കൂട്ടുകാരൻ കൂടെയുണ്ടാവും…
നമുക്ക് സമ്പത്തും, ആരോഗ്യവും, പേരുംപ്രശസ്തിയും ഉള്ളപ്പോൾ ഒത്തിരി പേർ ഉണ്ടാകും...
പട്ടാളത്തിൽ സേവനം ചെയ്യുന്ന മകൻ നാട്ടിൽ അമ്മയ്ക്ക് എഴുതി. “രണ്ടാഴ്ചയ്ക്കകം ഞാൻ നാട്ടിൽ വരും”. അമ്മ സന്തോഷപൂർവ്വം മറുപടി എഴുതി; അപ്പോഴേക്കും വീടിന്റെ പണി പൂർത്തിയാകും. രണ്ടുമാസക്കാലം അവധിക്ക് നാട്ടിൽ വരണം. വരുന്ന ചിങ്ങത്ത് നിനക്ക് 28 വയസ്സാണ്. ഇത്തവണ വിവാഹം കഴിഞ്ഞിട്ട് പോയാൽ മതി. പിന്നെ പെൺകുട്ടിയുടെ വീട്ടുകാർക്കും വിവാഹം ഉടനെ നടത്തണം എന്നാണ് ആഗ്രഹം. മരുന്നിന്റെ മണം തളംകെട്ടി നിന്നിരുന്ന ആശുപത്രിക്കിടക്കയിൽ ഇരുന്ന് അവൻ ആ കത്ത് ഒത്തിരി തവണ വായിച്ചു.
പാവം അമ്മ! അപ്പൻ മരിച്ച ശേഷം അമ്മ ഒറ്റയ്ക്കാണ്. കെട്ടിച്ചയച്ച സഹോദരി ആഴ്ചയിലൊരിക്കൽ അമ്മയെ കാണാൻ വരും. അപ്പനും അമ്മയും നല്ല ചങ്ങാതികൾ ആയിരുന്നു. ഹൃദയസ്തംഭനംമൂലം അപ്പൻ മരിച്ചു. അമ്മയ്ക്ക് താങ്ങാവുന്നതിൽ കൂടുതൽ വേദന ഉണ്ടാക്കിയ മരണം. മൂന്നു മാസം തികയുന്നതിനു മുൻപ് അമ്മയ്ക്ക് ഒരു 30 വയസ്സ് കൂടിയതുപോലെ ഷുഗറും, പ്രഷറും, കൊളസ്ട്രോളും, വാതത്തിന്റെ അസുഖവും… അപ്പന്റെ മരണം അമ്മയുടെ മനോബലം വല്ലാതെ തകർത്തിരിക്കുന്നു. മന:ശക്തി ക്ഷയിക്കുമ്പോൾ രോഗപ്രതിരോധശക്തി കുറയും നാം എളുപ്പത്തിൽ രോഗികളായി തീരും… വൈദ്യശാസ്ത്രത്തിന്റെ നിഗമനങ്ങൾ ശരിയാണ്. കത്ത് വായിച്ചപ്പോൾ ഒരു നിമിഷം മനസ്സ് നാട്ടിലേക്ക് കുതിച്ചതാണ്. കയ്യിലിരുന്ന കത്ത് നനഞ്ഞ കാര്യം അപ്പോഴാണ് മനസ്സിലായത്. അമ്മയ്ക്ക് എഴുതാനുള്ള മറുപടി തയ്യാറാക്കുന്ന ധൃതിയിൽ ആയിരുന്നു അവന്റെ മനസ്സ്.
പിറ്റേദിവസം അമ്മയ്ക്ക് മറുപടി എഴുതി. “അമ്മേ ഇത്തവണ നാട്ടിൽ വരുമ്പോൾ എന്റെ കൂട്ടുകാരൻ കൂടെയുണ്ടാവും”… പിന്നെ കല്യാണം “ശാലിനി” യുടെ പഠനം കഴിഞ്ഞിട്ട് മതിയെന്ന് വീട്ടുകാർ തന്നെ സമ്മതിച്ചതല്ലേ? അമ്മ മരുന്ന് എല്ലാം കൃത്യമായി കഴിക്കുന്നുണ്ടല്ലോ? ബാക്കി അടുത്ത കത്തിൽ!!! പാവം അമ്മ… ഇനി എത്ര നാൾ…? അമ്മയുടെ മറുപടി കത്തുകിട്ടി. നാട്ടിലെ വിശേഷങ്ങൾ കാര്യമായിട്ട് എഴുതിയിട്ടുണ്ട്. അമ്മയുടെ കത്തിന് മറുപടി എഴുതിയപ്പോൾ ഒരു വാചകം അടിവരയിട്ട് എഴുതാൻ പ്രത്യേകം ശ്രദ്ധിച്ചു. അമ്മേ എന്റെ കൂട്ടുകാരന്റെ ഇടതുകൈ “ട്രക്ക് മറിഞ്ഞു നഷ്ടപ്പെട്ടു പോയതാണ്. അവനെ കൊണ്ടുവരുന്നതിൽ അമ്മയ്ക്ക് പ്രയാസം ഇല്ലല്ലോ? അമ്മയുടെ മറുപടി കിട്ടിയപ്പോൾ മനസ്സിനൊരു കുളിർമ്മ, സന്തോഷം. നിന്റെ കൂട്ടുകാരൻ അല്ലേ? നീ കൂട്ടുകാരനെ കൂടെകൊണ്ടു വരുന്നതിൽ സന്തോഷമേ ഉള്ളൂ…. !!! ആ കത്തിന് മറുപടി എഴുതുമ്പോൾ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു…
അമ്മേ എന്റെ കൂട്ടുകാരന്റെ ഒരു കാലും നഷ്ടപ്പെട്ടിട്ടുണ്ട്…!!! എന്തായിരിക്കും അമ്മയുടെ മറുപടി? അമ്മയുടെ കത്ത് കിട്ടുന്നതുവരെ വല്ലാത്ത പിരിമുറുക്കവും ഉത്കണ്ഠയും ആയിരുന്നു. കത്ത് പൊട്ടിച്ചു നോക്കി. രണ്ടേ രണ്ടു വരികൾ മാത്രം. “ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ട നിന്റെ കൂട്ടുകാരനെ ഒഴിവാക്കുന്നതാണ് നല്ലത്. നമുക്കൊരു “ബാധ്യത” ആകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അമ്മയുടെ വാക്കുകൾ ഒരായിരം വട്ടം ആ മുറിയിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു…” നിന്റെ കൂട്ടുകാരനെ ഒഴിവാക്കണം… അവൻ ഒരു ബാധ്യതയാണ്…? ആ കത്തിന് മറുപടി എഴുതിയില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ഒത്തിരി മിലിട്ടറി വാനുകൾ… രണ്ടു പെട്ടികൾ… അമ്മ ബോധം കെട്ടു വീണു… !!! വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ ശ്രമിക്കാം. നമുക്ക് സമ്പത്തും, ആരോഗ്യവും, പേരുംപ്രശസ്തിയും ഉള്ളപ്പോൾ ഒത്തിരി പേർ ഉണ്ടാകും. എന്നാൽ, മേൽപ്പറഞ്ഞവ നഷ്ടപ്പെടുമ്പോൾ രക്തബന്ധങ്ങൾക്കു പോലും നമ്മെ ഉൾക്കൊള്ളാൻ കഴിയണമെന്ന് വരില്ല. സ്വന്തം മകനെ പോലെ മകന്റെ കൂട്ടുകാരനെ കണ്ടതിനാലാണ് ഒരു കൈ നഷ്ടപ്പെട്ടിട്ടും കൂട്ടുകാരനെ സ്വീകരിക്കാൻ സന്നദ്ധത കാട്ടിയത്. ഇവിടെ ഇത്രയും വലിയ ഒരു “ആഘാതം” (തന്റെ കൈകാലുകൾ വാഹനാപകടത്തിൽ നഷ്ടപ്പെട്ട വസ്തുത) അമ്മയ്ക്ക് താങ്ങാൻ കഴിയില്ല എന്നതിനാൽ “മാനസികമായി” അമ്മയെ ബലപ്പെടുത്താനുള്ള ശ്രമമായിരുന്നു. ജീവിതത്തിൽ ദുഃഖവും ദുരന്തവും ഉണ്ടാകുമ്പോൾ “മനശക്തി” തളരാതിരിക്കട്ടെ. ജാഗ്രത!!!