Daily Reflection

ശത്രുവെന്ന വേലിയും, മിത്രമെന്ന പാലവും

ദൈവത്തോടുള്ള അകലം കുറയുന്നതനുസരിച്ച് അപരനോടുള്ള അകലം കുറയുന്നു...

നീ “ഈ” ചട്ടങ്ങളും വിധികളും പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ ശ്രദ്ധാപൂർവ്വം കാത്തുപാലിക്കണം. അപ്പോൾ നിന്റെ ദൈവമായ കർത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും. (നിയമാ. 26:16,19b). എന്തായിരുന്നു കർത്താവു പഠിപ്പിച്ച “ഈ” പ്രധാനമായ കല്പന? റോമാക്കാർക്കു എഴുതിയ ലേഖനത്തിൽ നിയമങ്ങൾ പഠിച്ച പൗലോസപ്പോസ്തലൻ പഠിപ്പിക്കുന്നതിങ്ങനെ: “എല്ലാ കല്പനകളും നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു (റോമാ.13:9). ലേവ്യർ 19:18-ന്റെ അടിസ്ഥാനത്തിലാണ് അപ്പോസ്തോലൻ ഇങ്ങനെ പഠിപ്പിക്കുന്നത്. ലേവ്യർ 19:18 ൽ പറയുന്നു: “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”.

എന്നാൽ, ‘അയൽക്കാരൻ ആരാണ്’ എന്ന വ്യാഖ്യാനത്തിലാണ് ജനങ്ങൾക്ക് തെറ്റുപറ്റിയത്. അതുകൊണ്ട് ‘അയൽക്കാരനെ സ്നേഹിക്കണം, ശത്രുവിനെ ദ്വേഷിക്കണം’ എന്നു വ്യാഖ്യാനിക്കാനും, പഠിപ്പിക്കാനും, ജീവിക്കാനും തുടങ്ങി. ആ വ്യാഖ്യാനത്തെയും ജീവിതരീതികളെയുമാണ് യേശു തിരുത്തുന്നത്. അയൽക്കാരൻ ആര്, എന്ന അന്വേഷണത്തിൽ വിരലിൽ എണ്ണാവുന്ന കുറച്ചുപേരെ അയൽക്കാരായി ചേർത്തുനിർത്തി, അങ്ങനെ ബാക്കിയുള്ളവരൊക്കെ ശത്രുക്കളാക്കി പരിഗണിക്കപ്പെട്ടു. ആ മനോഭാവമാണ് യേശു തിരുത്തുവാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് യേശു പഠിപ്പിച്ചത്; നീ നിന്റെ അയൽക്കാരനെ തേടുമ്പോൾ, ശത്രുക്കൾ എന്ന് കരുതി മാറ്റി നിറുത്തി ഉണ്ടാക്കിവച്ച മതിൽക്കെട്ടുകൾ പൊളിച്ചുമാറ്റണം. കാരണം, നീ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മകനോ, മകളോ ആണെങ്കിൽ പിതാവായ ദൈവം പരിപൂർണ്ണയിരിക്കുന്നതുപോലെ നീയും പരിപൂർണ്ണനായിരിക്കണം.

പിതാവായ ദൈവത്തിന്റെ പരിപൂർണ്ണത, ദുഷ്ടന്റെ മേലും ശിഷ്ടന്റെ മേലും ഒരുപോലെ മഞ്ഞും മഴയും പൊഴിക്കുന്ന സ്നേഹമാണ്. അവിടുത്തെ മുന്നിൽ ദുഷ്ടനും ശിഷ്ടനും ഉണ്ട്; പക്ഷെ ശത്രുവും മിത്രവുമില്ല. എന്നുവച്ചാൽ ദുഷ്ടനും ശിഷ്ടനും ആകുന്നത് ഓരോരുത്തരുടെ കുറവോ നന്മയോ മൂലമാകാം, എങ്കിലും അവിടുത്തെ മുന്നിൽ ആ കുറവുകൾപ്പുറം സ്നേഹത്തിന്റെ ഒരു നിറവുണ്ട്. ആയതിനാൽ, എല്ലാവരും അവിടുത്തേക്ക്‌ അയൽക്കാരനാണ്. ‘ശത്രുവെന്ന മതിൽകെട്ട്’ പൊളിച്ചുമാറ്റുമ്പോഴാണ് നമ്മൾ അവിടുത്തെ യഥാർത്ഥ സ്വഭാവമുള്ള മക്കളായി മാറുന്നത്.
ഈ മതിലുകൾ പൊളിച്ചുമാറ്റാൻ ഒരേയൊരു ആയുധമേ ആവശ്യമായുള്ളൂ, “അവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ”. കാരണം, പ്രാർത്ഥനയെന്നാൽ ബന്ധമാണ്. ദൈവത്തോടുള്ള അകലം കുറയുന്നതനുസരിച്ച് അപരനോടുള്ള അകലം കുറയുന്നു. അല്ലെങ്കിൽ അപരനോടുള്ള അകലം കൂടുന്നതനുസരിച്ചു ദൈവത്തോടുള്ള അകലം കൂടും. കാരണം നമ്മൾ അവിടുത്തെ മക്കൾ എന്ന സ്വഭാവത്തിന് അർഹരല്ലാതായി മാറുന്നു.

നോമ്പുകാലത്തിന്റെ ഒരാഴ്ച്ച പിന്നിടുന്ന നമുക്ക് ഉള്ളിന്റെ ഉള്ളിൽ ഉത്തരങ്ങൾ കണ്ടെത്തേണ്ട ചില ചോദ്യങ്ങൾ നൽകുന്നു: ആരൊക്കെയാണ് എന്റെ അയൽക്കാരൻ? ആരൊക്കെയാണ് ഞാൻ ശത്രുവായി മാറ്റി നിർത്തി വേലിക്കെട്ടുകൾ കെട്ടിവച്ചിരിക്കുന്നത്?

പ്രാർത്ഥനയാകുന്ന വലിയ ആയുധം കൊണ്ട് ‘ശത്രുക്കൾ എന്ന വേലിക്കെട്ടുകൾ’ പൊളിച്ചുമാറ്റി, ‘മിത്രങ്ങൾ എന്ന പാലങ്ങൾ’ പണിതുവയ്‌ക്കാം. അപ്പോൾ നീയും ദൈവമായ കർത്താവിന് ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും. (നിയമാ. 26:19b).

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker