കൈ തട്ടിമാറ്റിയ തീര്‍ഥാടകയെ വത്തിക്കാനില്‍ വിളിച്ച് കൈകൊടുത്ത് ഫ്രാന്‍സിസ് പാപ്പ
പരാജയത്തില്‍ നിന്ന് പോലും ക്രിസ്തുവിന് നന്മ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പാപ്പ...
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: കൈപിടിച്ച് വലിച്ചതിനാല്‍ കൈ തട്ടിമാറ്റിയ തീര്‍ഥാടകക്ക് കൈകൊടുത്ത് ഫ്രാസിസ് പാപ്പ വ്യത്യസ്ഥനാകുന്നു. പുതുവത്സര തലേന്ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലാണ് പാപ്പയുടെ കൈപിടച്ച് വലിച്ച തീര്‍ഥാടകയോട് പാപ്പ ദേഷ്യം പ്രകടിപ്പിച്ചത്. അപ്രതീക്ഷിതമായ സംഭവത്തില്‍ വേദനയെ തുടര്‍ന്നു കോപിച്ച പാപ്പ പിറ്റേ ദിവസം പരസ്യമായി ക്ഷമാപണവും നടത്തി.
എന്നാല്‍ അതിലൊന്നും നിര്‍ത്താതെ, താന്‍ കൈകള്‍ തട്ടി മാറ്റിയ സ്ത്രീയെ നേരില്‍ കണ്ട് ക്ഷമാപണത്തിന്റെ ഉദാത്തമാതൃക ലോകത്തിന് കാണിച്ചു തന്നിരിക്കുകയാണ് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്നലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
പോള്‍ ആറാമന്‍ ഹാളില്‍ ബുധനാഴ്ച തോറും പാപ്പ നടത്താറുള്ള പൊതു പ്രഭാഷണ പരമ്പരയ്ക്കു ശേഷമായിരിന്നു ക്ഷമയുടെയും സ്നേഹത്തിന്‍റെയും കൂടിക്കാഴ്ച. ഫ്രാൻസിസ് പാപ്പയും, സ്ത്രീയും തമ്മിലുള്ള സംഭാഷണം വിവര്‍ത്തനം ചെയ്യുന്നതിനായി ഒരു പരിഭാഷകനും സ്ഥലത്തുണ്ടായിരുന്നു.
പ്രസ്തുത കൂടികാഴ്ച്ചയ്ക്ക് മുന്‍പ് വിശുദ്ധ പൗലോസിനെക്കുറിച്ചും, ദൈവസ്നേഹത്തെക്കുറിച്ചുമാണ് ഫ്രാന്‍സിസ് പാപ്പ പ്രസംഗിച്ചത്. പരാജയത്തില്‍ നിന്ന് പോലും ക്രിസ്തുവിന് നന്മ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. സന്ദേശത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പാപ്പ കാണിച്ച മാതൃകയ്ക്കു സോഷ്യല്‍ മീഡിയായില്‍ വലിയ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഡിസംബര്‍ 31-നു ഫ്രാൻസിസ് പാപ്പ ക്രിസ്തുമസ് പുല്‍ക്കൂടിനു സമീപത്തേക്കു പോകുമ്പോഴായിരുന്നു ലോകത്തിന്‍റെ തന്നെ ശ്രദ്ധ തിരിഞ്ഞ സംഭവം ഉണ്ടായത്. യുവതിയുടെ അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് പാപ്പ നടന്നു വന്ന ദിശ മാറ്റുകയായിരിന്നു. പൊടുന്നനെ മുന്‍നിരയില്‍ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യില്‍ പിടിച്ച് തന്‍റെ അടുത്തേക്ക് വലിക്കുകയായിരിന്നു. വിടാന്‍ പറഞ്ഞിട്ടും അത് കേട്ടഭാവം നടിക്കാതെ പിടിവിടാതിരുന്ന സ്ത്രീയുടെ കരം മറുകരംകൊണ്ട് തട്ടിമാറ്റി പാപ്പ ശകാരിച്ച് മുന്നോട്ടു നടക്കുകയായിരിന്നു.
ചില സമയത്ത് നമ്മള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാറുണ്ടെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും കഴിഞ്ഞ ദിവസത്തെ മോശം പ്രവര്‍ത്തിക്ക് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു പിറ്റേ ദിവസത്തെ പാപ്പയുടെ പ്രസ്താവന.