Articles

ചില ‘നന്മമരങ്ങൾ’ പുഷ്പ്പിക്കുമ്പോൾ ദുർഗന്ധം വമിക്കുന്നതെന്തുകൊണ്ട്?

തനിക്ക് തെറ്റുപറ്റിയെങ്കിൽ തിരുത്താൻ മനസാകാതെ, വീണ്ടും വെല്ലുവിളിക്കാനും കൂടുതൽ കള്ളത്തരങ്ങൾ പ്രചരിപ്പിക്കാനും ഉദ്യമിക്കുന്ന ഇത്തരക്കാരുടെ ലക്ഷ്യങ്ങൾ മതേതര കേരളം ആഗ്രഹിക്കാത്ത ചിലതാണ്...

സ്വന്തം ലേഖകൻ

കഴിഞ്ഞ ഏതാനും ചില വർഷങ്ങളായി കേരളത്തിൽ പരക്കെ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ് ‘നന്മമരങ്ങൾ’. സമൂഹമാധ്യമങ്ങളുടെയും ഓൺലൈൻ പോർട്ടലുകളുടെയും പിൻബലത്തിലാണ് അവരിൽ പലരുടെയും പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഫേസ്‌ബുക്കിൽ ലക്ഷക്കണക്കിന് മുതൽ പതിനായിരങ്ങൾ വരെ ഫോളോവേഴ്‌സുള്ള കണക്കറ്റ ‘നന്മമരങ്ങൾ’ നമുക്കിടയിലുണ്ട്. അത്തരക്കാരുടെ പ്രധാന സേവനം, ആവശ്യക്കാരെ കണ്ടെത്തി ചികിത്സാ സഹായങ്ങൾ വിതരണം ചെയ്യുകയാണ്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപ സമാഹരിച്ച് നിരവധി രോഗികൾക്ക് സഹായവും മറ്റ് സാമ്പത്തിക സഹായങ്ങളും നൽകിയ ഒട്ടേറെ സംഭവങ്ങളുണ്ട്. അവരുടെ പ്രവൃത്തിയുടെ മഹത്വത്തെ ഒരുതരത്തിലും കുറച്ചുകാണുവാൻ ആഗ്രഹിക്കുന്നില്ല എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ. ആത്മാർത്ഥമായും മനഃസാക്ഷിക്കനുസൃതമായും ജനസേവനം നടത്തുന്നവർ ഈ പോസ്റ്റ് വായിച്ച് വേദനിക്കേണ്ടതില്ല എന്നർത്ഥം.

തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇന്ത്യയെമ്പാടുമുള്ള പതിനാറായിരത്തിൽ പരം നിരാലംബരെ സുരക്ഷിത ഭവനങ്ങളിൽ എത്തിച്ചു സംരക്ഷിക്കാൻ കഴിഞ്ഞ ഒരു താപസവ്യക്തിത്വത്തെ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം സംരക്ഷിച്ചവരിൽ ഏറെയും മനസികരോഗികളും, വികലാംഗരും, മാറാരോഗികളുമായിരുന്നു. ഒട്ടേറെപ്പേർ അദ്ദേഹത്തെ സഹായിക്കാൻ അരയും തലയും മുറുക്കി കൂടെ നിന്നു. ഫാ. ജോർജ് കുറ്റിക്കൽ എന്ന സന്യാസവര്യനായിരുന്നു തെരുവിലലയുന്നവരുടെ രക്ഷകനായി ഭാരതമെമ്പാടും മരണം വരെയും സഞ്ചരിച്ചിരുന്ന ആ മഹദ്‌വ്യക്തിത്വം. അദ്ദേഹത്തിനോ ഒപ്പമുള്ളവർക്കോ ഫേസ്‌ബുക്ക് പേജുകളും ഫാൻസ്‌ ക്ലബ്ബുകളും ഉണ്ടായിരുന്നില്ല.

കുറച്ചുവർഷങ്ങൾക്ക് മുമ്പ് കോട്ടയത്ത് കണ്ടുമുട്ടിയ ഒരു ദേവസി ചേട്ടൻ ഉണ്ട്. കോട്ടയം മെഡിക്കൽകോളേജിൽ പരിചയസമ്പന്നരായ നഴ്‌സുമാർക്ക് പോലും ശുശ്രൂഷിക്കാൻ കഴിയാത്തവിധം വഷളായ ആരോഗ്യസ്ഥിതിയുള്ളവർ വന്നുപെട്ടാൽ പതിവായി അവർ ഇദ്ദേഹത്തെ സഹായത്തിന് വിളിക്കും. സാധാരണക്കാരായ മനുഷ്യർ കണ്ണുതുറന്ന് നോക്കാൻ പോലും തയ്യാറാകാത്തവിധം വികൃതമായ വ്രണങ്ങളിൽനിന്നും നൂറുകണക്കിന് പുഴുക്കളെ അദ്ദേഹം പെറുക്കിയെടുക്കാറുണ്ടായിരുന്നു. മറ്റുള്ളവർ തൊടാൻ മടിക്കുന്നവരെ സ്നേഹത്തോടെ കുളിപ്പിക്കുകയും, ഷേവ്‌ചെയ്തും മുടിവെട്ടിയും കൊടുക്കുകയും ചെയ്യാറുണ്ട്. ആശുപത്രിയിൽനിന്നിറങ്ങി എങ്ങോട്ടുപോകണമെന്നറിയാതെ കുഴങ്ങുന്നവരെ നിരവധിപ്പേരെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. എന്റെയറിവിൽ അദ്ദേഹത്തിനും ഫേസ്‌ബുക്ക് പേജില്ല.

കൊല്ലത്ത് കുറച്ചുവർഷങ്ങൾക്ക് മുമ്പ് കണ്ടുമുട്ടിയ തങ്കച്ചൻ എന്ന വ്യക്തി, സ്വന്തം ഭവനത്തിനോട് ചേർന്ന് സംരക്ഷിച്ചിരുന്നത് പത്തൊമ്പത് മനസികരോഗികളെയായിരുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയവരെ പലപ്പോഴായി വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നതാണ്. ഫേസ്ബുക്കും, വാട്ട്സാപ്പും അദ്ദേഹവും കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല.

ഇങ്ങനെ എത്രയോപേർ നമുക്കിടയിൽ ജീവിക്കുന്നു? എത്രയോ സേവനങ്ങൾ നിശബ്ദമായി പതിനായിരങ്ങൾക്ക് ജീവനും സംരക്ഷണവും നൽകുന്നു? തെല്ലും അതിശയോക്തിയില്ലാതെ പറയട്ടെ, ഇത്തരത്തിൽ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന നൂറുകണക്കിന് വ്യക്തികളെയും, സ്ഥാപനങ്ങളെയും അടുത്തറിയാൻ അവസരം ലഭിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന ചിലർക്ക് ചികിത്സാ സഹായം പിരിവെടുത്ത് നൽകുകയില്ല, പതിനായിരക്കണക്കിന് ജീവനുകളെ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. ഫേസ്‌ബുക്ക് പേജുകളുടെയും ഫാൻസ്‌ ക്ലബ്ബുകളുടെയും പിൻബലത്തിൽ അവഹേളിക്കാനും ഇല്ലാതാക്കാനും നോക്കിയാൽ ഇല്ലാതാകുന്നതാണോ ഇത്തരം അനേകരുടെ നിശബ്ദ സേവനമെന്ന് ചിന്തിക്കേണ്ടത് കേരളത്തിലെ പൊതുസമൂഹമാണ്.

ഇടതുകരം ചെയ്യുന്നത് വലതുകരം അറിയാതെ സൂക്ഷിച്ചു ശീലിച്ച ഒരു വലിയ വിഭാഗത്തെയും, എന്തെങ്കിലും ചെയ്യുന്നതിന് മുമ്പേ സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്തി കയ്യടിയും കൂലിയും മുൻ‌കൂർ വാങ്ങി ശീലിച്ച മറ്റൊരു വിഭാഗത്തെയും യുക്തിരഹിതമായി താരതമ്യം ചെയ്യുന്നത് ഇവിടെ ചിലർ പതിവാക്കിയ സാഹചര്യത്തിലാണ് ഈയൊരാമുഖം. നിസ്വാർത്ഥമായ സമൂഹസേവനത്തെയും കാരുണ്യപ്രവൃത്തികളെയും വ്യാജവാർത്തകൾ സൃഷ്ടിച്ച് ചെറുതാക്കികാണിക്കുവാനും, അതുവഴി ഒരു വലിയ സമൂഹത്തെ തന്നെ അവഹേളിക്കുവാനും ചിലർ ഉദ്യമിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. ചിലർക്ക് സഹായങ്ങൾ ചെയ്യാൻ തങ്ങൾ നേതൃത്വം നൽകുന്നു എന്ന് പരസ്യപ്പെടുത്തുന്നതിനോടൊപ്പമാണ്, മറ്റുള്ള അനേകരുടെ മഹത്തായ പ്രവർത്തനങ്ങളെ സമൂഹമധ്യത്തിൽ തരംതാഴ്ത്തി ചിത്രീകരിക്കാൻ ശ്രമിക്കുന്നതും എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവിൽ നാം കണ്ട ഉദാഹരണമാണ് ചേർത്തല, പാണാവള്ളി അസീസി സ്‌പെഷ്യൽ സ്‌കൂളിന് നേരെ നടന്ന സൈബർ ആക്രമണം. അവിടെ വർഗീയ വിഷം വമിപ്പിച്ചുകൊണ്ട് അനേകരെ തെറ്റിദ്ധരിപ്പിക്കാൻ മുൻകൈ എടുത്തത് ഒരു സ്വയംപ്രഖ്യാപിത ‘നന്മമരമായ’ സാജൻ കേച്ചേരിയാണ്. അനവധി വർഷങ്ങളായി ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികൾക്കും, അവരുടെ കുടുംബത്തിനും കൈത്താങ്ങായി മാറിയ, അടുത്തറിഞ്ഞ സകലരും സ്നേഹത്തോടെ മാത്രം കാണുന്ന ആ സ്ഥാപനത്തെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഇല്ലാക്കഥകൾ മെനഞ്ഞ് അധിക്ഷേപിക്കാനാണ് സാജൻ ശ്രമിച്ചത്. തെളിവുകളുടെ പിൻബലത്തിൽ വ്യക്തമായ മറുപടി ചിലരിൽനിന്ന് ലഭിച്ചെങ്കിലും അതിന് യുക്തമായ വിശദീകരണം നൽകുന്നതിനുപകരം അപഹാസ്യമാം വിധം കൂടുതൽ മോശമായ ഭാഷയിൽ പ്രതികരിക്കുകയാണ് അയാൾ ചെയ്തത്.

തനിക്ക് തെറ്റുപറ്റിയെങ്കിൽ തിരുത്താൻ മനസാകാതെ, വീണ്ടും വെല്ലുവിളിക്കാനും കൂടുതൽ കള്ളത്തരങ്ങൾ പ്രചരിപ്പിക്കാനും ഉദ്യമിക്കുന്ന ഇത്തരക്കാരുടെ ലക്ഷ്യങ്ങൾ മതേതര കേരളം ആഗ്രഹിക്കാത്ത ചിലതാണെന്ന് തീർച്ച. സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ കാപട്യങ്ങൾ അനുദിനം പെരുകുന്ന ഈ കാലത്ത് ഇത്തരക്കാരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയേണ്ടത് ഈ പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തംകൂടിയാണ് എന്ന് നാം തിരിച്ചറിയണം. ചികിത്സാവശ്യത്തിനായി ലക്ഷങ്ങളും കോടികളും ‘പുല്ലുപോലെ’ സംഘടിപ്പിക്കുന്ന ഇത്തരം ചിലർക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെടുകയും പല ആരോപണങ്ങളിലും വാസ്തവമുണ്ടെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മുന്നോട്ടുവരുന്ന പലർക്കും വ്യാപകവും ശക്തവുമായ പിന്തുണകൾ രഹസ്യവും പരസ്യവുമായി, ചില സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ലഭിക്കുന്നതും സംശയങ്ങൾക്കിട നൽകുന്നു. ചില രഹസ്യ നെറ്റ്‌വർക്കുകൾ ഇത്തരക്കാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന സൂചനകളുണ്ട്. മാധ്യമങ്ങളും, ബിസിനസ് മാഗ്നറ്റുകളും, രാഷ്ട്രീയ പ്രമുഖരും മറ്റുമായുള്ള ഇത്തരം ചില ന്യൂജെൻ സാമൂഹിക പ്രവർത്തകരുടെ ബന്ധങ്ങളും അപകട സൂചനകൾ നൽകുന്നുണ്ട്.

ഇത്തരത്തിലുള്ള വാസ്തവങ്ങൾ മനസ്സിലാക്കിക്കൊണ്ട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞു പ്രതികരിക്കാൻ കേരളജനത തയ്യാറാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പാണാവള്ളിയിലെ അസീസി സ്‌പെഷ്യൽ സ്‌കൂൾ മാത്രമല്ല, കേരളത്തിലെ നൂറുകണക്കിന് കത്തോലിക്കാ സ്ഥാപനങ്ങളിൽ നൂറുശതമാനവും സുതാര്യമായി പ്രവർത്തിക്കുന്നവയാണ്. ആർക്കും ഏത് സമയത്തും നേരിട്ട് സന്ദർശിച്ച് വാസ്തവങ്ങൾ മനസിലാക്കാൻ കഴിയും. അപവാദപ്രചാരണങ്ങളിൽ വഞ്ചിതരായി തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം എല്ലാവരോടും അപേക്ഷിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker