വ്ളാത്താങ്കര മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ദീപാഞ്ജലി; തീര്‍ത്ഥാടനത്തിന് ചൊവ്വാഴ്ച തുടക്കം
വ്ളാത്താങ്കര മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ദീപാഞ്ജലി; തീര്‍ത്ഥാടനത്തിന് ചൊവ്വാഴ്ച തുടക്കം
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ തീര്‍ത്ഥാടനത്തിന് മുന്നോടിയായി 5001 ദീപങ്ങള്‍ തെളിച്ച് ദീപാഞ്ജലി നടത്തി.
ദീപാഞ്ജലിയുടെ ആദ്യ തിരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തെളിയിച്ചു. തുടര്‍ന്ന്, 5001 തിരികളിലേക്ക് ദീപം പകര്‍ന്നു. സ്വര്ഗ്ഗാരോപത മാതാവിന്റെ പ്രത്യേകം അലങ്കരിച്ച വേദിയില്‍ നിന്ന് തുടങ്ങി ദേവാലയ പരിസരം മുഴുവന്‍ ദീപപ്രഭയിലമര്ന്നു. ചൊവ്വാഴ്ച ആരംഭിക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് മുന്നോടയിയായാണ് ദീപാഞ്ജലി സംഘടിപ്പിച്ചത്.
രാവിലെ നടന്ന തീര്‍ത്ഥാടന വിളംബര ബൈക്ക് റാലയില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് 4-ന് നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് പതാക പ്രയാണം ആരംഭിക്കും. പതാക പ്രയാണം ഉദയന്‍കുളങ്ങര ചെങ്കല്‍ വഴി ദേവാലയ അങ്കണത്തില്‍ എത്തുന്നതോടെ ഇടവകയിലെ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര അരങ്ങേറും. തിരുവാതിരയുടെ ഉദ്ഘാടനം സഹകരണ ദേവാസ്വം ടൂറിസം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ശശിതരൂര്‍ എം.പി., കെ.ആന്‍സലന്‍ എം.എല്‍.എ., നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും.
തുടര്‍ന്ന്, ഇടവക വികാരി മോണ്‍.വി.പി.ജോസ് 10 ദിവസം നീണ്ടുനില്‍ക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് കൊടിയേറ്റും.