നെയ്യാറ്റിന്‍കര രൂപത പ്രഥമ ലിറ്റില്‍വെ സംഗമം നാളെ തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയത്തില്‍
പങ്കെടുക്കുന്നത് അയ്യായിരത്തിലേറെ കുരുന്നുകള്‍
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കുട്ടികളുടെ സംഘടനയായ ലിറ്റില്‍വെ അസോസിയേഷന്റെ പ്രഥമ സംഗമം ഇന്ന് രാവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുളള ആദ്യ ദേവാലയമായ തൂങ്ങാംപാറ ദേവാലയത്തില്‍ നാളെ നടക്കും. ലിറ്റില്‍വെ അസോസിയേഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ രൂപതയിലെ അയ്യായിരത്തിലധികം കുരുന്നുകള്‍ കൈയ്യില്‍ പൂക്കളുമായി പങ്കെടുക്കുമെന്നതാണ് പ്രത്യേകത.
രാവിലെ കണ്ടല പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന ലിറ്റില്‍വെ റാലി തൂങ്ങാംപാറ ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് ഫ്ളാഗ് ഓഫ് ചെയ്യും. റാലി തൂങ്ങാംപാറപളളിയില് എത്തിയശേഷം ഫ്രാന്‍സിലെ ലിസ്യൂവില്‍ നിന്ന് എത്തിച്ച് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പില്‍ കുരിന്നുകള് പൂഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ആരാധന കമ്മിഷന് ഡയറക്ടര്‍ ഡോ.നിക്സണ്‍രാജ് മുഖ്യ കാര്‍മ്മികത്വം വഹിക്കും, രൂപത ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ്, മതബോധന ഡയറക്ടര്‍ ഫാ.വൈ.ക്രിസ്റ്റഫര്‍, കാറ്റകിസ്റ്റ് ഡയറക്ടര്‍ ഫാ.ജോസഫ് ഷാജി, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്സലന് ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.