Articles

ഒരു പേരിലെന്തിരിക്കുന്നു? യേശുവിന്റെ പേരിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളിലേക്ക് ഒരു അന്വേഷണം

ധൈര്യമായും സന്ദേഹം കൂടാതെയും യേശുക്രിസ്തു എന്നോ ഈശോമിശിഹാ എന്നോ വിളിച്ചോളൂ...

ഫാ.ബിബിൻ മഠത്തിൽ

ജൂലിയറ്റിന്റെ കുടുംബവുമായി ശത്രുതയിൽ കഴിയുന്ന മൊണ്ടാഗെ കുടുംബത്തിലെ അംഗമായിരുന്നു റോമിയൊ. റോമിയോയുടെ പേരോ കുടുംബപ്പേരോ അല്ല റോമിയോയെ പ്രണയിക്കാൻ ജൂലിയറ്റിനെ പ്രേമിച്ചത് എന്ന് സൂചിപ്പിച്ചുകൊണ്ട് ജൂലിയറ്റ് പറഞ്ഞു, “ഒരു പേരിലെന്തിരിക്കുന്നു? റോസ് എന്ന് നാം വിളിക്കുന്നത്, മറ്റേതൊരു പേരിലായാലും അതേപോലെ തന്നെ മാധുര്യമുള്ളതാവും.” വില്യം ഷേക്സ്പിയറിന്റെ റോമിയോ & ജൂലിയറ്റ് എന്ന നാടകത്തിലെ പ്രശസ്തമായ ഒരു ഡയലോഗ് ആണ് ഇത്.

“ഒരു പേരിലെന്തിരിക്കുന്നു?” എന്ന് ഇന്നും പലരും ചോദിക്കാറുണ്ട്. ജൂലിയറ്റ് വിവക്ഷിച്ചതുപോലെ ഒരു പേരിലൊന്നുമില്ല എന്ന് ഞാൻ കരുതുന്നില്ല. റോസാപ്പൂവിനെ ‘മത്തി’ എന്നു വിളിച്ചാൽ നമ്മളിൽ അത് രണ്ടും ഉളവാക്കുന്ന വികാരം ഒന്നല്ല. നമ്മുടെ മനസും ബുദ്ധിയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഒരു കാര്യമായതുകൊണ്ടാണു നമുക്ക് അങ്ങനെ തോന്നുന്നത്. നമുക്ക് വേണമെങ്കിൽ ഇതിനെ മെന്റൽ കണ്ടീഷനിംഗ് എന്ന് വിളിക്കാം. പേരിന്റെ ഈ മെന്റൽ കണ്ടീഷനിംഗ് നമ്മുടെ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ജാതി-മത വ്യത്യാസങ്ങൾ പോലും പേരിനെ സ്വാധീനിക്കുന്നത് അതുകൊണ്ടാ‍ണ്. കമ്പോളത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, പേരുകൾ ബ്രാൻഡ് വാല്യു ഉള്ളവയാണ്.

ഇങ്ങനെ ഒരു പേരിൽ എന്തെങ്കിലുമൊക്കെ ഉണ്ട് എന്ന് അംഗീകരിക്കുമ്പോഴും ഈ പേരുകളെക്കാൾ വാല്യു ആ പേര് എന്തിനെ സൂചിപ്പിക്കുന്നുവൊ അതിനാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത് വ്യക്തികളായാലും വസ്തുക്കളായാലും സ്ഥലങ്ങളായാലും.

പേരുകളെ നമുക്ക് പ്രധാനമായും പൊതുനാമങ്ങളെന്നും (common names) പ്രത്യേകനാമങ്ങളെന്നും (proper names) രണ്ടായി തിരിക്കാം. ഇതിൽ പൊതുനാമങ്ങൾ ഭാഷക്കനുസരിച്ച് വ്യത്യാസപ്പെടും. ഉദാഹരണമായി “തേങ്ങ” എന്ന് മലയാളത്തിൽ അറിയപ്പെടുന്നത് ഇംഗ്ലീഷിൽ “കോക്കനട്ട്” ആണ്. പക്ഷെ പ്രത്യേകനാമങ്ങൾ ഭാഷക്കനുസരിച്ച് പൊതുവിൽ വ്യത്യാസപ്പെടുന്നില്ല. ഉദാഹരണമായി “ചന്ദ്രൻ” എന്ന് പേരുള്ളയാളേ നാം ഇംഗ്ലീഷിൽ “മൂൺ” എന്നു വിളിക്കാറില്ല. പക്ഷെ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ മുകളിൽ പറഞ്ഞതുപോലെ പ്രത്യേകനാമങ്ങൾ ഭാഷക്കനുസരിച്ച് “പൊതുവിൽ” വ്യത്യാസപ്പെടുന്നില്ല എന്നു മാത്രമേ ഉള്ളു. പക്ഷെ ആ പേരുകൾക്ക് രൂപാന്തരങ്ങൾ സംഭവിക്കാറുണ്ട്. ഉദാഹരണമായി “ഭാരതം” എന്ന് മലയാളത്തിൽ അറിയപ്പെടുന്ന നമ്മുടെ നാട് ഹിന്ദിയിൽ “ഭാരത്” എന്നും ഇംഗ്ലീഷിൽ ‘ഇന്ത്യ” എന്നുമാണു അറിയപ്പെടുന്നത്. “ജർമ്മനി” എന്ന് നാം അറിയുന്ന രാജ്യം ജർമ്മൻ ഭാഷയിൽ “ദോയിച്ച്ലാൻഡ്” എന്നാണു അറിയപ്പെടുന്നത്. നമ്മുടെ “ചാക്കോ”യാണ് യാക്കോബ്, ജേക്കബ്, ജയിംസ് എന്നൊക്കെ അറിയപ്പെടുന്നത്. “ശൌര്യാർ” ആണു സേവ്യർ, ഹാവിയർ, സാവേർ എന്നൊക്കെ പലയിടങ്ങളിലായി അറിയപ്പെടുന്നത്.

ഇത്രയും പറഞ്ഞുവന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില തെറ്റായ പഠനങ്ങളെ ചൂണ്ടിക്കാണിക്കാനാണ്. നമുക്കറിയാം മലയാളികളായ നാം പൊതുവിൽ യേശുവിനെ സൂചിപ്പിക്കുന്നത് “യേശു” എന്നും “ഈശൊ” എന്നുമുള്ള പേരുകളിലാണ്. ഇതിൽ “യേശു” എന്നത് ഗ്രീക്ക് പശ്ചാത്തലത്തിൽ നിന്നും “ഈശോ എന്നത് പൌരസ്ത്യസുറിയാനി പശ്ചാത്തലത്തിൽ നിന്നുമാണു വരുന്നത്. ഈ പശ്ചാത്തലങ്ങൾ ഉള്ളതുകൊണ്ടാണ് യേശു എന്ന പേരിനൊപ്പം “ക്രിസ്തു” എന്നും ഈശോ എന്ന പേരിനൊപ്പം “മിശിഹാ” എന്നും സാധാരണയായി നാം കൂട്ടിച്ചേർക്കുക. “ക്രിസ്തു” എന്നത് ക്രിസ്തോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നും “മിശിഹാ” എന്നത് ‘മ്ശിഹ” എന്ന സുറിയാനി പദത്തിൽ നിന്നുമാണു നാം ഉൾക്കൊണ്ടിരിക്കുന്നത്. സാധാരണയായി നാം “ഈശോക്രിസ്തു” എന്നൊ “യേശുമിശിഹാ” എന്നൊ പറയാറില്ലല്ലൊ. അതായത് ഗ്രീക്ക് ഗ്രീക്കിനോടും സുറിയാനി സുറിയാനിയോടുമാണു ചേരേണ്ടത്.

ഓർമ്മവച്ച കാലം മുതൽ നാം കേട്ടതും പഠിച്ചതുമൊക്കെ യേശുവെന്നൊ ഈശോയെന്നൊ ഒക്കെ ആയിരിക്കും. പക്ഷെ ഈ അടുത്ത കാലത്തായി ഈശോയുടെ പേരിനെ ചൊല്ലി വ്യത്യസ്ഥ അഭിപ്രായങ്ങളും സെക്റ്റുകൾ പോലും കേരളസഭയിൽ രൂപപ്പെടുകയുണ്ടായി. തൃശൂർ കേന്ദ്രീകൃതമായി രൂപം കൊണ്ട് എമ്പറർ ഇമ്മാനുവേൽ എന്ന സെക്റ്റിന്റെ പ്രധാനവാദങ്ങളിലൊന്ന് “എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും” (ഏശയ്യാ 7:14; മത്തായി 1:23) എന്ന പ്രവചനം ഉണ്ടായിരുന്നിട്ടും അവർ ശിശുവിന് മാലാഖ നിർദ്ദേശിച്ച “യേശു” എന്ന പേരിട്ടു എന്നതായിരുന്നു (മത്താ‍യി 1:21, 25; ലൂക്കാ 1:31; 2:21). യേശുവിനെ സൂചിപ്പിക്കാൻ ക്രിസ്തുവെന്നും കർത്താവെന്നുമൊക്കെ ഉപയോഗിച്ചിരുന്നതുപോലെ ഒരു റ്റൈറ്റിൽ ആണു എമ്മാനുവേൽ എന്ന കാര്യം ഇവിടെ മറന്നുപോകുന്നു എന്നതാണു സത്യം. “വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.” (ഏശയ്യാ 9:6) എന്ന് ഏശയ്യാപ്രവാചകൻ തന്നെ ഭാവിരാജാവിനെക്കുറിച്ച്, അതായത് മിശിഹായെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇവിടെ ഒർക്കാവുന്നതാണ്.

ഇതുപോലെ തന്നെ ഇപ്പോൾ വളർന്നുവരുന്ന ഒരു അഭിപ്രായമാണ് “യഹോഷുവാ / യെഹ്ശുവാ” എന്ന പേരാണു യേശുവിന്റെ യഥാർത്ഥ പേരെന്നും അതുകൊണ്ട് അതാണു ഉപയോഗിക്കേണ്ടതെന്നും. ബ്രദർ മാരിയോ ജോസഫ് കുറച്ചു നാളുകൾക്കു മുമ്പ് ഈ അഭിപ്രായം പറയുന്നതു ആരോ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിനുമുമ്പ് എം.എസ്.റ്റി സന്യാസസഭയിലെ വൈദികനായ ഫാ. സെബാസ്റ്റ്യൻ കിഴക്കേൽ തർജ്ജിമ ചെയ്ത ബൈബിളിലും ഈ പേര് ഉപയോഗിച്ചതും ഒരു സഹോദരൻ അയച്ചു തന്നിരുന്നു. അതിന് അവതാരിക എഴുതിയിരിക്കുന്നത് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആയിരുന്നു… എന്നാൽ യെഹ്ശുവാ എന്ന ഈ പേരു കേരളത്തിൽ പ്രൊമോട്ട് ചെയ്തത് കത്തോലിക്കാസഭയുടേതെന്നു തോന്നിപ്പിക്കുകയും എന്നാൽ തെറ്റായ പഠനങ്ങളിലൂടെ അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്ന “മനോവ” എന്ന പ്രസ്ഥാനമാണ്. മനോവയ്ക്ക് ഇത് കിട്ടിയത് മെശിയാനിക യഹൂദർ എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനത്തിൽ നിന്നാകാനാണു സാധ്യത. ആഗോളതലത്തിൽ അവരാണു ഈ പേരു പ്രൊമോട്ട് ചെയ്തു പോന്നിരുന്നത്. യേശുവെന്നൊ ഈശോയെന്നൊ ജീസസെന്നൊ യേസുവെന്നൊ ഒക്കെ വിളിക്കുന്നത് മറ്റാരെയൊ ആണെന്നും അതിനാൽ അവരൊന്നും യെഹ്ശുവായെ അല്ല ആരാധിക്കുന്നതെന്നും വരെ ഇക്കൂട്ടർ പഠിപ്പിക്കുന്നുണ്ട്. ഇതിനെ പിന്തുടർന്ന് യെഹ്ശുവാ എന്ന പേരു കേരളത്തിലെ പല വചനപ്രഘോഷകരും എഴുത്തുകാരുമൊക്കെ ഉപയോഗിക്കുന്നു എന്നുള്ളതിനാൽ ഇതിനെ കുറിച്ച് ചില കാര്യങ്ങൾ അത്യാവശ്യമായി അറിഞ്ഞിരിക്കണം.

യേശു / ഈശോയുടെ പേരു ഹെബ്രായനാമം ആയ യെഹോഷുവ (יְהוֹשֻׁעַ (മായി (പുറപ്പാട് 17:9,10,…) ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നുണ്ട്. ഈ യെഹൊഷുവ ആണു ജോഷ്വ എന്നും അറിയപ്പെടുന്നത്. ദൈവം രക്ഷിക്കുന്നു എന്നാണു ഇതിന്റെ ർത്ഥം. യഹോഷുവ എന്ന പേർ പിൽക്കാലത്ത് യേഷുവാ ( יֵשׁוּעַ ) എന്ന ചുരുക്കപ്പെട്ടിരുന്നു. ബൈബിളിൽ തന്നെ ഇതിന്റെ തെളിവുകൾ നമുക്ക് കാണാൻ സാധിക്കും. (1 ദിനവൃത്താന്തം 24:11; 2 ദിനവൃത്താന്തം 31:15; എസ്രാ 2:2, 6,…). സ്വാഭാവികമായ പരിണാമം ആയാണു പേരിലെ ഈ വ്യതിയാനത്തെ കണക്കാക്കുന്നത്. പഴയനിയമകാലഘട്ടത്തിനു ശേഷം ഈ പേരു പിന്നീട് അറമായയിലും ഗ്രീക്കിലുമൊക്കെ ഉപയോഗിക്കപ്പെട്ടു. ഹെബ്രായഭാഷ പൊതുവിൽ സ്വരാക്ഷരങ്ങൾ എഴുതിയിരുന്നില്ല. അതിനാൽ തന്നെ ഹെബ്രായഭാഷയുടെ ഉച്ചാരണം കൃത്യമായി തുടർന്നുകൊണ്ടു പോവുക ബുദ്ധിമുട്ടായിരുന്നു എന്ന കാര്യവും ഇവിടെ പ്രത്യേകമായി ഓർക്കേണ്ടതാണ്. സ്വരാക്ഷരങ്ങൾ ഉപയോഗിക്കാത്ത ഭാഷ ആയിരുന്നതിനാൽ യേഷുവാ (YShW) എന്ന പേരു യേശു എന്നൊ ഈശൊ എന്നൊ ഒക്കെ ഉച്ചരിക്കാനും സാധിക്കുമായിരുന്നു.

പുതിയ നിയമകാലഘട്ടം ആയപ്പോഴേക്കും യേഷുവ എന്ന പേരു പഴയമിയമത്തിന്റെ ഗ്രീക്ക് വേർഷൻ ആയ സെപ്തുഅജിന്റ് വഴി ഗ്രീക്കിലേക്ക് എത്തിയിരുന്നു. ഗ്രീക്കിലാകട്ടെ ഇത് എഴുതപ്പെട്ടിരുന്നത് യേസൂസ് (Ἰησοῦς [Iēsous] ) എന്നായിരുന്നു. അക്കാലത്തെ യഹൂദചരിത്രകാരനായ ജോസഫൂസും അലക്സാണ്ട്രിയായിലെ ഫിലൊയുമൊക്കെ ഈ വാക്കാണു യേഷുവായ്ക്ക് പകരം ഉപയോഗിച്ചിരുന്നത്. പിന്നീട് ഈ വാക്ക് ലത്തീൻ ഭാഷയിലേക്കും അവിടെ നിന്ന് ഇംഗ്ലീഷിലേക്കും എത്തുകയായിരുന്നു. ഇംഗ്ലീഷിൽ എത്തിയപ്പോഴേക്കും ഇത് ജീസസ് (Jesus) എന്നായി. എന്നാൽ ഇത് J ഉച്ചരിക്കുന്നതിലെ ഉള്ള വ്യത്യാസമാകാനാ‍ണു സാധ്യത. ജർമ്മനിലും എഴുതുന്നത് Jesus എന്നു തന്നെയാണെങ്കിലും ഉച്ചരിക്കുന്നത് യേസൂസ് എന്നാണ് (ജർമ്മനിൽ ജ ഉച്ചരിക്കേണ്ടത് യ എന്നാണ്).

മലയാളത്തിലാകട്ടെ, ഗ്രീക്കിനോടും വെസ്റ്റ് സുറിയാനിയോടും സാദൃശ്യമുള്ള യേശു എന്ന പേരും ഈസ്റ്റ് സുറിയാനിയോട് സാദൃശ്യമുള്ള ഈശൊ എന്ന പേരും ആണു ഉപയോഗിച്ചു പോന്നിരുന്നത്. ഈ പേരുകൾ ഒക്കെ സൂചിപ്പിക്കുന്നത് ഒരേ വ്യക്തിയെ തന്നെയാണ്. ചാക്കോയും ജേക്കബും യാക്കോബും ഒന്നായിരിക്കുന്നതുപോലെ, ആന്റണിയും അന്തോനിയും ഒന്നായിരിക്കുന്നതുപോലെ യെഷുവായും ജീസസും യേശുവും ഈശോയും ഒക്കെ ഒരാൾ തന്നെയാണ്. എന്നാൽ ഈശോയുടെ “യഥാർത്ഥ പേര്” എന്ന രീതിയിൽ ഏതെങ്കിലും ഒരു പേരിനു എന്തൊ മാന്ത്രിക ശക്തിയുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പഠിപ്പിക്കുന്നത് തെറ്റാണ്. യേശുവിന്റെ ഈ പേരുകളെല്ലാം തന്നെ വിവിധഭാഷകളുടെ പ്രയോഗങ്ങൾ മാത്രമാണ്. അതു മനസിലാക്കാതെ ഏതെങ്കിലും പേരു മാത്രം ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും വിപ്ലവം സംഭവിക്കും എന്ന് കരുതുന്നത് ശരിയല്ല.

മാത്രമല്ല, വിവിധ ഭാഷകളിലേക്കുള്ള യേശുവിന്റെ പേരിന്റെ കൂടിച്ചേരൽ മനുഷ്യാവതാരമായ ക്രിസ്തുവിന്റെ സ്വഭാവം കൂടിയാണ്. ദൈവമായിരുന്നിട്ടും, ആ സ്ഥാനം നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യനായ ക്രിസ്തുവിന് മനുഷ്യന്റെ വിവിധ ഭാഷകളിലേക്ക് രൂപാന്തരം ചെയ്യപ്പെട്ട തന്റെ പേരു മനസിലാക്കാൻ സാധിക്കില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവൻ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ മനസിലാക്കിയിട്ടില്ല എന്നു വേണം കരുതുവാൻ. അതുകൊണ്ട് ധൈര്യമായും സന്ദേഹം കൂടാതെയും യേശുക്രിസ്തു എന്നോ ഈശോമിശിഹാ എന്നോ വിളിച്ചോളൂ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker