വാഴ്ത്തപെട്ട ദേവസഹായപിളള വിശുദ്ധ പദവിയിലേക്ക് ആഘോഷപൂര്‍വ്വം കമുകിന്‍കോട്, ചാവല്ലൂര്‍ പൊറ്റ ദേവാലയങ്ങള്‍
ദേവസഹായം പിളളയുടെ നാമത്തിലെ ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ മൂന്നാംപൊറ്റ ദേവാലയമാണ്...
അനിൽ ജോസഫ്
ബാലരാമപുരം: വാഴ്ത്തപെട്ട ദേവസഹായം പിളളയെ ഇന്നലെ വിശുദ്ധനായി പ്രഖ്യാപിക്കുതിനുളള നാമകരണ നടപടികള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ച ആഘോഷത്തിലാണ് നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട്, ചാവല്ലൂര്‍ പൊറ്റ ദേവാലയങ്ങള്‍. തെക്കന്‍ തിരുവിതാങ്കൂറിലെ നേമം മിഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കരയിലെ കമുകിന്‍കോടില്‍ എത്തിയ ദേവസഹായം പിളളയാണ് കമുകിന്‍കോട് തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുസ്വരൂപ സ്ഥാപിച്ചത്.
ദേവസഹായം പിളളയുടെ നാമത്തിലെ ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ മൂന്നാംപൊറ്റ ദേവാലയമാണ്. 09-12-2013- നു ഫാ.റോബർട്ട് വിൻസെന്റ് ഫെറോനാ വികാരിയാരുന്നപ്പോൾ, അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ.ലോറൻസായിരുന്നു ദേവാലയത്തിനു തറക്കല്ലിട്ടത്. തുടർന്ന്, ജനുവരി 14-2014-ൽ ബിഷപ്പ് വിൻസെന്റ് സാമുവൽ ദേവാലയം ആശീർവ്വദിച്ചു. വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പും ഇടവകയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
കമുകിന്‍കോട് ദേവാലയത്തിന്റെ തീര്‍ഥാടനത്തിന്റെ സമാപന ദിനത്തില്‍ വന്ന പ്രഖ്യാപനത്തെ പളളിമണി മുഴക്കിയാണ് ദേവാലയം ഏറ്റെടുത്തത്. വത്തിക്കാനില്‍ നിന്നുളള പ്രഖ്യാപനം രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ദേവാലയത്തില്‍ വായിച്ചു. ഇത്തവണത്തെ കമുകിന്‍കോട് തീര്‍ഥാടനത്തിന്റെ മുന്നോടിയായുളള തീര്‍ഥാടന ജ്വാതി പ്രയാണം ദേവസഹായം പിളള രക്ത സാക്ഷിയായ കന്യകുകാരി ജില്ലയിലെ കാറ്റാടിമലയില്‍ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.
പ്രഖ്യാപനത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പാറശാല ഫൊറോന വികാരിയും, ചാവല്ലൂര്‍ പൊറ്റ ഇടവക വികാരിയുമായ ഫാ.ജോസഫ് അനില്‍ അറിയിച്ചു. ഇന്ന് ദേവാലയത്തില്‍ വത്തിക്കാനില്‍ നിന്നുളള പ്രഖ്യാപനം വായിക്കും. വിശുദ്ധ പദവി പ്രഖ്യാപനം പിന്നീടായിരിക്കും നടക്കുക, അതിനായി കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം.