ഒരു മാറ്റത്തിന് സമയമായി
മാറ്റം നടപ്പിലാക്കാൻ എല്ലാമനുഷ്യരും ദൈവത്തിന്റെ വാക്കുകൾ അനുസരിച്ചാൽ മാത്രം മതി.
ആഗമന കാലം രണ്ടാം ഞായർ
ഒന്നാം വായന : ഏശയ്യാ 11 :1-10
രണ്ടാം വായന : റോമാ 15 :4-9
സുവിശേഷം : വിശുദ്ധ മത്തായി 3 :1-12
ദിവ്യബലിക്ക് ആമുഖം
ആഗമനകാലം രണ്ടാം ഞായറിൽ, യേശുവിലൂടെ സാധ്യമാകുന്ന പുതിയ ലോകത്തിലേക്ക് നമുക്ക് പ്രതീക്ഷ നൽകുന്ന ഏശയ്യായുടെ പ്രവചനവും, ഐക്യത്തിലേക്ക് നമ്മെ ആഹ്വാനം ചെയ്യുന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രബോധനങ്ങളും, മാനസാന്തരത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന സ്നാപകയോഹന്നാന്റെ വചനങ്ങളും (വിശുദ്ധ മത്തായിയുടെ സുവിശേഷം) നാം ശ്രവിക്കുകയാണ്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
ഇന്നത്തെ തിരുവചനങ്ങളിൽ നാം രണ്ടു പ്രവാചകന്മാരെ കാണുന്നുണ്ട്. ഏശയ്യാ പ്രവാചകനെയും സ്നാപകയോഹന്നാനെയും. രണ്ടുപേരും “പുതിയ തുടക്കത്തിന്റെയും, രക്ഷകന്റെ ആഗമനത്തെയും” കുറിച്ചുള്ള സന്ദേശങ്ങൾ വ്യത്യസ്ത രീതിയിലും, ഭാഷയിലും, ശൈലിയിലും അവരുടെ സമകാലിക സമൂഹത്തോടും നമ്മോടും പങ്കുവയ്ക്കുകയാണ്. നമുക്കീ തിരുവചനങ്ങൾ ധ്യാനിക്കാം.
1) ഏശയ്യാ പ്രവാചകന്റെ വാക്കുകൾ
ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ആരംഭിക്കുന്നത് തന്നെ “ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തുവരും” എന്നു പറഞ്ഞുകൊണ്ടാണ്. “ജെസ്സെ” ദാവീദ് രാജാവിന്റെ പിതാവിന്റെ പേരാണ്. പ്രവാചകൻ ഇവിടെ “കുറ്റിയിൽ” നിന്ന് ഒരുമുള കിളിർത്തുവരും എന്നാണ് പറയുന്നത്. ഒരു പൂർണ്ണ വൃക്ഷത്തിൽ നിന്നോ, വൃക്ഷശിഖരത്തിൽ നിന്നോ അല്ല, മറിച്ച് ഒരു മരം നശിച്ചു പോയതിനുശേഷം അല്ലെങ്കിൽ നശിപ്പിക്കപ്പെട്ടതിനുശേഷം നിലനിൽക്കുന്ന ഭാഗമാണ് ആ മരത്തിന്റെ “കുറ്റി”. അതിൽ നിന്ന് പുതിയ മുള വരും എന്നാണ് പ്രവാചകൻ പറയുന്നത്.
എന്തുകൊണ്ടാണ് പ്രവാചകൻ ഇത്തരമൊരു പ്രതീകം ഉപയോഗിക്കാൻ കാരണം?
ഏശയ്യാ പ്രവാചകന്റെ കാലത്തെ ദാവീദ് വംശത്തിന്റെയും ഇസ്രായേലിന്റെയും അവസ്ഥ “കുറ്റിയ്ക്ക്” തുല്യമായിരുന്നു. ദാവീദിന്റെ മകനായ സോളമന്റെ കാലശേഷം രാജ്യം രണ്ടായി പിളർന്നു. വടക്ക് ഇസ്രായേലും, തെക്ക് ജെറുസലേം കേന്ദ്രമായ യൂദായും. ബി.സി. 721-ൽ വിദേശികൾ വടക്ക് ഇസ്രായേലിനെ ആക്രമിച്ചു കീഴ്പ്പെടുത്തി. അതിനുശേഷം ശത്രുക്കൾ തെക്ക് യൂദാ രാജ്യത്തെ ലക്ഷ്യം വച്ചു. ഉത്ഖണ്ഠയുടെയും, യുദ്ധത്തിന്റെയും, പാലായന ഭീതിയുടെയും ഈ അവസ്ഥയിൽ പലരും ഏകദൈവത്തെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആശ്രയിച്ചു തുടങ്ങി. നിരാശ നിറഞ്ഞ, നാശോന്മുഖമായ ഈ അവസരത്തിൽ പ്രതീക്ഷയുടെ പുത്തൻനാമ്പുകൾ പ്രവാചകൻ അരുൾ ചെയ്യുകയാണ്. രാജഭരണത്തിന്റെ വൃക്ഷത്തിന് നശീകരണം സംഭവിക്കുന്നുണ്ടെങ്കിലും അതിന്റെ കുറ്റിയിൽ നിന്ന് തന്നെ, അതെ വംശത്തിൽ നിന്ന് ദൈവം നീതിനിഷ്ടനായ ഒരു രാജാവിനെ നൽകും. അത് ദൈവപുത്രനായ “യേശുവാണ്”. ഈ രാജാവിൽ കർത്താവിന്റെ ആത്മാവ് വസിച്ച് ജ്ഞാനവും, ഉപദേശവും, അറിവും, ദൈവഭക്തിയും കൊണ്ട് നിറയ്ക്കും (ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഏതൊക്കെയാണെന്ന് ക്രമീകരിച്ചത്). ദരിദ്രർക്കും, എളിയവർക്കും വേണ്ടി നീതി പ്രവർത്തിക്കുന്ന രാജാവ്.
യേശുവാകുന്ന രാജാവ് വന്നുകഴിയുമ്പോൾ സംഭവിക്കുന്ന സമാധാനപൂർണമായ അവസ്ഥയെ പ്രവാചകൻ മനോഹരമായി ചിത്രീകരിക്കുന്നു. ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്ത, പരസ്പരം കണ്ടാൽ ഒന്ന് മറ്റൊന്നിനെ വേട്ടയാടുന്ന മൃഗങ്ങൾ (ചെന്നായും ആട്ടിൻകുട്ടിയും; പുള്ളി പുലിയും കോലാട്ടിൻക്കുട്ടിയും; പശുക്കിടാവും സിംഹക്കുട്ടിയും; പശുവും കരടിയും) ഒരുമിച്ച് സമാധാനത്തോടെ കഴിയുന്നു. വിഷസർപ്പങ്ങളോട് ഇടപഴകുന്ന ശിശുക്കൾ. ആദവും ഹൌവായും പാപം ചെയ്യുന്നതിനു മുമ്പ്, അവർ ദൈവത്തെ മാത്രം കേൾക്കുകയും അനുസരിക്കുകയും ചെയ്തിരുന്ന കാലത്തുണ്ടായിരുന്ന “പറുദീസയുടെ” അതേ അവസ്ഥയിലേക്ക് ഈ ലോകം പുതിയ രാജാവിന്റെ കാലത്ത് മാറുമെന്നാണ് ഏശയ്യാ പ്രവാചകൻ പറയുന്നത്. പ്രവാചകൻ പ്രതികരണങ്ങളിലൂടെ വരച്ചുകാട്ടുന്ന ലോകം ഒരു ഉട്ടോപ്യൻ രാജ്യമല്ല. മറിച്ച് സമാധാനത്തിന്റെയും, ശാന്തിയുടേയും, ഭയമില്ലായ്മയുടെയും ലോകമാണ്. ഇത് നടപ്പിലാക്കാൻ എല്ലാമനുഷ്യരും ദൈവത്തിന്റെ വാക്കുകൾ അനുസരിച്ചാൽ മാത്രം മതി.
പരസ്പരം പോരടിക്കുന്ന, ശക്തരും അശക്തരുമായ ജീവജാലങ്ങൾ സന്തോഷത്തോടും സമാധാനത്തോടും കഴിയുന്ന ലോകത്തെ പ്രവാചകൻ വിഭാവനം ചെയ്യുമ്പോൾ, ഇന്നത്തെ രണ്ടാം വായനയുമായും ഇതിന് ബന്ധമുണ്ട്. വിശുദ്ധ പൗലോസാപ്പൊസ്തലൻ റോമാക്കാർക്കുള്ള ലേഖനത്തിൽ റോമിലുള്ള തന്റെ വിശ്വാസികളോട് പരസ്പരൈക്യത്തിൽ, ഏകസ്വരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവാനും, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുവാനും പറയുന്നത് നാം ശ്രവിച്ചു. കാരണം, റോമിലെ സഭ വ്യത്യസ്ത നിറഞ്ഞതായിരുന്നു. അവിടെ പരിശ്ചേദിതരായ യഹൂദ ക്രിസ്ത്യാനികളും, വിജാതീയരായ ക്രിസ്ത്യാനികളും, വിശ്വാസത്തിലും ഭൗതീകസൗകര്യങ്ങളിലും ശക്തരായവരും, ബലഹീനരും ഉണ്ടായിരുന്നു. ഇവരോടെല്ലാം ഐക്യത്തിൽ കഴിയുവാൻ അപ്പോസ്തലൻ ആഹ്വാനം ചെയ്യുന്നത് ഏശയ്യാ പ്രവാചകൻ അരുളിച്ചെയ്ത സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ലോകം ക്രിസ്തുവിലൂടെ കെട്ടിപ്പടുക്കുവാനാണ്.
ഈ ആഗമന കാലത്തിൽ ഈ തിരുവചനം നമുക്ക് വിചിന്തനത്തിനായി നൽകിക്കൊണ്ട് തിരുസഭയും നമ്മോട് പറയുന്നത് ഇതുതന്നെയാണ്. നമ്മുടെ ആത്മീയ ജീവിതത്തിനും, വിശ്വാസത്തിനും ക്ഷയം സംഭവിച്ച്, വൃക്ഷം നഷ്ടപ്പെട്ട കുറ്റിയുടേതിന് തുല്യമാണെങ്കിലും നാം നിരാശരാകേണ്ട, നമുക്ക് പ്രതീക്ഷ നൽകുന്ന പുതിയമുള “കർത്താവായ യേശു വരുന്നു”. അവൻ നമ്മുടെ ജീവിതത്തിൽ ശാന്തിയും, സന്തോഷവും, സമാധാനവും, ഐക്യവും നിറച്ച് നമ്മെ നീതിപൂർവ്വം നയിക്കും. യേശു ഈ ലോകത്തിൽ അവന്റെ രാജ്യം സ്ഥാപിക്കും.
സ്നാപകയോഹന്നാന്റെ വാക്കുകൾ
ഏശയ്യാ പ്രവാചകന്റെ വാക്കുകളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ, വിമർശനാത്മകമായ വാക്കുകളാണ് യോഹന്നാന്റേത്. തന്റെ വാക്കുകൾ പോലെ തന്നെ പരുക്കൻ ആയിരുന്നു അദ്ദേഹത്തിൻറെ ജീവിതവും ശൈലിയും. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും, അരയിൽ തോൽവാറും, ഭക്ഷണം വെട്ടുകിളികളും കാട്ടുതേനും. “മാനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” ഇതായിരുന്നു സ്നാപകന്റെ മുഖ്യസന്ദേശം. തന്റെ അടുക്കൽ വന്നവരോട് മാനസാന്തരപ്പെടുന്നതിന്റെ ആവശ്യകതയെ കർശനമായി തന്നെ അവതരിപ്പിക്കുന്നു. തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ഫരിസേയരോടും, സദുക്കായരോടും സ്നാപകയോഹന്നാൻ പറയുന്നതിപ്രകാരമാണ്: “നിങ്ങൾക്ക് പിതാവായ അബ്രഹാം ഉണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കേണ്ട. ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിന് സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിന് കഴിയുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു”. ഇതിന് കാരണമുണ്ട്; ഫരിസേയരും, സദുക്കായരും നിയമങ്ങൾ കർശനമായി അനുസരിക്കുന്നതുകൊണ്ടും, പിതാവായ അബ്രഹാത്തിന്റെ മക്കളായതുകൊണ്ടും ദൈവസന്നിധിയിൽ ഒരു കുഴപ്പവും സംഭവിക്കില്ലെന്നും, അവർ പാപികളാണെങ്കിലും അബ്രഹാത്തിന്റെ മക്കളാണെന്ന യോഗ്യതയാൽ രക്ഷപ്പെടുമെന്നുമുള്ള വിശ്വാസം അക്കാലത്ത് പൊതുവേ നിലനിന്നിരുന്നു. ഈ വിശ്വാസത്തിനും മനോഭാവത്തിനുമെതിരെ സ്നാപകയോഹന്നാൻ കർശനമായ മുന്നറിയിപ്പ് നൽകുന്നു. അബ്രഹാത്തിന് മക്കളായി നിങ്ങൾ തന്നെ വേണമെന്നില്ല. “ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിന് സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിന് കഴിയുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു”. എന്നാൽ സ്നാപകന്റെ മുഴുവൻ പ്രഭാഷണങ്ങളും ഫരിസേയരോടും, സദുക്കായരോടും മാത്രമല്ല, എല്ലാ ജനങ്ങളോടുമാണ്. “മാനസാന്തരത്തിന്റെ” നല്ല ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടുമെന്നും, ഗോതമ്പും പതിരും വേർതിരിച്ച്, പതിര് കെടാത്ത തീയിൽ കത്തിച്ചുകളയുന്നതും ന്യായവിധിയുടെയും ശിക്ഷയുടെയും ബിബ്ലിക്കൽ പ്രതീകങ്ങളാണ്.
ഏശയ്യാ പ്രവാചകന്റേതുപോലെ യേശുവിനെക്കുറിച്ചുള്ള പ്രവചനം സ്നാപകയോഹന്നാൻ നിർവഹിക്കുകയാണ്. പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനപ്പെടുത്തുന്ന ശക്തനായ യേശു വരുമെന്ന് പ്രഖ്യാപിക്കുന്നു. പാപികളെയും വിശുദ്ധരെയും വേർതിരിക്കുന്ന വീശുമുറം (അധികാരം) യേശുവിന്റെ കയ്യിലുണ്ട്, അവൻ ന്യായവിധി നടപ്പിലാക്കും.
ഉപസംഹാരം
പ്രവാചകന്റെ ആശ്വാസദായകമായ വചനങ്ങളിലൂടെയും, സ്നാപകയോഹന്നാന്റെ വിമർശനാത്മകമായ വചനങ്ങളിലൂടെയും തിരുസഭ നമ്മോട് ആവശ്യപ്പെടുന്നതും മാനസാന്തരവും, പ്രതീക്ഷയും, ഐക്യവും, പുതിയ തുടക്കവുമാണ്. ഈ ആഗമനകാല ദിവസങ്ങൾ ഇതിനായി നമുക്ക് പ്രയോജനപ്പെടുത്താം. ഉപവി പ്രവർത്തനങ്ങളിലൂടെയും, കുമ്പസാരത്തിലൂടെയും മാനസാന്തരത്തിന്റെ ഫലങ്ങൾ നമുക്ക് പുറപ്പെടുവിക്കാം.
ആമേൻ.