ദൈവത്തിന് ഒരു യജമാന പദ്ധതിയുണ്ട്. കാലത്തിന്റെ തികവിൽ കൃത്യതയോടെ പ്രാവർത്തികമാക്കാൻ തയ്യാറാക്കിയ പദ്ധതി. ആ പദ്ധതി അനാവരണം ചെയ്യാതിരിക്കുന്നിടത്തോളം കാലം മനുഷ്യർക്ക് അജ്ഞാതമാണ്. മറ്റ് മത ദർശനങ്ങളിൽ നിന്ന് ക്രിസ്തുമതത്തെ വ്യതിരിക്തയാക്കുന്ന ഘടകമാണ് “മനുഷ്യരെ അന്വേഷിച്ചിറങ്ങി കണ്ടെത്തുന്ന ദൈവം”. പ്രപഞ്ചത്തിന്റെ തിലകക്കുറിയായി മനുഷ്യനെ സൃഷ്ടിക്കുമ്പോഴും തീവ്രമായ ദാഹമുണ്ടായിരുന്നു. സാത്താന്റെ കെണിയിൽപ്പെട്ട് ദൈവീകജീവൻ നഷ്ടമായപ്പോൾ, ദൈവത്തിൽ നിന്ന് ഓടി അകന്ന ആദിമാതാപിതാക്കളെ അന്വേഷിച്ച് ഇറങ്ങുകയാണ്… ആദം നീ എവിടെ…?
പറുദീസയിൽ നഷ്ടപ്പെടുത്തിയ സ്വർഗ്ഗം കാലത്തിന്റെ തികവിൽ ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ പണിതുയർത്താൻ ദൈവം തിരുമനസ്സായത് മനുഷ്യവർഗ്ഗത്തോടുള്ള അവിടുത്തെ സ്നേഹവും, കരുണയും, കരുതലും കൊണ്ടാണ്. ദൈവശാസ്ത്രപരമായി പറഞ്ഞാൽ “ഇമ്മാനുവേലാകാനുള്ള മോഹം”! ദൈവത്തിന് മനുഷ്യമുഖം പകർന്നുകൊടുക്കുവാൻ ദൈവം മനുഷ്യനായി മാറി; പുൽകൂട്ടിലെ ഉണ്ണിയേശു! നന്മനിറഞ്ഞവളായി പരിശുദ്ധ കന്യകാമറിയത്തെ കണ്ടെത്തുന്നതും, നീതിമാനായ യൗസേപ്പിനെ കണ്ടെത്തുന്നതും ദൈവനിയോഗപ്രകാരമാണ്.
വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് ദൈവം. തന്റെ യജമാന പദ്ധതിയിൽ മനുഷ്യനെ ഭാഗഭാക്കാക്കാൻ വചനത്തിലൂടെ ഒരുക്കുന്നതും അത്യന്തം ലാവണ്യം നിറഞ്ഞതാണ്… നക്ഷത്ര കൂട്ടങ്ങളുടെ നടുവിൽ ഒരു പുതിയ നക്ഷത്രം… ഒരു വാൽനക്ഷത്രം! വെളിപാടിൽ ഉറച്ചു വിശ്വസിച്ചിരുന്ന വേദശാസ്ത്രികൾ ഒരു രക്ഷകന്റെ ഉദയത്തിന്റെ നാന്ദിയായി തിരിച്ചറിഞ്ഞു. ആ വാൽനക്ഷത്രം വഴിവിളക്കായി മാറുന്ന കാഴ്ച അതീവ ഹൃദ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ട ആട്ടിടയന്മാരുടെ അടുക്കലേക്ക് മാലാഖ കടന്നു ചെന്നിട്ടുണ്ട് സദ് വാർത്ത ഘോഷിച്ചു; അഖില ജനത്തിനും സന്തോഷമേകുന്ന വാർത്ത… നിങ്ങൾക്കൊരു രക്ഷകൻ! ഒരു പുത്തൻ സൂര്യോദയം…! സമൂഹം തിരസ്കരിക്കപ്പെട്ട വരെ ചേർത്തുപിടിക്കുന്ന ദൈവം… മധുരം തിരുമധുരം… സന്തോഷം പങ്കു വയ്ക്കുമ്പോൾ ഇരട്ടിയാകും… സ്വർഗ്ഗത്തിലും ഭൂമിയിലും സന്തോഷത്തിന്റെ നിലയ്ക്കാത്ത അനുരണനങ്ങൾ…! മാലാഖമാർ പിറവി ഗാനം പാടി… ഇടയന്മാർ ഏറ്റുപാടി, നൃത്ത ചുവടുവച്ചു… പുൽക്കൂട്ടിൽ പിള്ളക്കച്ചയിൽ പുഞ്ചിരിക്കുന്ന ഉണ്ണിയേശു…
യൗസേപ്പിതാവും മാതാവും എല്ലാം എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു… സ്ത്രീത്വത്തെ മാനിക്കാത്ത സമൂഹം അന്നും പ്രബലമായിരുന്നു. സത്രം നിഷേധിച്ചു. പുൽക്കൂട്ടിൽ വചനം മാംസമായി…! ദരിദ്രരിൽ ദരിദ്രനായി പിറന്നവനിൽ രാജാക്കന്മാർ ദൈവമഹത്വം ദർശിച്ചു. അവർ നമ്രശിരസ്ക്കരായി. പൊന്നും, മീറയും, കുന്തിരിക്കവും കാഴ്ചവച്ച് ആത്മ നിർവൃതി കൊണ്ടു. മാലാഖമാരുടെ സ്വർഗ്ഗീയ ഗാനം അവരെ ഹർഷ പുളകിതരാക്കി… ആനന്ദനൃത്തമാടി… “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ നല്ല മനസ്സുള്ളവർക്ക് സമാധാനം…” ശ്രുതി ലയ താള സാന്ദ്ര സംഗീതമായി അല്ലേലൂയാ കീർത്തനം പ്രപഞ്ചത്തിൽ പുതുയുഗപ്പിറവിയുടെ ഉണർത്തുപാട്ടായി മാറി.
2019 വർഷം കഴിഞ്ഞിട്ടും പുൽകൂട്ടിലെ ഉണ്ണിയേശുവിന്റെ പിറവിതിരുനാൾ ലോകം നെഞ്ചിലേറ്റി ലാളിക്കുന്നു. ഇനി നമുക്ക് ചിലത് സൂക്ഷ്മതയോടെ നിറവേറ്റാനുണ്ട്. ഹൃദയത്തെ പുൽക്കൂടാക്കി മാറ്റാം! ജീവിക്കുന്ന സമൂഹത്തിൽ സ്നേഹത്തിന്റെ നക്ഷത്രദീപങ്ങളാകാം! സഹോദരരോട് കരുണയും, കരുതലും പ്രദർശിപ്പിക്കാം!! മാതാപിതാക്കളിൽ യൗസേപ്പിതാവിനെയും, മാതാവിനെയും ദർശിക്കാം!!! ക്രിസ്തുമസ് ആശംസകൾ…