Kerala

ജൈവസമൃദ്ധി പദ്ധതി ഉദ്‌ഘാടനം ചെയ്തു

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാർഷിക വിപ്ലവത്തിനാണ് തുടക്കമായിരിക്കുന്നത്...

സ്വന്തം ലേഖകൻ

കാട്ടാക്കട: ‘സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്തമായ കാട്ടാക്കട മണ്ഡലം’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായ “ജൈവസമൃദ്ധി പദ്ധതി”യുടെ മണ്ഡലംതല ഉദ്ഘാടനം കാട്ടാക്കട കട്ടയ്ക്കോട് സെന്റ് ആന്റണീസ് പള്ളി മുറ്റത്ത് മുരിങ്ങ തൈയും പപ്പായ തൈയും നട്ടുകൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ. നിർവ്വഹിച്ചു. സെന്റ് ആന്റണീസ് ഇടവകവികാരിയും വികാരിയും കട്ടയ്ക്കോട് ഫെറോനാ വികാരിയുമായ ഫാ.റോബർട്ട് വിൻസെന്റും, കട്ടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.സുബ്രമണ്യവും സന്നിഹിതരായിരുന്നു.

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാർഷിക വിപ്ലവത്തിനാണ് കാട്ടാക്കട മണ്ഡലത്തിൽ ഇന്നലെ തുടക്കമായിരിക്കുന്നത്. മണ്ഡലത്തിലാകെ 96.6 ഹെക്ടർ ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. മണ്ഡലംതല ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ കട്ടയ്ക്കോട് വാർഡിലെ എല്ലാ വീട്ടിലും കട്ടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ മുരിങ്ങ തൈയും പപ്പായ തൈയും സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് എത്തിച്ചു.

കൂടാതെ, പഞ്ചായത്ത്തല ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിൻകാലയിൽ 7 പറ നിലത്തിൽ നെൽകൃഷിയും ആരംഭിച്ചു. മെയ് 25 മുതൽ മെയ് 30-നുള്ളിൽ മണ്ഡലത്തിലെ മറ്റ് 5 പഞ്ചായത്തുകളിലും ഒന്നാംഘട്ട കൃഷി ആരംഭിക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, നെൽകൃഷി, കേരകൃഷി, മരചീനി കൃഷി, കിഴങ്ങ് വർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയാണ് പ്രധാനമായും ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.

കർഷകർക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും ലഭ്യമാക്കാൻ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ‘സുഭിക്ഷ കേരളത്തിനായ് കാർഷിക സ്വയംപര്യാപ്ത മണ്ഡലം’ എന്ന ലക്ഷ്യം സാധ്യമാകുംവിധം എല്ലാതരം കൃഷി രീതികളും അവലംബിച്ച് മണ്ഡലത്തിന് ആവശ്യമായ കാർഷിക ഉത്പനങ്ങൾ മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker