ഫാ.ജസ്റ്റിൻ പനക്കൽ ഒ.സി.ഡി. രചിച്ച “മോൺ.റെയ്നോൾഡ്സ് പുരയ്ക്കൽ സർവെന്റ് ഓഫ് ഗോഡ്”എന്ന പുസ്തകം ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ പ്രകാശനം ചെയ്തു
നമ്മളെല്ലാം കർത്താവിന്റെ കുടുംബാംഗങ്ങൾ അല്ലേ? നമ്മിൽ ചില കുട്ടികൾ പാവപ്പെട്ടവർ ആയിപ്പോയി, സഹായിക്കണം...
ജോസ് മാർട്ടിൻ
ആലപ്പുഴ: ദൈവ ദാസൻ മോൺ.റെയ്നോൾഡ്സ് പുരയ്ക്കലിന്റെ 32-ാം ചരമ വാർഷിക ദിനത്തിൽ ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച അനുസ്മരണാ പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം പുസ്തകത്തിന്റെ ആദ്യപ്രതി കനോഷ്യൻ സന്ന്യാസിനീ സമൂഹാംഗം സി. മാർഗ്രറ്റിന് പീറ്ററിന്, ബിഷപ്പ് കൈമാറി. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ് ആറാട്ട്കുളം, ഫാ.ജസ്റ്റിൻ പനക്കൽ ഒ.സി.ഡി. രൂപതാ ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട്, ഫാ.ഇഗ്‌നേഷ്യസ് ചുള്ളിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മോൺ.റെയ്നോൾഡ്സ് പുരയ്ക്കൽ സ്വർഗ്ഗത്തിലേക്ക് യാത്രയായതിന്റെ 32-ാം ചരമ വാർഷിക ദിനത്തിന്റെ അനുസ്മരണാ സന്ദേശത്തിൽ “മോൺ.റെയ്നോൾഡ്സ് പുരയ്ക്കൽ സർവെന്റ് ഓഫ് ഗോഡ്” എന്ന പുസ്തകത്തിന്റെ രചയിതാവ് റവ.ഡോ.ജസ്റ്റിൻ പനക്കൽ ഒ.സി.ഡി. മോൺ.റെയ്നോൾഡ്സ് പുരയ്ക്കലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. തന്റെ ബാല്യകാലത്ത് 9 വർഷക്കാലം തനിക്ക് ആശ്രയമായിരുന്ന റെയ്നോൾഡ് അച്ചൻ, ഭക്ഷണത്തോടും, ജലത്തോടും, പാർപ്പിടത്തോടുമൊപ്പം വിദ്യാഭ്യാസവും നൽകി; കൂടാതെ സംഗീതത്തിന്റെ ലോകത്തേയ്ക്കും കർമ്മലീത്താ സമൂഹത്തിലേക്കും എന്നെ ആനയിച്ചു.
തുടർന്ന്, റവ.ഡോ.ജസ്റ്റിൻ പനക്കൽ ഒ.സി.ഡി. മോൺ.റെയ്നോൾഡ്സ് പുരയ്ക്കലിന്റെ ജീവിതത്തിലെ രണ്ടു പുണ്യങ്ങളെ കുറിച്ച് വിവരിച്ചു. ഒന്നാമത്തേത് അദ്ദേഹത്തിന്റെ ക്ഷമാശീലമായിരുന്നു; ഡീക്കൻ പട്ട സ്വീകരണത്തിനുശേഷവും തന്റേതല്ലാത്ത കാരണത്താൽ വീട്ടിൽ നിൽക്കേണ്ടി വന്ന അവസ്ഥയിൽ അദ്ദേഹം പുലർത്തിയ ക്ഷമയും സഹനവും ആരെയും അതിശയിപ്പിക്കും. തന്റെ പിതാവ് ഒരു ബന്ധുവിനോട് കടപ്പെട്ടിരുന്ന പണം കൊടുത്തു തീർക്കാൻ പറ്റാതിരിക്കുകയും, ആ വ്യക്തിയുടെ സ്വാധീനത്താൽ സഭാ അധികാരികൾ പണം കൊടുത്ത് തീർത്തതിനു ശേഷം മാത്രമേ റെയ്നോൾഡ്സിന് പട്ടം കൊടുക്കാവൂ എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. വളരെ ക്ഷമാപൂർവം അതിനെ സഹനത്തോടെ സ്വീകരിക്കുവാൻ ഡീക്കൻ റെയ്നോൾഡ്സ് പുരയ്ക്കലിന് സാധിച്ചു. ഒടുവിൽ, കൊച്ചിയിൽ പുതിയ പോർച്ചുഗീസ് ബിഷപ്പ് സ്ഥാനമേൽക്കുകയും, സെമിനാരി മേലധികാരികളിൽ നിന്ന് ഡീക്കൻ റെയ്നോൾഡ്സിന്റെ മാതൃകാപരമായ ജീവിതത്തെ കുറിച്ച് അറിയാൻ ഇടയാവുകയും, തുടർന്ന് രഹസ്യമായി 1937-ൽ കൊച്ചി അരമന കപ്പേളയിൽ വച്ച് അദ്ദേഹത്തിന് തിരുപട്ടം നൽകുകയുമായിരുന്നു. തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാൻ അനുജൻ ജോൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അമ്മ സുഖമില്ലാതെ വീട്ടിലും. തന്റെ തിരുപ്പട്ടം ആഘോഷങ്ങളിലാതെ നടത്തേണ്ടിവന്നതിൽ അദ്ദേഹത്തിൽനിന്ന് പ്രകോപനപരമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല, ആരോടും പരാതി പറഞ്ഞില്ല; മറിച്ച്, ആ ബന്ധുവിനോട് ക്ഷമിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വൈദികൻ എന്ന നിലയിൽ നൽകേണ്ട എല്ലാ സേവനവും തന്റെ മരണം വരെ നൽകുകയുമായായിരുന്നു മോൺ.റെയ്നോൾഡ്സ് പുരയ്ക്കൽ ചെയ്തത്. ചുരുക്കത്തിൽ, ദൈവദാസൻ തന്റെ വൈദിക ജീവിതം ആരംഭിച്ചത് കുരിശിൽ കിടന്ന കർത്താവിനെ അനുഗമിച്ചു കൊണ്ടായിരുന്നു.
രണ്ടാമത്തേത്; അദ്ദേഹത്തിന് നിർധനരായ കുട്ടികളോടുള്ള പിതൃവാത്സല്യമായിരുന്നു. ‘ഏവരും സഹോദരങ്ങൾ’ എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരിക്കുന്നതുപോലെ, ‘നമ്മളെല്ലാം കർത്താവിന്റെ കുടുംബത്തിലെ അംഗങ്ങളല്ലേ’ എന്ന മനോഭാവമായിരുന്നു മോൺ.റെയ്നോൾഡ്സ് പുരയ്ക്കലിന്റേത്. നിർധനരായ കുട്ടികൾക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുമ്പോൾ റെയ്നോൾഡ്സ് അച്ചൻ പറയുമായിരുന്നു ‘നമ്മളെല്ലാം കർത്താവിന്റെ കുടുംബാംഗങ്ങൾ അല്ലേ? നമ്മിൽ ചില കുട്ടികൾ പാവപ്പെട്ടവർ ആയിപ്പോയി, സഹായിക്കണം’.
ഇന്ന്, കൊറോണാ വൈറസ് നമ്മെ പഠിപിക്കുന്നു ‘നാം ഒരു ഫാമിലിയാണെന്ന്’ നിനക്ക് ദാനമായി കിട്ടി, നീ ദാനമായി നൽകുക. ഈ സന്ദേശമാണ് മോൺ.റെയ്നോൾഡ്സ് തന്റെ പ്രവർത്തികളിലൂടെ നമുക്ക് കാണിച്ചു തന്നിട്ടുള്ളതും, റവ.ഡോ.ജസ്റ്റിൻ പനക്കൽ ഒ.സി.ഡി. പറഞ്ഞു.