Sunday Homilies

വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?

ക്ഷമയോടെയുള്ള കാത്തിരിപ്പ് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസമാണ്...

ആഗമനകാലം മൂന്നാം ഞായർ

ഒന്നാം വായന : ഏശയ്യാ 35:1-6,10
രണ്ടാം വായന : യാക്കോബ് 5 :7-10
സുവിശേഷം : വി.മത്തായി 11 :2-11.

ദിവ്യബലിക്ക് ആമുഖം

Gaudete (അഹ്ലാദിച്ചുല്ലസിക്കുവിൻ) എന്നാണ് ആഗമനകാലം മൂന്നാം ഞായറിനെ വിളിക്കുന്നത്. നമ്മുടെ ആഹ്ലാദത്തിന് കാരണം യേശുനാഥന്റെ തിരുപ്പിറവി അടുക്കാറായി എന്നതാണ്. എന്നാൽ ഈ ആഹ്ലാദത്തിന്റെ മറ്റു പ്രത്യേകതകൾ ഇന്നത്തെ ഒന്നാം വായനയിലും, രണ്ടാം വായനയിൽ നാം ശ്രവിക്കുന്നു. അതോടൊപ്പം യേശു ആരാണ്? ആരല്ല!; സ്നാപക യോഹന്നാൻ ആരാണ്? ആരല്ല! എന്നത് യേശുവിന്റെ വാക്കുകളിലൂടെ തന്നെ വിശുദ്ധ മത്തായി ഇന്നത്തെ സുവിശേഷത്തിൽ വ്യക്തമാക്കുന്നു. ഈ തിരുവചനങ്ങൾ ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ക്രിസ്തുനാഥന്റെ ജനനത്തിരുനാളിനുവേണ്ടി നമ്മെ ആത്മീയമായി ഒരുക്കുവാനുള്ള തിരുവചനങ്ങളാണ് നാം ഇന്ന് ശ്രവിച്ചത്. നമുക്കീ വചനങ്ങളെ ധ്യാനിക്കാം.

1) സന്തോഷം, പ്രതീക്ഷ, ക്ഷമ

ഇന്നത്തെ ഒന്നാമത്തെയും (ഏശയ്യാ 35:1-6,10), രണ്ടാമത്തെയും (യാക്കോബ് 5:7 -10) വായനകളെ ഏറ്റവും ചുരുക്കി പറഞ്ഞാൽ “സന്തോഷം, പ്രതീക്ഷ, ക്ഷമ” എന്നീ വാക്കുകളിൽ സ്വാംശീകരിക്കാം. ഒന്നാമത്തെ വായനയിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകം ആരംഭിക്കുന്നത് തന്നെ “വിജനപ്രദേശവും, വരണ്ടപ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും, പുഷ്പിക്കുകയും ചെയും. കുങ്കുമ ചെടി പോലെ സമൃദ്ധമായി പൂവിട്ട് അത് പാടി ഉല്ലസിക്കും”. ഒറ്റനോട്ടത്തിൽ തന്നെ സന്തോഷം പ്രകടിപ്പിക്കുന്നു അമിതമായ ആഹ്ലാദം പുറപ്പെടുവിക്കുന്ന വാക്യങ്ങളാണിതെന്ന് മനസ്സിലാകും.

ഒന്നാമത്തെ വായന മുഴുവൻ സന്തോഷം പ്രകടിപ്പിക്കുന്ന വാക്യങ്ങൾ തന്നെയാണ്. നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ വാക്യങ്ങൾ വർത്തമാനകാലത്തിൽ അല്ല (present tense) മറിച്ച് ഭാവികാലത്തിലാണ് (Future tense) എഴുതിയിരിക്കുന്നത്. എല്ലാം സംഭവിക്കും എന്നാണ് പറയുന്നത്. അതായത് ഈ വാക്യങ്ങൾ സന്തോഷത്തിന്റെ മാത്രമല്ല, പ്രതീക്ഷയുടെ വാക്യങ്ങൾ കൂടിയാണ്. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഈ വാക്യങ്ങൾ എഴുതപ്പെട്ടത് ഇസ്രായേൽ ഏറ്റവുമധികം സന്തോഷം അനുഭവിച്ചപ്പോഴോ, സന്തുഷ്ടമായ ജീവിതം നയിച്ചപ്പോഴോ അല്ല മറിച്ച് അടിമത്വത്തിന്റെയും, കണ്ണുനീരിന്റെയും, ചൂഷണത്തിന്റെയും, അനീതിയുടെയും അനുഭവങ്ങൾ പേറുന്ന ബാബിലോണിയൻ പ്രവാസകാലത്തും അതിനു ശേഷവുമാണ്. വളരെ ലളിതമായി പറഞ്ഞാൽ വേദനയുടെയും, കഷ്ടപ്പാടിന്റെയും ഇടയിൽ സന്തോഷത്തെയും, പ്രതീക്ഷയുടെയും വചനങ്ങൾ പറയുക. ജീവിതത്തിലെ വേദനയുടെയും, ഞെരുക്കങ്ങളുടെയും ഇടയിൽ എങ്ങനെയാണ് സന്തോഷിക്കുക? ബൈബിളിൽ പറയുന്ന സന്തോഷം, പ്രവാചകൻ പറയുന്ന സന്തോഷം എന്തുതരം സന്തോഷമാണ്? അത് ലോകം തരുന്ന നൈമിഷികമായ സന്തോഷമല്ല. ജഡികമായ സന്തോഷവുമല്ല. അടുത്ത ദിവസം തന്റെ ആത്മാവിന് എന്ത് സംഭവിക്കുമെന്ന് അറിയാതെ കളപ്പുരയിൽ ധാന്യം ശേഖരിക്കുന്ന ധനവാന്റെ സമ്പത്തിന്റെ അടിസ്ഥാനമാക്കിയുള്ള സന്തോഷവുമല്ല. ബൈബിളിലെ സന്തോഷം അഥവാ ക്രൈസ്തവ സന്തോഷം എന്നത് “ദൈവത്തിലുള്ള ആശ്രയമാണ്”. തന്നെ സ്നേഹിക്കുന്നവന് ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും എന്നുള്ള ആഴമേറിയ വിശ്വാസം. ജീവിതത്തിന്റെ കഷ്ടതയിലും, വേദനയിലും, ഞെരുക്കങ്ങളിലും, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിലുള്ള ദുഃഖത്തിലും അഴലുമ്പോൾ “ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല, ദൈവത്തിന് ഒരു പദ്ധതി ഉണ്ട്” എന്ന ബോധ്യം; ഇതാണ് ക്രൈസ്തവ സന്തോഷവും, പ്രതീക്ഷയും. ഈ സന്തോഷവും പ്രതീക്ഷയുമാണ്, പ്രകൃതിയിലെ മാറ്റങ്ങളിലൂടെയും, അത്ഭുത പ്രവർത്തനങ്ങളിലൂടെയും പ്രതീകാത്മകമായി ഒന്നാമത്തെ വായനയിൽ പ്രവാചകൻ അവതരിപ്പിക്കുന്നത്.

നമ്മുടെ ദേവാലയങ്ങളിൽ നിന്ന് കരോൾ സംഘം വീട് വീടാന്തരം കയറിയിറങ്ങി ചെയ്യുന്നതും ഈ തിരുവചന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കരോൾ സംഘം സന്ദർശിക്കുന്ന വീടുകളെല്ലാം സന്തോഷവും, സമാധാനവും, സന്തുഷ്ടിയും നിറഞ്ഞതല്ല. അവിടെ പ്രശ്നങ്ങളുണ്ട്, ഞെരുക്കങ്ങളുണ്ട്, ചിലപ്പോഴൊക്കെ ദാരിദ്ര്യവും പട്ടിണിയുമുണ്ട്. കരോൾ സംഘത്തിൽ ഉള്ളവർക്കും ഞെരുക്കങ്ങളും, ആകുലതകളുമുണ്ട്. എന്നാൽ ഓരോ ഭവനത്തിലും സന്തോഷവും, പ്രതീക്ഷയും നൽകുന്ന “അവരുടെ കണ്ണീരൊപ്പുവാനും, അവരെ രക്ഷിക്കുവാനുമായി കർത്താവായ യേശു ജനിക്കുന്നു” എന്ന നല്ലവാർത്ത (സുവിശേഷം) അറിയിക്കുകയാണ്. “ഭയപ്പെടേണ്ട, ധൈര്യമായിരിക്കുവിൻ” തുടങ്ങിയ പ്രവാചക വാക്യങ്ങൾ കരോൾ സംഘവും പരോക്ഷമായി പറയുകയാണ്.

ഇന്നത്തെ രണ്ടാമത്തെ വായനയിൽ വിശുദ്ധ യാക്കോബിന്റെ ലേഖനത്തിൽ നാം ശ്രവിച്ച വാക്കാണ് “ക്ഷമയോടെ കാത്തിരിക്കുവിൻ” എന്നത്. കർത്താവിന്റെ രണ്ടാംവരവ് ഉടനെ ഉണ്ടാകും എന്ന് വിശ്വസിച്ച സമൂഹത്തിന് അപ്പോസ്തലൻ നൽകുന്ന ഉപദേശമാണിത്. ക്രിസ്മസിനായി നാം ഒരുങ്ങുമ്പോഴും “ക്ഷമയോടെയുള്ള കാത്തിരിപ്പ്” നമുക്ക് പ്രായോഗികമാക്കാം. പ്രത്യേകിച്ച് നമ്മുടെ ബന്ധങ്ങളിലും, സൗഹൃദങ്ങളിലും, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും. ക്ഷമയോടെയുള്ള കാത്തിരിപ്പ് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസമാണ്.

2) ദൈവത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്

ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ട സ്നാപകയോഹന്നാൻ തന്റെ ശിഷ്യന്മാരെ അയച്ച് യേശുവിനോട് ചോദിക്കുകയാണ് “വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യഥാർത്ഥത്തിൽ സ്നാപകയോഹന്നാനാണ് യേശുവിനെ അറിയാം. അവർ ബന്ധുക്കളാണ്. സ്നാപകയോഹന്നാനിൽ നിന്നാണ് യേശു സ്നാനം സ്വീകരിച്ചത്. ഒരവസരത്തിൽ സ്നാപകൻ തന്റെ ശിഷ്യന്മാരുടെ മുമ്പിൽ യേശുവിനെ അവതരിപ്പിച്ചത് തന്നെ “ഇതാ ലോകത്തിൻ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ടാണ്. അതേ സ്നാപകയോഹന്നാൻ തന്നെ കുറെ കാലത്തിനു ശേഷം ആളയച്ച് യേശുവിനോട് ചോദിക്കുകയാണ് “വരാനിരിക്കുന്ന അവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?”.
യേശുവിനെ അറിയാമായിരുന്നിട്ടും സ്നാപകയോഹന്നാന്റെ ഈ സംശയത്തിന് കാരണം എന്ത്?
യേശുവിന്റെ വാക്കും, പ്രവർത്തനശൈലിയും തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ ഞായറാഴ്ചയുള്ള സുവിശേഷത്തിൽ നാം സ്നാപകയോഹന്നാന്റെ ശൈലിയും, പ്രവർത്തനവും, വാക്കുകളും കണ്ടു. “നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങൾ വെട്ടി തീയിൽ എറിയപ്പെടും” എന്നുതുടങ്ങിയ കാർക്കശ്യമുള്ള വാക്കുകൾ. “അണലി സന്തതികളെ” എന്നാണ് തന്നെ ശ്രവിക്കുവാൻ വന്ന ഒരുവിഭാഗം ആൾക്കാരെ അദ്ദേഹം വിളിക്കുന്നത്. യേശുവിന്റെ വാക്കുകളും പ്രവർത്തിയും കരുണയുടെയും സ്നേഹത്തിന്റെയും ആയിരുന്നു. അന്ധർക്കും, ബധിരർക്കും, മൂകർക്കും അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുന്നു; എല്ലാവരോടും സുവിശേഷം പ്രസംഗിക്കപെടുന്നു. യേശുവിന്റെ വാക്കുകളും, പ്രവർത്തികളും സ്നാപകയോഹന്നാനിൽ നിന്ന് വ്യത്യസ്തമാണ്. യോഹന്നാൻ പ്രസംഗിച്ചത് “ദൈവത്തിന്റെ ആസന്നമായ ക്രോധത്തെകുറിച്ചാണെങ്കിൽ” യേശുവിന്റെ വാക്കുകളിൽ മുഴുവൻ പിതാവായ “ദൈവത്തിന്റെ സ്നേഹവും, കരുണയുമാണ്. സ്നാപകയോഹന്നാന്റെ പ്രതീക്ഷയ്ക്കനുസരിച്ച, കാഴ്ചപ്പാടുകൾക്കനുസരിച്ച വാക്കും പ്രവർത്തിയും അല്ല ദൈവപുത്രനായ യേശു കാഴ്ചവച്ചത്. യേശു ദൈവത്തെകുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടാണ് നൽകുന്നത്. ഈ ആശയക്കുഴപ്പമാണ് യേശുവിനെക്കുറിച്ച് “വരാനിരിക്കുന്ന നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കാമോ?” എന്ന ചോദ്യം ചോദിക്കാൻ സ്നാപകയോഹന്നാനെ പ്രേരിപ്പിക്കുന്നത്.

സമകാലീന വിശ്വാസ ജീവിതത്തിലെ വലിയൊരു യാഥാർഥ്യം ഈ സംഭവത്തിലുണ്ട്. നാമും നമ്മുടെ “ജീവിത കാരാഗ്രത്തിൽ” കിടന്നുകൊണ്ട് ദൈവത്തെക്കുറിച്ച് നമ്മുടേതായ പ്രതീക്ഷകളും, കാഴ്ചപ്പാടുകളും വച്ച് പുലർത്താറുണ്ട്. നാം ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ദൈവം (ഉദാഹരണം: നമുക്ക് അനുഗ്രഹവും, ഉപദ്രവിക്കുന്നവർക്ക് ശിക്ഷയും നൽകുന്ന ദൈവം). എന്നാൽ ദൈവം നമ്മുടെ ആഗ്രഹങ്ങൾക്കും, കാഴ്ചപ്പാടുകൾക്കും അനുസരിച്ച് പ്രവർത്തിക്കുന്നവനല്ല. ഈ യാഥാർത്ഥ്യത്തിനു മുന്നിൽ നമുക്ക് ഇടർച്ചയും, വിശ്വാസക്കുറവും, ആശയക്കുഴപ്പവും ഉണ്ടാകേണ്ട കാര്യമില്ല. സ്നാപകയോഹന്നാന്റെ ശിഷ്യന്മാർക്ക് കൊടുത്ത അതെ ഉത്തരം ഇന്ന് നമുക്കോരോരുത്തർക്കും യേശു നൽകുകയാണ്: “എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ”.

ഉപസംഹാരം

ക്രിസ്മസിന് പത്ത് ദിനങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ തിരുവചനങ്ങൾ നമുക്കായി നൽകിക്കൊണ്ട് ക്രൈസ്തവ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും, കാത്തിരിപ്പിന്റെയും ആത്മീയ പാഠങ്ങൾ തിരുസഭ നമ്മെ പഠിപ്പിക്കുകയാണ്. അതോടൊപ്പം, ദൈവം നമ്മുടെ പ്രതീക്ഷകൾക്കും, കാഴ്ചപ്പാടുകൾക്കും അപ്പുറം പ്രവർത്തിക്കുന്നവനാണെന്ന യാഥാർഥ്യവും നമ്മെ ഓർമിപ്പിക്കുന്നു.

ആമേൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker