Articles

പഞ്ചഭയങ്ങളുടെ പിടിയില്‍ ദൈവമക്കള്‍!

യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന് ഭയത്തിന്റെ ആവശ്യമില്ല...

ഫാ. ജോഷി മയ്യാറ്റിൽ

ഏറെ അന്വേഷണങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കൈയിലൊതുങ്ങുന്ന ഒരു വാടകവീട് കണ്ടെത്തി. എല്ലാംകൊണ്ടും പറ്റിയത്. എന്നാല്‍, ഒരേയൊരു പ്രശ്‌നം. അവിടെ സ്വീകരണമുറിയില്‍ത്തന്നെ മതിലില്‍ ഒരു ശിവലിംഗവിഗ്രഹം പതിപ്പിച്ചുവച്ചിരിക്കുന്നു. എന്തുചെയ്യും? തൊട്ടടുത്ത വീട്ടില്‍നിന്ന് അവരുടെ ഉത്സവത്തിന്റെ ഭാഗമായുള്ള അവലും മലരും കൊണ്ടുവന്നിരിക്കുന്നു. സ്വീകരിക്കാമോ? ഭക്ഷിക്കാമോ? പൊട്ടുതൊടാമോ? ഓണത്തിന് പൂക്കളമിടാമോ? ചോദ്യങ്ങളും സംശയങ്ങളും ഇന്ന് ഏറെയാണ്.

അനാവശ്യമായ പലവിധ ഭയങ്ങളില്‍ ജീവിക്കുന്നവരായി ഇന്ന് ക്രിസ്ത്യാനികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.”നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം അബ്ബാ-പിതാവേ എന്നു വിളിക്കുന്നത്” എന്ന തിരുവെഴുത്തിന്റെ (റോമാ 8,15) അര്‍ത്ഥതലങ്ങളിലേക്ക് ദൈവജനത്തെ നയിക്കേണ്ട അടിയന്തരമായ ആവശ്യം ഇന്ന് കേരളസഭയില്‍ ഉണ്ട്.

ക്രിസ്ത്യാനിയുടെ സ്വന്തം ഭയങ്ങള്‍

ഏറ്റവും ചുരുങ്ങിയത് അഞ്ചുതരം ഭയങ്ങളെങ്കിലും നമ്മുടെയിടയില്‍ കാണാനാകും. ഇവയില്‍ പലതും കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്നിട്ടുള്ളതാണ്:

1. പിശാചുഭയം

”ലോകംമുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണ്” എന്ന വചനം (1യോഹ 5,19) വായിച്ചും ധ്യാനിച്ചും, പിശാചുപ്രഘോഷകരായ ചില ധ്യാനഗുരുക്കന്മാരെ കേട്ടുമാണ് പല ക്രൈസ്തവരും ഈ ഭയത്തിന് അടിപ്പെട്ടിരിക്കുന്നത്.

മേലുദ്ധരിച്ച തിരുവചനം യോഹന്നാന്റെ സുവിശേഷത്തില്‍ ലോകത്തെക്കുറിച്ചുള്ള മൂന്നുതരം ധാരണകളുടെ വെളിച്ചത്തിലാണ് മനസ്സിലാക്കേണ്ടത്:

a. വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ വിഷയസ്പര്‍ശമില്ലാതെ വെറും സൃഷ്ടപ്രപഞ്ചത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഒന്നാമത്തേത് (യോഹ 1,9.10a; 3,17; 10,36; 17,11.18). ദൈവത്തിന്റെ സൃഷ്ടിയായ ലോകത്തിന്റെ അധിപന്‍ എപ്പോഴും ദൈവംതന്നെയാണ്. മനുഷ്യന്റെ പാപംമൂലം ലോകം പിശാചിന്റെ പിടിയിലായി എന്ന തെറ്റായ പ്രബോധനം കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഇതാണ് അനാവശ്യഭയത്തിലേക്ക് പലരെയും നയിക്കുന്നത്. ലോകവും പിശാചും തമ്മിലുള്ള വ്യക്തമായ വ്യത്യാസം യോഹ 17,15 വ്യക്തമാക്കുന്നുണ്ട്: ”ലോകത്തില്‍നിന്ന് അവരെ എടുക്കണം എന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്”.

b. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ഗണത്തെയും ‘ലോകം’ എന്നു യോഹന്നാന്‍ വിശേഷിപ്പിക്കുന്നുണ്ട്. ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം അത്രമാത്രം സ്‌നേഹിക്കുന്ന ലോകമാണത് (യോഹ 3,16). യേശുക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്ന (യോഹ 3,17), ‘തനിക്കു സ്വന്തമായുള്ളവര്‍’ എന്നു 13,1-ല്‍ യോഹന്നാന്‍ പരാമര്‍ശിക്കുന്നവരാണവര്‍. ”നോക്കൂ, ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു” എന്നു ഫരിസേയര്‍ പറഞ്ഞതും (യോഹ 12,19) ഈ അര്‍ത്ഥത്തില്‍ത്തന്നെയാണ്.

c. യേശുക്രിസ്തുവില്‍ വിശ്വസിക്കാതെ അവിടത്തെ ദ്വേഷിക്കുന്നവരുടെ (യോഹ 1,10b;15,18) ലോകമാണ് മൂന്നാമത്തേത്. തിന്മയുടെ ലോകമാണത് (യോഹ 7,7). ‘ഈ ലോകത്തിന്റെ അധികാരി’ (യോഹ 12,31; 14,30; 16,11) ‘ദുഷ്ടന്റെ ശക്തിവലയം’ (1യോഹ 5,19) എന്നീ പ്രയോഗങ്ങള്‍ ഭൗതികലോകത്തെയോ അതിലെ അനുദിനവ്യാപാരങ്ങളെയോ കുറിച്ചുള്ള പരാമര്‍ശങ്ങളല്ല; മറിച്ച്, തിന്മയ്ക്കു വശംവദരും യേശുക്രിസ്തുവിനെ വിശ്വസിക്കാത്തവരുമായ ഇത്തരം മനുഷ്യരെക്കുറിച്ചുള്ളതാണ്.

പിശാച് ആരുടെ എതിരാളി?

ദൈവത്തിന്റെ തുല്യശക്തിയുള്ള എതിരാളിയായാണ് പിശാചിനെ പലരും ധരിച്ചുവശായിരിക്കുന്നത്. സാത്താന്‍ എന്ന പദത്തിന്റെയര്‍ത്ഥം എതിരാളി എന്നാണ്, സംശയമില്ല. എന്നാല്‍, അവനെ ദൈവത്തിനു തുല്യമായ ഒരു ശക്തിയായി കരുതുന്നത് വലിയ മൗഢ്യമാണ്. യഥാര്‍ത്ഥത്തില്‍ സാത്താന്‍ മനുഷ്യന്റെ എതിരാൡയാണ് (cf. ജോബ് 1,6-12). ”അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്ന” (1 പത്രോ 5,8) പിശാചിനെക്കുറിച്ചുള്ള തിരുവചനം വായിക്കുമ്പോള്‍ തുടര്‍ന്നുള്ള വാക്യം കാണാതെ പോകരുത്: ”വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍”. പിശാചിനെ ഭയപ്പെടാനല്ല, ധൈര്യത്തോടെ എതിര്‍ത്തുതോല്പിക്കാനാണ് ക്രൈസ്തവവിളി. എന്തിലും ഏതിലും പിശാചിന്റെ സാന്നിധ്യം ഭയക്കുന്ന ഒരുതരം ന്യൂറോട്ടിക് മാനസികാവസ്ഥയിലേക്ക് ക്രൈസ്തവര്‍ കൂപ്പുകുത്തരുത്.

2. പ്രേത-ഭൂതഭയം

പ്രേതങ്ങളോ ഭൂതങ്ങളോ ഉണ്ടെന്ന ചിന്ത ക്രൈസ്തവവിശ്വാസത്തിന് വിരുദ്ധമാണ്. അത് വിജാതീയ കാഴ്ചപ്പാടാണ്. കാറ്റിലും കോളിലുംപെട്ട നൗകയുടെ പക്കലേക്ക് തടാകത്തിനു മുകളിലൂടെ നടന്നെത്തിയ യേശുവിനെ കണ്ട് ‘ഭൂതം’ എന്ന് ശിഷ്യന്മാര്‍ അലറിക്കരഞ്ഞത് ഓര്‍ക്കുന്നില്ലേ? (മത്ത 14,26). ഉത്ഥിതനെ കണ്ടപ്പോഴും അവര്‍ ഭൂതമെന്നു കരുതി (ലൂക്കാ 24,37). ചെറുപ്പംമുതലേ പല മനസ്സുകളിലേക്കും കയറിക്കൂടുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ പലരെയും വിചിത്രങ്ങളായ ഗോഷ്ടികളിലേക്കും ശൈലികളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. പ്രേതങ്ങളെയും ഭൂതങ്ങളെയും ഒഴിപ്പിക്കാന്‍ ചിലയിടത്തെങ്കിലും കുറെപ്പേര്‍ ക്രൈസ്തവസിദ്ധന്മാരായി ചമഞ്ഞിറങ്ങിയിട്ടുമുണ്ട്.

3. അന്യമതഭയവും സംസ്‌കാരഭയവും

കര്‍ണാടകസംഗീത ശൈലിയില്‍ ക്രൈസ്തവഗാനങ്ങള്‍ ചിട്ടപ്പെടുത്തരുതെന്നും പൊട്ടുതൊടരുതെന്നും നിലവിളക്ക് കൊളുത്തരുതെന്നുമൊക്കെ തട്ടിവിടുന്ന പ്രഘോഷകരുടെ എണ്ണം ഇന്ന് കേരളത്തില്‍ ഏറുകയാണ്. അവരുടെ പ്രബോധനം സത്യമാണെങ്കില്‍ അരിപോലും ഉപയോഗിക്കാന്‍ പാടില്ല! ഭൂമിപൂജ നടത്തിയാണല്ലോ മിക്കയിടത്തും കൃഷിയിറക്കുന്നത്!

”വിഗ്രഹമെന്നൊന്നില്ല” (1കോറി 8,4) എന്ന വി. പൗലോസിന്റെ പ്രസ്താവന ശരിക്കൊന്നു ധ്യാനിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈപ്രശ്‌നങ്ങള്‍. ദൈവം ഒരുവനേയുള്ളൂവെന്ന ആഴമായ ബോധ്യമുള്ളവര്‍ക്ക് വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. വിജാതീയ ദൈവസങ്കല്പങ്ങള്‍ ശൂന്യങ്ങളാണെന്നര്‍ത്ഥം. മറിച്ച്, വിജാതീയ ദൈവസങ്കല്പങ്ങള്‍ പിശാചുക്കളാണെന്ന പ്രബോധനമാണ് ഇന്ന് പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ഒരിക്കലും സഭ അന്യമതത്തിലെ ദൈവസങ്കല്പങ്ങളെക്കുറിച്ച് ഇത്തരത്തില്‍ പഠിപ്പിച്ചിട്ടില്ല എന്നോര്‍ക്കണം. ”വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്” എന്ന വി. പൗലോസിന്റെ വാക്യം (1കോറി 10,20), അര്‍ത്ഥമറിയാതെ, തലങ്ങും വിലങ്ങും എടുത്തുപ്രയോഗിക്കപ്പെടുന്നുണ്ട്. മുമ്പ് വിജാതീയരായിരുന്ന കോറിന്തോസിലെ സഭാംഗങ്ങള്‍ ക്രൈസ്തവരാധനയില്‍ പങ്കെടുക്കുന്നതോടൊപ്പം, തുടര്‍ന്നും അവരുടെ പഴയ വിജാതീയാരാധനയിലും പങ്കെടുത്ത സാഹചര്യത്തെയാണ് വി. പൗലോസ് ചൂണ്ടിക്കാണിക്കുന്നത്. അടുത്ത വാക്യത്തില്‍ അത് തികച്ചും വ്യക്തമാണല്ലോ: ”ഒരേ സമയം കര്‍ത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവില്‍ നാം അസൂയ ഉണര്‍ത്തണമോ?” (1കോറി 10,21.22). സത്യേകദൈവത്തെ അറിഞ്ഞു വിശ്വസിച്ചിട്ട് പഴയ ദൈവസങ്കല്പങ്ങളിലേക്ക് തിരിച്ചുപോകുന്നത് വിഗ്രഹാരാധനതന്നെയാണ്. സത്യദൈവവിശ്വാസം ത്യജിക്കുന്നവന്‍ പിശാചിലേക്കാണു തിരിയുന്നത്. ഈ പശ്ചാത്തലത്തെയും തിരുവചനങ്ങളെയും വിസ്മരിച്ച് വിജാതീയരുടെ ആരാധനകള്‍ പിശാചിനുള്ള ആരാധനയാണെന്നു സ്ഥാപിക്കുന്നത് സത്യവിരുദ്ധവും മതസ്പര്‍ദ്ധയുളവാക്കുന്നതുമാണ്.

അബദ്ധമോ അപൂര്‍ണമോ ആയവയെ പൈശാചികമെന്നു വിളിക്കുന്ന അമളിയാണ് പലര്‍ക്കും ഇന്നു സംഭവിക്കുന്നത്. ഈ അബദ്ധത്തിന്റെ ഫലമായി അവര്‍ സാംസ്‌കാരികമായ കാര്യങ്ങളോട് ഭയവും വിപ്രതിപത്തിയും പുലര്‍ത്തുന്നു; അത്തരം ഭയാശങ്കകള്‍ മറ്റുള്ളവരില്‍ ജനിപ്പിക്കുകയും ചെയ്യുന്നു. വചനം മാംസം ധരിച്ചത് സംസ്‌കാരങ്ങള്‍ക്കുള്ള ദൈവത്തിന്റെ കൈയൊപ്പാണെന്നും എല്ലാ സംസ്‌കാരവും ക്രിസ്തുവിനായി തുറന്നുകിടക്കുകയാണെന്നും ക്രൈസ്തവപ്രേഷിതത്വമേഖലകളാണെന്നും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല.

4. പൂര്‍വികരുടെ തിന്മകളെക്കുറിച്ചുള്ള ഭയം

പൂര്‍വികശാപത്തെക്കുറിച്ച് വല്ലാത്ത ഭയവും പേറി പല ക്രൈസ്തവരും ജീവിക്കുന്നുണ്ട്. ഇന്ന് കേരളത്തില്‍ പെരുകിവരുന്ന ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കലിന്റെ പിന്നില്‍ നല്ലൊരുപങ്കും ഈ ഭയമാണ്. മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധബലിയര്‍പ്പിക്കുകയും ചെയ്യുന്നത് കത്തോലിക്കാസഭയില്‍ ആഴമായി വേരോടിയിട്ടുള്ള സുന്ദരമായ ഒരു പാരമ്പര്യമാണ്. പക്ഷേ, പൂര്‍വികരുടെ പാപങ്ങള്‍ തങ്ങള്‍ക്ക് ദോഷകരമായിത്തീര്‍ന്നിരിക്കുന്നുവെന്ന ചിന്തയല്ല കത്തോലിക്കരെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രേരിപ്പിക്കേണ്ടതും. ക്രിസ്തുവിനുമുമ്പ് 6-ാം നൂറ്റാണ്ടില്‍ത്തന്നെ എസെക്കിയേല്‍പ്രവാചകനിലൂടെ (എസെ 18) ദൈവം വ്യക്തമാക്കിയ കാര്യം ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചറിയാനാവാത്തവിധം ഭോഷരാണോ നമ്മള്‍?

വംശവൃക്ഷശുദ്ധീകരണം എന്ന ഒരേര്‍പ്പാടും ഈയിടെ ഉയര്‍ന്നുവരുന്നതു കണ്ടു. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാസംബന്ധിയായി, പുണ്യവാന്മാരുടെ ഐക്യം എന്ന വിശ്വാസപ്രമാണഭാഗത്തിലധിഷ്ഠിതവും പിഴവില്ലാത്തതും ഹൃദ്യവുമായ ഒരു പാരമ്പര്യം ഇവിടെ നിലനില്‌ക്കേ തെറ്റിദ്ധാരണാജനകവും അനാവശ്യഭയങ്ങളിലേക്ക് നയിക്കുന്നതുമായ ഇത്തരം നവീന പ്രബോധനങ്ങളുടെ ആവശ്യമെന്താണ്?

5. ലോകാവസാനഭയം

പ്രളയവും പ്രശ്‌നങ്ങളും പ്രതിസന്ധികളും പലരെയും ലോകാവസാനഭയത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ചുണ്ടിക്കാട്ടി ലോകാവസാനം അടുത്തു എന്നു പ്രസംഗിക്കുന്ന ധ്യാനഗുരുക്കന്മാര്‍ കേരളത്തിലുണ്ട്. യേശുവിന്റെ വീണ്ടുംവരവ് ഭയപ്പെടേണ്ട ഒന്നാണോ? ‘മാറാനാത്താ’ (”ഞങ്ങളുടെ കര്‍ത്താവേ, വരണമേ!”, 1കോറി 16,22; cf. വെളി 22,20) എന്നത് ഹൃദയമന്ത്രണം ആയിരിക്കേണ്ട ഒരു സഭയില്‍ രണ്ടാംവരവ് ഭയപ്പെടുത്താനായി ഉപയോഗിക്കാമോ? പാടില്ല. മാനസാന്തരത്തിലേക്കു ക്ഷണിക്കാനാണെന്ന സദുദ്ദേശ്യം പുലര്‍ത്തിയാല്‍പോലും അതു ശരിയാകുമോ? ഇല്ല. മാത്രമല്ല, രണ്ടാം വരവിന്റെ സമയത്തെക്കുറിച്ചുപോലും പരോക്ഷസൂചനകള്‍ നല്കുന്ന പ്രവണതയും കണ്ടുതുടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഏർപ്പാടാണ് നോസ്ത്ർദാമൂസിനെയും ഫാത്തിമപ്രവചനങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് അന്ത്യനാളുകാർ ഈയിടെ പുറത്തിറക്കിയിട്ടുള്ള വീഡിയോയും ലേഖനവും.

സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല!

ദൈവഭയം കുറയുന്നിടത്താണ് അനാവശ്യഭയങ്ങള്‍ ഉടലെടുക്കുന്നത്. ദൈവഭയം എന്നത് അടിസ്ഥാനപരമായി ദൈവസ്‌നേഹത്തിലധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെയാണ് വി. യോഹന്നാന്‍ ഇങ്ങനെ കുറിച്ചിരിക്കുന്നത്: ”സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു, കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല” (1യോഹ 4,18) യഥാര്‍ത്ഥ ദൈവഭയം ദൈവസ്‌നേഹത്തിലേക്കും പരസ്‌നേഹത്തിലേക്കും നയിക്കും. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കാന്‍ സഭയ്ക്കു കഴിയുന്നത് (‘നോസ്ത്ര എത്താത്തേ’, 2) ഈ സ്‌നേഹംമൂലമാണ്. സഭ സ്വഭാവത്താല്‍ പ്രേഷിതയായിരിക്കേ, ഈ പ്രേഷിതത്വം മുന്നേറേണ്ടത് സ്‌നേഹത്തിന്റെയും ആദരത്തിന്റെയും നന്മകള്‍ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള തുറവിന്റെയും പാതയിലൂടെയാണ്.

”ഭയപ്പെടേണ്ട” എന്നത് ബൈബിളില്‍ നിന്തരം മുഴങ്ങുന്ന വാക്യമാണ്. പുതിയനിയമംമുഴുവന്‍ ഭയരഹിതജീവിത്തിലേക്കുള്ള ക്ഷണമാണ്.
മറിയത്തോടും (ലൂക്കാ 1,30) സഖറിയായോടും (ലൂക്ക 2,13) ഇടയന്മാരോടും (ലൂക്ക 2,10) ശിമയോനോടും (ലൂക്ക 5,10) സിനഗോഗധികാരിയോടും (മാര്‍ക്കോ 5,36; ലൂക്കാ 8,50) ജനക്കൂട്ടത്തോടും (ലൂക്കാ 12,4.7; 21,9) ശിഷ്യന്മാരോടും (മത്താ 8,26; 10,26.31; 14,27; 17,7; മര്‍ക്കോ 4,40; 6,50; ലൂക്കാ 12,32; യോഹ 6,20; 14,27) സ്ത്രീകളോടുമായി (മത്താ 28,5.10) എത്ര വട്ടമാണ് ”ഭയപ്പെടേണ്ടാ” എന്ന സ്‌നേഹോപദേശം സുവിശേഷങ്ങളില്‍ കാണുന്നത്!

യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന് ഭയത്തിന്റെ ആവശ്യമില്ല. അവിടത്തെ കൃപയില്‍ ആഴമായി വിശ്വസിക്കുന്നവന്‍ ഭയപ്പെടുത്തുകയുമില്ല. ”യുഗാന്ത്യംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ 28,20) എന്ന യേശുവിന്റെ വാഗ്ദാനം വേണ്ടവിധം മനസ്സില്‍ പതിഞ്ഞാല്‍ ഭയങ്ങളോടു വിടപറയാന്‍ ക്രൈസ്തവന് കഴിയും. യേശുവിന്റെ ആത്മാവ് ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവല്ലെന്നും പുത്രസ്വീകാര്യത്തിന്റെ ആത്മാവാണെന്നുമുള്ള അവബോധത്തിലേക്ക് കേരളകത്തോലിക്കര്‍ എങ്ങനെ എത്തിച്ചേരും? ഇടവകകളിലെ വചനപ്രഘോഷണവേദികളും ധ്യാനകേന്ദ്രങ്ങളിലെ പ്രബോധനവേദികളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പഴയനിയമത്തില്‍ വല്ലാതെ കേന്ദ്രീകൃതമായിരിക്കുന്ന ഇന്നത്തെ ധ്യാനപ്രഭാഷണശൈലി മാറണം. യേശുക്രിസ്തുവിലൂടെ നമുക്കു കൈവന്നിരിക്കുന്ന ദൈവപുത്രസ്ഥാനത്തെക്കുറിച്ചുള്ള അവബോധം ജനിപ്പിക്കുന്ന പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും ധ്യാനങ്ങളും വേണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker