5th Sunday of Lent_Year A_അസംഭവ്യമായത് സംഭവിക്കുമോ?
വിപ്രവാസ കാലത്ത് യഹൂദർ അനുഭവിച്ച ആത്മീയ-സാമൂഹിക പ്രതിസന്ധി ഇന്ന് നാം നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്നുണ്ട്...
തപസ്സുകാലം അഞ്ചാം ഞായർ
ഒന്നാം വായന: എസക്കിയേൽ 37:12-14
രണ്ടാം വായന: റോമ 8:8-11
സുവിശേഷം: വി.യോഹന്നാൻ 11:1-45
വചന വിചിന്തനം
ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും പുനരുത്ഥാനവുമായി ബന്ധപ്പെട്ട തിരുവചനങ്ങൾ ആണ് നാം ശ്രവിച്ചത്. ഒന്നാം വായനയിൽ എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ അസ്ഥികളുടെ താഴ് വരയിൽ ദൈവവചനമനുസരിച്ച് നിർജ്ജീവമായ അസ്ഥികൾക്ക് ജീവൻ വയ്ക്കുന്നതും, അവയുടെമേൽ കർത്താവിന്റെ ആത്മാവ് വരുന്നതുമാണ് നാം ശ്രവിക്കുന്നതെങ്കിൽ; സുവിശേഷത്തിൽ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്ന് വിടവാങ്ങിയ ലാസറിനെ യേശു വീണ്ടും ജീവിപ്പിക്കുന്ന താണ് നാം കാണുന്നത്. മരണവും പുനരുത്ഥാനവുമായി ബന്ധപ്പെട്ട ഇന്നത്തെ തിരുവചനങ്ങൾക്ക് നമ്മുടെ ആനുകാലിക, ആത്മീയ, സാമൂഹ്യ ജീവിതത്തിനും ഒരു സന്ദേശം നൽകാനുണ്ട്.
അസ്ഥികളുടെ താഴ് വര
പുരോഹിതനായിരുന്നു എസക്കിയേൽ. ബി.സി. 597-ൽ ജെറുസലേമിലെ മറ്റ് കുലീനരോടൊപ്പം നബുക്കദ്നേസർ രാജാവ് എസക്കിയേൽനെയും കൂട്ടരെയും ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുവന്നു. അങ്ങനെ വിപ്രവാസത്തിൽ ബാബിലോണിലെ കേബാർ നദിയുടെ തീരത്ത് ആയിരിക്കുമ്പോൾ എസക്കിയേലിന് ആദ്യ ദൈവദർശനം ഉണ്ടാകുന്നു. ആദ്യ കാലഘട്ടത്ത് ജെറുസലേം ദൈവാലയവും പട്ടണവും നശിക്കപ്പെടാതിരുന്നതുകൊണ്ട് ദൈവജനം ചെയ്ത പാപത്തിന്റെ പരിഹാരത്തെ കുറിച്ചും, മാതൃരാജ്യവും ദേവാലയവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും ആയിരുന്നു എസക്കിയേലിന്റെ പ്രവചനങ്ങൾ. എന്നാൽ ഏകദേശം പത്തു വർഷങ്ങൾ കഴിഞ്ഞപ്പോൾ ജെറുസലേം ദൈവാലയവും നഗരവും ബിസി 586-587 കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ എസക്കിയേലിന്റെ പ്രവാചക ദൗത്യം ഏറ്റവും ദുഷ്കരമായി. മാതൃരാജ്യവുമായി ബന്ധിപ്പിക്കുന്ന യഹൂദരുടെ ആത്മീയ-രാഷ്ട്രീയ-സാമൂഹിക സിരാകേന്ദ്രമായ ദേവാലയവും പട്ടണവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി എന്ത് പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്? എന്തിന്റെ പേരിലാണ് അവർ പ്രതീക്ഷ വക്കേണ്ടത്? വിപ്രവാസത്തിൽ ആയിരുന്ന ജനം ഏറ്റവും ഭീകരമായ നിരാശയിലേക്കും, വിഷാദത്തിലേക്കും, ദുഃഖത്തിലേക്കും കൂപ്പുകുത്തി. ഇനി ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു കണിക പോലും ഇല്ല. എല്ലാം വറ്റിവരണ്ടു. യഹൂദ ജനത്തിന്റെ ഈ മാനസികാവസ്ഥയെ ആണ് പ്രവാചകൻ “അസ്ഥികളുടെ താഴ് വര” ആയി ചിത്രീകരിക്കുന്നത്. ജീവന്റെ ഒരംശം പോലും ഇല്ലാതെ വറ്റിവരണ്ട അസ്ഥികൾ മാത്രം. നിരാശയുടെയും ഉപേക്ഷിക്കപ്പെടലിന്റെയും ഏറ്റവും ഭീകരമായ അവസ്ഥയാണിത്.
വറ്റിവരണ്ട അസ്ഥികളിൽ മനുഷ്യൻ എന്ത് പ്രതീക്ഷയാണ് വയ്ക്കുന്നത്?
ഒരു പ്രതീക്ഷയും ഇല്ലാത്ത, വിശ്വാസം പോലും സംശയിക്കപ്പെടുന്ന ഈ അവസ്ഥയെ ഇന്നത്തെ സുവിശേഷത്തിലെ 2 വാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാം. ലാസർ മരിച്ചു നാല് ദിവസം കഴിഞ്ഞ് ലാസറിന്റെ ഭവനത്തിൽ എത്തിയ യേശുവിനോട് മാർത്താ പറയുകയാണ്” കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയിയായിരുന്നു” ലാസറിന്റെ മരണവാർത്തയറിഞ്ഞ് കണ്ണീർ പൊഴിച്ച യേശുവിനെ നോക്കി ചിലർ പറഞ്ഞു: “അന്ധന്റെ കണ്ണുതുറന്ന ഈ മനുഷ്യന് ഇവനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?” ഈ വാക്യങ്ങളുടെ എല്ലാം പിന്നിലുള്ള വികാരം “ലാസർ മരണാസന്നനായി കിടന്നപ്പോൾ യേശു എവിടെയായിരുന്നു?” എന്നാണ്. ഇതാണ് യഹൂദർ ബാബിലോണിൽ വിപ്രവാസ കാലത്തും ചോദിച്ചത്. നാം വിപ്രവാസത്തിൽ ആയിരിക്കുമ്പോൾ, ദേവാലയവും ബലിയർപ്പണവും ഇല്ലാത്ത ഈ കാലഘട്ടത്തിൽ, നാം ഉണങ്ങിയ അസ്ഥിപോലെ നാമാവശേഷമായ കാലത്ത് ദൈവം എവിടെയാണ്?
ഇതേ ചോദ്യം ഇന്ന്പകർച്ചവ്യാധി നമ്മെ വേട്ടയാടുമ്പോൾ, നമ്മുടെ ദേവാലയങ്ങൾ അടയ്ക്കപ്പെടുമ്പോൾ, ബലിയർപ്പണങ്ങളിൽ പങ്കുചേരാൻ സാധിക്കാതെ വരുമ്പോൾ, ഇന്നലെവരെ ജീവിച്ചനമ്മുടെ സാധാരണ ജീവിതത്തിൽ നിന്ന് ബലാത്കാരമായി ആത്മീയ – സാമൂഹിക വിപ്രവാസത്തിലേക്ക് മാറാൻ നാം നിർബന്ധിതരാകുമ്പോൾ, നമ്മുടെ ഭവനങ്ങളിൽ ഭക്ഷണം കുറയുമ്പോൾ, നാമും ചോദിക്കാറുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ ദൈവം എവിടെയാണ്? ദിനംപ്രതി നാമും പ്രതീക്ഷ നശിച്ചവരായി, വിഷാദത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വിപ്രവാസ കാലത്ത് യഹൂദർ അനുഭവിച്ച ആത്മീയ-സാമൂഹിക പ്രതിസന്ധി ഇന്ന് നാം നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്നുണ്ട്. നമുക്ക് പ്രതീക്ഷയുണ്ടോ?
ജീവന്റെ വസന്തം
വരണ്ടുണങ്ങിയ അസ്ഥികളുടെമേൽ ദൈവത്തിന്റെ അരൂപി വരുന്നു. കല്ലറകൾ തുറന്ന് ജീവനിലേക്ക് ദൈവം എല്ലാവരെയും തിരികെ കൊണ്ടുവരും. ഈ വലിയ വാഗ്ദാനം ദൈവം എസക്കിയേൽ പ്രവാചകനിലൂടെ നൽകുന്നു. ദൈവാലയവും പട്ടണവും നഷ്ടപെട്ട്, ഇനിയൊരിക്കലും ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കില്ല എന്ന് ചിന്തിക്കുന്ന വിപ്രവാസത്തിലെ ജനത്തിന് പുതുജീവൻ ലഭിക്കുകയാണ്. വിജയവും, തിരികെ പോക്കും ഏറ്റവും അസംഭവ്യമാണ് തോന്നുമ്പോഴും ദൈവം തന്റെ ശക്തി പ്രകടമാക്കും എന്നും, അവരുടെ കണ്ണുനീർ തുടച്ചു അവർക്ക് പുതുജീവൻ നൽകുമെന്നും പ്രവാചകനിലൂടെ ദൈവം വ്യക്തമാക്കുന്നു. “എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളെ നിങ്ങളുടെ സ്വന്തം ദേശത്ത് വസിപ്പിക്കും. കർത്താവായ ഞാൻ ആണ് ഇത് പറഞ്ഞതൊന്നും, പ്രവർത്തിച്ചതെന്നും അപ്പോൾ നിങ്ങൾ അറിയും”. ഇത് യഹൂദ ജനത്തിന് ദൈവം കൊടുക്കുന്ന ഉറപ്പാണ്. മോശയോടൊപ്പം ചേർന്ന് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രയേലിനെ മോചിപ്പിച്ച ദൈവം. ഇതേ ദൈവം തന്നെ ഈ പ്രവാസത്തിൽ നിന്നും, കണ്ണീരിൽ നിന്നും അവരെ മോചിപ്പിക്കുമെന്നും ഉറപ്പുനൽകുന്നു. ദൈവം വാക്കുപാലിച്ചു. ബി.സി. 538 മുതൽ വിപ്രവാസത്തിൽ കഴിഞ്ഞവർ ജറുസലേമിലേക്ക് തിരികെ വന്നു തുടങ്ങി. ബിസി 520 നും 515 നും ഇടയിൽ ജെറുസലേം ദേവാലയം വീണ്ടും പുനർനിർമ്മിക്കപ്പെട്ടു.
സുവിശേഷത്തിൽ മാർത്തയുടേയും യേശുവിനെ സംശയിച്ചവരുടെയും അവിശ്വാസത്തിന് “ഞാനാണ് പുനരുത്ഥാനവും ജീവനും, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” എന്നു പറഞ്ഞുകൊണ്ട്, യേശു ലാസറിനെ ഉയിർപ്പിക്കുന്നു. ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും ഇന്നത്തെ നമ്മുടെ അവസ്ഥയിൽ നമുക്ക് പ്രതീക്ഷയും ശക്തിയും ഊർജ്ജവും നൽകുന്നു. അസ്ഥികളുടെ താഴ് വര പോലെ പ്രതീക്ഷയുടെ ഒരു കണികപോലും നമ്മിൽ ശേഷിക്കുന്നില്ലെങ്കിലും, ലാസറിന്റെ കല്ലറപോലെ എല്ലാം അവസാനിച്ചു എന്ന് നാം ചിന്തിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് നമ്മുടെ ഇടയിൽ പ്രവർത്തിക്കും. അവൻ നമ്മിൽ പുതുജീവൻ നിറയ്ക്കും. നാം ഭയപ്പെടേണ്ട കാര്യമില്ല. വിശ്വാസത്തോടെ മുന്നോട്ട് ജീവിക്കാം.
ആമേൻ.