ലൂസിയുടെ പുസ്തകം തടയുന്നവർക്ക് ലാത്തികൊണ്ട് ജീവിതത്തില്‍ മറക്കാനാവാത്ത സമ്മാനം നല്‍കണമെന്ന ആക്രോശത്തോടെ ഡി.ഐ.ജി. കെ.സേതുരാമൻ
ഡി.ഐ.ജി. എഴുതിയ 'മലയാളി ഒരു ജനിതക വായന' എന്ന പുസ്തകം ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു..
സ്വന്തം ലേഖകൻ
കണ്ണൂർ: ഡി.സി. ബുക്ക്സ് പുറത്തിറക്കിയ ലൂസിയുടെ പുസ്തകം വിൽക്കുന്നത് തടയുന്ന കെ.സി.വൈ.എം പ്രവർത്തകർക്ക് ലാത്തികൊണ്ട് ജീവിതത്തില്‍ മറക്കാനാവാത്ത സമ്മാനം നല്‍കണമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. സേതുരാമൻ. കണ്ണൂരിൽ കെ.സി.വൈ.എം പ്രവര്‍ത്തകർ പ്രതിക്ഷേധവുമായി എത്തിയ സ്ഥലം സന്ദർശിച്ച ഡി.ഐ.ജി. സഹപോലീസുകാർക്ക് കൽപ്പന നൽകികൊണ്ട് ആക്രോശിക്കുന്ന വീഡിയോ ഷെക്കീന ടി.വി. പുറത്ത് വിട്ടിരുന്നു.
കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഡി.സി. ബുക്ക്സിന്റെ പുസ്തകമേളയിലേയ്ക്ക് പ്രതിക്ഷേധമാർച്ച് നടത്തിയ കെ.സി.വൈ.എം പ്രവര്‍ത്തകരെയാണ് ക്രൂരമായി മര്‍ദ്ദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ഡി.ഐ.ജി. കെ. സേതുരാമന്റെ നിർദ്ദേശം പോലീസ് കൃത്യതയോടെ പാലിക്കുകയും ചെയ്തു. മുപ്പതിൽ താഴെമാത്രം അംഗബലമുണ്ടായിരുന്ന കെ.സി.വൈ.എം പ്രവർത്തകരോട് പോലീസ് ക്രൂരമായാണ് പെരുമാറിയത്.
പ്രതിക്ഷേധത്തിന് ശേഷവും കെ.സി.വൈ.എം. പ്രവര്‍ത്തകരെ ഡി.ഐ.ജി. യുടെ നേതൃത്വത്തിൽ തെരഞ്ഞുപിടിച്ച് മർദ്ദിച്ചതും, പതിനൊന്ന് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതും ഡി.ഐ.ജി.യ്ക്ക് ഡി.സി. ബുക്ക്‌സുമായുള്ള അവിഹിത ബന്ധത്തിന്റെ സാക്ഷ്യമാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഡി.ഐ.ജി. എഴുതിയ മലയാളി ഒരു ജനിതക വായന എന്ന പുസ്തകം ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ തന്റെ പുസ്തകം പ്രസിദ്ധീകരിച്ചവരോടുള്ള നന്ദിപ്രകടനമാണ് ഡി.ഐ.ജി. നടത്തിയതെന്നാണ് ആരോപണം.