Articles

ഞങ്ങളെ അധിക്ഷേപിച്ചു സംസാരിക്കാനുള്ള അധികാരം സി.ലൂസിക്ക് നൽകിയിരിക്കുന്നത് പിശാചാണ്; മാധ്യമങ്ങൾ മാധ്യമ ധർമ്മം മറക്കുന്നു: ഒരു സന്യാസിനിയുടെ പ്രതികരണം

സമൂഹനന്മയിൽ നിന്ന് വ്യതിചലിച്ച് ചാനൽ റേറ്റ് എങ്ങനെ കൂട്ടാമെന്ന ബിസിനസ്സിൽ അധ:പതിച്ചുപ്പോയ ഏതാനും മാധ്യമങ്ങൾ...

സിസ്റ്റർ ഷൈനി ജെർമിയാസ് CCR

കത്തോലിക്ക സഭാ സ്ഥാപകനായ യേശുക്രിസ്തു, തന്റെ സന്തത സഹചാരിയായി 12 പേരെ തിരഞ്ഞെടുത്തു. കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും അവർ മൂന്നു വർഷം അവനെ അനുഗമിച്ചു. ക്രിസ്തുവിന്റെ ജീവിതശൈലി ഉൾക്കൊണ്ടുകൊണ്ട് തികഞ്ഞ കർതൃശിഷ്യന്മാരായി അവർ യേശുവിനെ പിന്തുടർന്നു. എന്നാൽ, അവരിൽ ഒരാളായ യൂദാസിന്റെ കണ്ണ് താൻ കൈകാര്യം ചെയ്തിരുന്ന പണസഞ്ചിയിലായിരുന്നു. പണം അവന്റെ ദൗർബല്യമായിരുന്നു. ഒരുവന്റെ ആത്മാവിനെയും ജീവിതത്തെയും നശിപ്പിക്കാൻ ഉതകുന്ന മാരകവിഷമാണ് ധനത്തോടുള്ള ആർത്തി. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാസ് “ഈ മാരകവിഷം സ്വയംകുടിക്കാൻ” തന്നെ തീരുമാനിച്ചു. അതിന്റെ അനന്തര ഫലമെന്നോണം ആവോളം സ്നേഹം തന്നിരുന്ന സ്വന്തം ഗുരുനാഥനെ തന്നെ ശത്രുക്കൾക്കായി ഒറ്റിക്കൊടുക്കുവാൻ തീരുമാനിക്കുന്നു. അപ്പോഴും അവൻ ആവശ്യപ്പെട്ടത് പണം തന്നെയായിരുന്നു. ഒരു മാനസാന്തരവും ഉണ്ടാകാതെ, കള്ളനായി, ദ്രവ്യാഗ്രഹിയായി, രക്ഷിക്കപ്പെടാത്ത, കള്ളശിക്ഷ്യനായി അവൻ ക്രിസ്തുവിന്റെ കൂടെ തന്നെ നടന്നു.

യേശുവിന്റെ വെറും 12 ശിഷ്യന്മാരിൽ ഒരാൾ തന്റെ ഗുരുനാഥനെ മരണത്തിന്റെ കൈകളിലേക്ക് ഏല്പിച്ചുകൊടുത്തുവെങ്കിൽ, ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന കത്തോലിക്കാ സഭയെ നശിപ്പിക്കാനായി ഇന്നും അനേകം യൂദാസുമാർ സഭയിൽ തന്നെയുണ്ട്. യൂദാസിനെപ്പോലെ അവരുടെ നോട്ടം തങ്ങൾക്കു കിട്ടുന്ന ‘സാലറി’യിലാണ്. ആ വരുമാനം ഉപയോഗിച്ച് എങ്ങനെ ആഡംബര ജീവിതം നയിക്കാം എന്നവർ ചിന്തിക്കുന്നു. അതിനായി കാറുകളും വിലകൂടിയ ഫോണുകളും മറ്റു ലൗകീക ജീവിതസുഖങ്ങളിലുമായി അവർ വഴുതിവീഴുന്നു. അതുവരെ ഒരിക്കലും ഭാരമായി തോന്നാതിരുന്ന ‘സഭാവസ്ത്രം ഒരു അധികപ്പറ്റായി’ മാറുന്നു. ഭൗമിക ലാഭങ്ങൾക്കായി, പുറമെ സമർപ്പിതരായി സന്യാസ സഭകളിൽ കഴിയുന്നുവെന്ന് മാത്രം. ഇങ്ങനെയുള്ളവർ “ക്രിസ്തുവിനെ ഒറ്റി കൊടുക്കുന്ന ഒറ്റുകാർ തന്നെ”യാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ഏതാനും മാസങ്ങളായി ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായി മാറിയ “ഒരു കന്യാസ്ത്രീ”. അവർ സ്വന്തം സന്യാസ സഭയെ മാത്രമല്ല എല്ലാ സമർപ്പിതരെയും, വൈദികരെയും കുറിച്ചാണ് വാതോരാതെ ആക്ഷേപിക്കുന്നത്. ആത്മീയവും, സമർപ്പിതവുമായ ജീവിതം നയിക്കാത്ത അവർക്ക് സമർപ്പിത ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ‘സഭയിലെ നവോത്ഥാന’മാണ് അവർ കാംക്ഷിക്കുന്നതെങ്കിൽ, ചാനൽ ചർച്ചകളും, പോലീസ് സ്റ്റേഷനും, സമരപ്പന്തലും കയറി ഇറങ്ങാതെ “ക്രൈസ്തവസഭയെ അടിമുടി മാറ്റത്തിന് വിധേയമാക്കിയ വൈദീക-സന്യസ്ത സമർപ്പിതരുടെ പാത പിന്തുടരുക”യായിരുന്നു വേണ്ടിയിരുന്നത്.

ഈ അവസരത്തിൽ യേശുവിന്റെ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. “നിങ്ങൾ 12 പേരെ ഞാൻ തിരഞ്ഞെടുത്തില്ലേ? എന്നാൽ, നിങ്ങളിൽ ഒരുവൻ പിശാചാണ്” (യോഹ 6:70). എനിക്ക് ഈ വചനഭാഗം ഉപയോഗിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. ആ കന്യാസ്ത്രീ അവരെ കുറിച്ചോ അവരുടെ സഭയെക്കുറിച്ചോ മാത്രമല്ല, എന്നെയും എന്നെപ്പോലെ സമർപ്പിത ജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് കന്യാസ്ത്രീകളെയുമാണ്, ഞങ്ങൾ മഹത്വത്തോടെ ജീവിക്കുന്ന സന്യാസത്തെയാണ് ചാനലുകളിൽ ചർച്ചാവിഷയമാക്കുന്നത്. ഞങ്ങളെ എല്ലാവരെയും കുറിച്ച് അധിക്ഷേപിച്ചു സംസാരിക്കാനുള്ള അധികാരം അവർക്ക് നൽകാൻ ഞാൻ മുകളിൽ സൂചിപ്പിച്ച പിശാചിന് മാത്രമേ കഴിയൂ. സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഇല്ല എന്ന് വാദിക്കുകയും ആസഭയ്ക്കുള്ളിൽ തന്നെ വീണ്ടും താമസിക്കുവാൻ വെമ്പൽ കൊള്ളുന്നത് ഒരു വിരോധാഭാസം തന്നെയാണ്. യേശുക്രിസ്തു വളരെ വ്യക്തമായി യൂദാസിനെ കുറിച്ച് പറയുന്നുണ്ട് “ആ മനുഷ്യൻ ജനിക്കാതിരുവെങ്കിൽ അവനു നന്നായിരുന്നു” (മത്തായി 26:24). ക്രിസ്തു സി.ലൂസിയെ നോക്കി ഈ വാക്കുകൾ ആവർത്തിക്കാതിരിക്കട്ടെ.

അനേകായിരം ആളുകൾ പ്രളയദുരിതത്തിൽപ്പെട്ടുഴലവേ അവരെ എങ്ങനെ പുന:രധിവസിപ്പിക്കാം എന്നതിനെക്കുറിച്ച് ചാനൽ ചർച്ചകൾ സംഭവിക്കപ്പെടാതെ, ഒരു കന്യാസ്ത്രീക്ക് എന്തുകൊണ്ട് കാറോടിക്കാൻ പറ്റുന്നില്ല? ചുരിദാർ ധരിക്കാൻ പറ്റുന്നില്ല? എന്ന ചർച്ചകളിലേക്ക് മാധ്യമ ധർമ്മം തരംതാഴ്ന്ന് പോയ കാഴ്ചയാണ് ഈ ദുരിത കാലത്ത് കേരള ജനത കണ്ടത്. സമൂഹനന്മയിൽ നിന്ന് വ്യതിചലിച്ച് ചാനൽ റേറ്റ് എങ്ങനെ കൂട്ടാമെന്ന ബിസിനസ്സിൽ അധ:പതിച്ചുപ്പോയ ഏതാനും മാധ്യമങ്ങൾ. സമർപ്പിതരും വിശ്വാസികളും സത്യം വിളിച്ചു പറഞ്ഞാൽ അത് ആ കന്യാസ്ത്രീക്കെതിരെയുള്ള അപവാദപ്രചരണം! എന്നാൽ, ആ കന്യാസ്ത്രീയും ഏതാനും മാധ്യമ ചാനലുകളും സോഷ്യൽ മീഡിയയും ആയിരക്കണക്കിന് വരുന്ന സമർപ്പിത സ്ത്രീസമൂഹത്തെ അധിക്ഷേപിക്കുകയും, അവരുടെ പവിത്രതയെ ചോദ്യം ചെയ്യുമ്പോഴും അതിൽ ഒരു കുറ്റബോധവും തോന്നാത്ത ചാനൽ ചർച്ചാ സംഘാടകരെ, മാധ്യമങ്ങളെ നിങ്ങളെ ഓർത്ത് ലജ്ജിച്ചു തല താഴ്ത്തുന്നു.

കുരിശിൽ മരിച്ചവനല്ല, ഉത്ഥിതനായ ക്രിസ്തുവാണ് ക്രൈസ്തവ സഭയെ നയിക്കുന്നത്. അതിനാൽ ആർക്കും സഭയെ നശിപ്പിക്കാൻ കഴിയില്ല. സഭ വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റു കൊണ്ടേയിരിക്കും.

Show More

2 Comments

  1. ഈ ലുലുമോൾ എന്ന സ്ത്രീ ഒരു ദുരന്തം ആണ്. അവർ പൈശാചിക ശക്തിയിൽ അകപ്പെട്ടു പോയിരിക്കുന്നു. ദ്രവ്യാഗ്രഹവും സ്വാർത്ഥതയും തന്നിഷ്ടവും അവരെ കീഴ്പെടുത്തിയിരിക്കുന്നു. അവരെ പ്രാർത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ പിടിച്ചു കെട്ടുവാൻ സാധിക്കു. യൂദാസ് കുറ്റബോധം കൊണ്ടു ആത്‍മഹത്യ ചെയ്തെങ്കിൽ ഇവൾക്ക് ആ കുറ്റബോധം പോലും ഇല്ല. നമുക്ക് പ്രാർത്ഥിക്കാം, ഉപവസിക്കാം. ദൈവത്തിന് അസാധ്യമായതു ഒന്നുമില്ലല്ലോ.

  2. ചാനലുകാരുടെയും മറ്റു ചില പരിഷ്കർത്താക്കളുടെയും പിൻബലം കണ്ടുളള കളിയാണിത്. മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ച് ചൂട് ചോര കുടിക്കാൻ വന്ന ചെന്നായുടെ കഥ പോലെ അവർക്ക് ലാഭം മാത്രം കിട്ടിയാൽ മതി. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വന്ന ഇക്കൂട്ടർ എത്ര നാൾ ഇവരുടെ കൂടെ നിൽക്കും.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker