കൃപ നിറഞ്ഞവൾ. അതെ, ശാശ്വതമായി സ്നേഹിക്കപ്പെട്ടവൾ. ദൈവികതയുടെ മൃദു സ്നേഹത്തിന്റെ പര്യായമായവൾ. അവളുടെ പേരാണ് മറിയം. അത് ഒരു വ്യക്തിയുടെ പേരായി ചുരുങ്ങുന്നില്ല. അത് പിന്നീട് മനുഷ്യകുലത്തിന്റെ മുഴുവൻ പേരായി ഭവിക്കുന്നുണ്ട്, കുരിശിലൂടെ.

“കൃപ നിറഞ്ഞവൾ” – അതൊരു വിശേഷണം മാത്രമല്ല. അത് ദൈവീക പരിഗണനയുടെ സമാർത്ഥം കൂടിയാണ്. അവളുടെ സമ്മതമല്ല അവളെ കൃപ നിറഞ്ഞവളാക്കിയത്, ദൈവത്തിന് അവളോടുള്ള പ്രത്യേക താൽപര്യമാണ്. സ്നേഹിക്കപ്പെടുക എന്നത് ഒരു ഭാഗ്യമാണ്. അപ്പോൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്ന അവസ്ഥയെ എങ്ങനെ വിശേഷിപ്പിക്കും? അത് ഭാഗ്യത്തിന്റെ നിറവാണ്. ആ നിറവാണ് മറിയം. അവൾ ദൈവ സ്നേഹത്തിന്റെ നിറകുടമാണ്. ഈ ഭാഗ്യത്തിലാണ് നമ്മളും പങ്കുകാരാകുന്നത്. എല്ലാവരും കൃപ നിറഞ്ഞവരാകുന്നു. എല്ലാവരും ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരാകുന്നു. ആ സ്നേഹത്തിനു മുന്നിൽ നല്ലവനെന്നോ ചീത്തവനെന്നോ ധാർമിക വേർതിരിവില്ല. വലിയവനെന്നോ ചെറിയവനെന്നോ ശ്രേണി വ്യത്യാസവുമില്ല. എല്ലാവരിലും സ്വർഗ്ഗം സ്നേഹമായി നിറഞ്ഞിട്ടുണ്ട്.

ഇനിയാണ് നമ്മൾ മറിയത്തിന്റെ മനോഭാവത്തെയും വാക്കുകളെയും ധ്യാനിക്കേണ്ടത്. അസ്വസ്ഥതയാണോ അത്ഭുതമാണോ എന്ന് പറയാൻ പറ്റാത്ത സന്ദേശവുമായിട്ടാണ് ദൈവദൂതൻ അവളുടെ മുന്നിൽ നിൽക്കുന്നത്. ഭയമില്ലവളിൽ. അത് വ്യക്തമാണ്. ദൂതന്റെ അഭിവാദനത്തിനും സന്ദേശത്തിനും മുൻപിൽ എടുത്തുചാടി ഒരു മറുപടിയും പറയുന്നില്ല. അവൾ ചിന്തിക്കുന്നു; എന്താണ് ഈ അഭിവാദനത്തിന്റെ അർത്ഥം? എന്നിട്ടും അവൾ സമ്മതം മൂളുന്നില്ല. അതിനുമുമ്പ് അവൾക്ക് വിശദീകരണം വേണം. തന്റെ യുക്തിക്ക് നിരക്കാത്ത കാര്യമാണ് ദൂതൻ പറയുന്നത്. അവൾ ചോദിക്കുന്നു; ഇതെങ്ങനെ സാധിക്കും? അതെ, വ്യക്തത വേണം. ദൈവത്തിനോടു പോലും സമ്മതം മൂളുമ്പോൾ വ്യക്തതയുണ്ടാകണം. എന്തിനോടും ഏതിനോടും സമ്മതം മൂളികൊണ്ട് ഒരു അടിമയായി ജീവിക്കുന്നതിലല്ല ആത്മീയത അടങ്ങിയിരിക്കുന്നത്. ദൈവത്തിന്റെ മുമ്പിലും സംവാദാത്മകമായ ഒരു നിലപാടുണ്ടാകുക. ബുദ്ധിയും ബോധവും പണയപ്പെടുത്താൻ ആജ്ഞാപിക്കുന്ന ഒരു ദൈവത്തിന്റെ മുമ്പിലും മുട്ടുകുത്തേണ്ട ആവശ്യമില്ല. നിന്നോട് സംസാരിക്കുന്ന, നിന്നെ ശ്രദ്ധിക്കുന്ന ഒരു ദൈവത്തിന്റെ മുമ്പിൽ – മറിയം ഒരു സ്ത്രീയുടെ തനതായ പക്വതയോടെ നിന്നതുപോലെ – നിൽക്കുക എന്നിട്ട് അവൾ പറഞ്ഞതു പോലെ വ്യക്തമായ വിശദീകരണത്തിനു ശേഷം വ്യക്തമായ മറുപടി നൽകുക: ഇതാ, നിന്റെ ദാസി.

“ഇതാ, നിന്റെ ദാസി” – പൂർവ്വപിതാക്കന്മാരും പ്രവാചകന്മാരും ദൈവത്തിനോട് പറഞ്ഞ അതേ വാചകം. ദാസിയാണ്. അടിമയല്ല. വ്യത്യാസമുണ്ട്. അടിമ നിഷ്ക്രിയതയുടെ പര്യായമാകുമ്പോൾ, ദാസിയിലെ ഭാവാർത്ഥം ക്രിയാത്മകതയാണ്. ദൈവിക പ്രവർത്തികളിൽ പങ്കുചേരേണ്ടവളാണ് ഇനി മുതൽ മറിയം. അവളുടെ സമ്മതം അടിമത്തത്തിലേക്കുള്ള വഴി തുറക്കല്ലല്ല. സഹവർത്തിത്വത്തിലേക്കും സഹപ്രവർത്തനത്തിലേക്കുള്ള സ്വതന്ത്രമായ ഒരു നടന്ന കയറ്റമാണ്. അടിമത്തത്തിലേക്ക് സമ്മതം മൂളുക എന്നത് ആത്മീയതയിൽ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. പക്ഷെ ശുശ്രൂഷയുടെ ദാസ്യത്തിലേക്ക് സമ്മതം നൽകാൻ സാധിക്കുക ധീരർക്കു മാത്രമാണ്. അങ്ങനെയുള്ള ധീരരെ മനുഷ്യ ചരിത്രത്തിന്റെ താളുകളിൽ ഒത്തിരി കാണാൻ സാധിക്കും. പക്ഷേ മറിയം എന്ന ധീര ദാസിയുടെ മുൻപിൽ അവരെല്ലാം ചന്ദ്ര ശോഭ പോലെ മങ്ങിയ വെളിച്ചം മാത്രമാണ്.

മറിയത്തിന്റെ ജീവിതവും പ്രയാണവും നമ്മുടേതു കൂടിയാണ്. ഒരു ദൂതനെ സ്വർഗ്ഗത്തിൽനിന്നും നമ്മുടെ ഭവനത്തിലേക്കും അയച്ചിട്ടുണ്ട്. ആനന്ദിക്കുക, നീയും കൃപ നിറഞ്ഞവൻ തന്നെയാണ്. ദൈവം നിന്റെ ഹൃദയത്തിലും ഒരു കൂടാരം പണിയാൻ പോകുന്നു. അവന്റെ ആത്മാവ് ഒരു നിഴലായി നിന്നെ പൊതിയും. അത് നിന്നെ സേവനത്തിന്റെ പാതയിലൂടെ നടത്തും. നിന്റെ വാക്കുകളിലും പ്രവർത്തികളിലും ചിന്തകളിലും വിചാര-വികാര മനോഭാവങ്ങളിലും വചനമാകുന്ന യേശു ജന്മം കൊള്ളും. നീയും മറിയത്തെ പോലെ യേശുവിനെ ഉള്ളിൽ വഹിക്കുന്നവനായി മാറും.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker