വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്
റിക്കാര്‍ഡഡ് ഫ്യൂച്ചര്‍ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്...
സ്വന്തം ലേഖകൻ
റോം: വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുമായുള്ള ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ‘ഹോങ്കോംഗ് സ്റ്റഡി മിഷനനും’, റോമിലെ ‘പൊന്തിഫിക്കല്‍ ഇൻസ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന് മിഷന്‍സ്’ ആസ്ഥാനവുമാണ് ആക്രമണത്തിനിരയായത്. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ‘റിക്കാര്‍ഡഡ് ഫ്യൂച്ചര്‍’ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്.
2018-ൽ ഒപ്പിട്ട ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച ചർച്ചയും, ചൈനയുടെ വത്തിക്കാനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള നടപടികളും സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെ നടത്തപ്പെട്ട സൈബർ വിങ് ആക്രമണത്തെ കരാര്ചര്ച്ചകളില് മുന്‍കൈ നേടാന്‍ വേണ്ടിയുള്ളതായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെഡ്ഡെല്റ്റ എന്ന സൈബർ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2018-ല്‍ സുപ്രധാന കരാര്‍ ഉണ്ടാക്കിരുന്നു. ആ കരാർ പ്രകാരം വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാര്ക്ക് വത്തിക്കാൻ അംഗീകാരം നൽകിയിരുന്നു. ഈ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചയാണു സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുന്നത്.