വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി
വലിയതുറയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് തിരുശേഷിപ്പ് മോഷണം പോയത്...
ജോസ് മാർട്ടിൻ
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് വിശുദ്ധ അന്തോണിസിന്റെ തിരുശേഷിപ്പ് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് തിരുശേഷിപ്പ് മോഷണം പോയത്. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ ഞെട്ടലിലാണ് വലിയതുറ ഇടവകയിലെ വിശ്വാസി സമൂഹം. വലിയതുറ പോലീസും വിരലടയാള വിദഗദ്ധരും പള്ളിയിലെത്തി പരിശോധന നടത്തി.
തിരുശേഷിപ്പ് ഉടന്‍ കണ്ടെത്താനാവുമെന്ന പ്രത്യാശയിലാണ് തങ്ങളെന്ന് ഇടവക വികാരി ഫാ.ഡേവിഡ്‌സണ്‍ പറഞ്ഞു. വർഷങ്ങളായി ആദരവോടെ കണ്ടിരുന്ന തിരുശേഷിപ്പ് നഷ്ടപ്പെട്ടതിൽ വിശ്വാസിസമൂഹം വിഷമത്തിലാണ്. വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഉടന്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടവക സമൂഹം.
ദേവാലയത്തില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് മോഷ്ടാവിനെ കുറിച്ചുള്ള പെട്ടെന്നുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് പൊലീസിന് തടസമായിട്ടുണ്ട്. അതേസമയം ദേവാലയത്തിനടുത്തുളള സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവക്കാരോണോയെന്ന സംശയവും വിശ്വാസികൾക്കിടയിലുണ്ട്.