വീട്ടിലേയ്ക്ക് വരുന്ന ദൈവം
ഉത്കണ്ഠകളും, ആകുലതകളും നമ്മെ ഞെരുക്കുമ്പോൾ നമുക്കോർമ്മിക്കാം 'യേശുവിന്റെ പാദത്തിങ്കലിരുന്ന് അവന്റെ വചനം ശ്രവിക്കാൻ സമയമായെന്ന്'...
ആണ്ടുവട്ടം പതിനാറാം ഞായർ
ഒന്നാം വായന: ഉല്പത്തി – 18:1-10
രണ്ടാം വായന: കൊളോസോസ് – 1:24-28
സുവിശേഷം: വി. ലൂക്ക – 10:38-42
ദിവ്യബലിക്ക് ആമുഖം
അബ്രഹാമിന്റെ ഭവനത്തിൽ അതിഥിയായി വന്ന് അബ്രഹാമിനെ അനുഗ്രഹിക്കുന്ന ദൈവത്തെ ഇന്നത്തെ ഒന്നാമത്തെ വായനയിൽ നാം കാണുന്നു. വിജാതീയർക്ക് ദൈവവചനം പകർന്നുകൊടുത്ത് തിരുസഭയെ കെട്ടിപ്പടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന പൗലോസ് അപ്പോസ്തലനെ ഇന്നത്തെ രണ്ടാമത്തെ വായനയിൽ നാം കാണുന്നു. മർത്തയുടെയും മറിയത്തിന്റെയും ഭവനത്തിൽ കടന്നുവന്ന്, യേശുവിനോടൊപ്പം ആയിരിക്കുന്നതും അവന്റെ തിരുവചനങ്ങൾ ശ്രവിക്കുന്നതുമാണ് പ്രധാനം എന്ന് പഠിപ്പിക്കുന്ന യേശുനാഥനെ സുവിശേഷത്തിൽ നാം കാണുന്നു. നമ്മുടെ ഹൃദയത്തിലും യേശുവിനെ അതിഥിയായി സ്വീകരിക്കാനായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ;
ആതിഥേയത്വവും ദൈവാനുഭവവും കൂടിക്കലർന്ന രണ്ട് സംഭവങ്ങൾ നാം ഇന്നത്തെ തിരുവചനങ്ങളിൽ മുഖ്യമായും ശ്രവിച്ചു. നമുക്ക് ഈ സംഭവങ്ങളെ വിചിന്തന വിധേയമാക്കാം.
ദൈവം സന്ദർശിക്കുന്നു
നാം ഒന്നാമത്തെ വായനയിൽ ശ്രവിച്ച അബ്രഹാമിന്റെ ജീവിതത്തിലെ സംഭവത്തെ സമ്പൂർണ്ണ ബൈബിൾ വിശേഷിപ്പിക്കുന്നത് “ദൈവം സന്ദർശിക്കുന്നു” എന്നാണ് (സമ്പൂർണ്ണ ബൈബിൾ ഉൽപ്പത്തി 18). മൂന്ന് ആളുകളായിട്ടാണ് ദൈവം അബ്രഹാമിനെ സന്ദർശിക്കുന്നത്. ത്രീത്വൈകമായ ദൈവം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) അബ്രഹാമിനെ സന്ദർശിക്കുന്നു എന്ന ദൈവശാസ്ത്ര പഠനങ്ങളുണ്ട്. അതോടൊപ്പം അബ്രഹാമും ദൈവവുമായിട്ടുള്ള സംഭാഷണത്തിൽ “അവർ” എന്നും “കർത്താവ്” എന്നും ഉള്ള വാക്കുകൾ മാറിമാറി ഉപയോഗിക്കുന്നു. മൂന്ന് ആളുകളുടെ രൂപത്തിൽ തന്നെ സന്ദർശിച്ച ദൈവത്തെ അബ്രഹാം ഹൃദ്യമായി സ്വീകരിക്കുന്നു. എന്നാൽ, ആന്തരികമായി ദുഃഖിക്കുന്ന ഒരു ഹൃദയം അബ്രഹാം ഉള്ളിൽ ഒളിപ്പിക്കുന്നുണ്ട്. കാരണം, അബ്രഹാമിനും ഭാര്യ സഹായിക്കും മകനില്ല. ഒരു മകൻ ഉള്ളതാകട്ടെ ദാസിയായ ഹാഗാറിൽ നിന്ന് ജനിച്ചവനും. ദാസിയും, ദാസിയിൽ നിന്ന് ജനിച്ച മകൻ ഇസ്മയേലും ഒരിക്കലും ഒരുമിച്ചു പോകില്ല. ദൈവവുമായി ഉടമ്പടി ഉണ്ടെങ്കിലും 99-Ɔ൦ വയസ്സിൽ ഇനിയൊരു മകൻ, 90 വയസ്സായ ഭാര്യയിൽ ജനിക്കുമോയെന്ന് അബ്രഹാമിന് ഉറപ്പില്ല. ഈ അവസരത്തിലാണ് ദൈവം അബ്രഹാമിനെ സന്ദർശിക്കുന്നത്. അബ്രഹാം തന്റെ അതിഥികളെ നന്നായി തന്നെ സ്വീകരിച്ചു. അബ്രഹാമിന്റെ ആതിഥേയത്വം സ്വീകരിച്ച ദൈവം അവനെ അനുഗ്രഹിക്കുന്നു. വാഗ്ദാനം നൽകുന്നു: “വസന്തത്തിൽ ഞാൻ തീർച്ചയായും തിരികെവരും അപ്പോൾ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും”. അബ്രഹാമിന് നൂറു വയസ്സായപ്പോൾ ദൈവം വാഗ്ദാനം ചെയ്ത പ്രകാരം മകൻ ഇസഹാക്ക് ജനിക്കുന്നു (ഉല്പത്തി 21:1-6).
ഇന്നത്തെ ഒന്നാം വായയിൽ നിന്ന് മൂന്ന് കാര്യങ്ങൾ നമുക്ക് വ്യക്തമാണ്. ഒന്നാമതായി: ദൈവം നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ സന്ദർശിക്കുന്ന, ഇടപെടുന്ന ഒരു വ്യക്തിയാണ്. നമ്മുടെ ഭവനങ്ങളിലേയ്ക്കും ഹൃദയത്തിലേയ്ക്കും കടന്നുവരാൻ ദൈവം ആഗ്രഹിക്കുന്നു. രണ്ടാമതായി: ദൈവം ഉടമ്പടിയിലും വാഗ്ദാനങ്ങളിലും വിശ്വസ്തനാണ്. മൂന്നാമതായി: വാഗ്ദാനത്തിൽ വിശ്വസിച്ച് കൊണ്ട് ദൈവത്തോടൊപ്പം അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. തീർച്ചയായും നമ്മുടെ ആത്മീയ ജീവിതത്തിൽ ഈ സംഭവം വളരെയേറെ പാഠങ്ങൾ പഠിപ്പിക്കുന്നു.
യേശു സന്ദർശിക്കുന്നു
സുവിശേഷത്തിൽ നാം മറ്റൊരു ആതിഥേയത്വത്തിന്റെ വിവരണം ശ്രവിക്കുന്നു. മർത്താ, മറിയം എന്നീ സഹോദരിമാർ – അതിൽ മർത്താ യേശുവിനെ സ്വഭവനത്തിൽ സ്വീകരിക്കുന്നു. മറിയമാകട്ടെ യേശുവിനെ പാദത്തിങ്കൽ ഇരുന്ന് യേശുവിനെ ശ്രവിക്കുന്നു. ആദിമ ക്രൈസ്തവ സഭയിലും, പിൽക്കാലത്ത് ആഗോളസഭയിലും സ്ത്രീകൾക്ക് നൽകിയ പ്രാധാന്യത്തിന്റെയും, അവകാശത്തിന്റെയും നേർപ്പകർപ്പാണ് ഈ സുവിശേഷം. സാധാരണ രീതിയിൽ യഹൂദ സംസ്കാരത്തിൽ സ്ത്രീകൾ റബ്ബിയെ വീട്ടിലേക്ക് ക്ഷണിക്കാറില്ല. ഒരു റബ്ബിയും സ്ത്രീകളെ യഹൂദ നിയമങ്ങൾ പഠിപ്പിക്കാറില്ല. ഒരു സ്ത്രീയും ഒരു യഹൂദ റബ്ബിയുടെ പദത്തിങ്കലിരുന്ന് അദ്ദേഹത്തെ ശ്രവിക്കാറില്ല. എന്നാൽ സുവിശേഷത്തിൽ ഇതെല്ലാം സംഭവിക്കുന്നത്.
ഒന്നു മാത്രമേ ആവശ്യമുള്ളൂ
പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്ന മർത്താ തന്റെ സഹോദരി മറിയയുടെ സഹായം ലഭിക്കാത്തതുകൊണ്ട് യേശുവിനോട് പരാതിപ്പെടുന്നു: “കർത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നത് നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോട് പറയുക”. എന്നാൽ യേശു പറയുന്നത്; മർത്താ നീ പലതിനെക്കുറിച്ചും ഉത്ഖണ്ഠകുലയും, അസ്വസ്ഥതയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു”. നല്ല ഭാഗം തിരഞ്ഞെടുക്കുക എന്നത് ഇടവകയിലും വ്യക്തിജീവിതത്തിലും ചെറിയ കാര്യമല്ല. നമ്മുടെ ആത്മീയ ജീവിതവുമായും, ഇടവക ജീവിതവുമായും ബന്ധപ്പെടുത്തി ഈ വചനത്തെ ധ്യാനിക്കുന്നതിനും മുൻപ് നമുക്ക്, ഒരു വ്യാഖ്യാനം കൂടി മനസ്സിലാക്കാം: ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ സുവിശേഷത്തിന്റെ രചയിതാവായ വി.ലൂക്കായുടെ സഭയിൽ (ആദിമസഭയിൽ) ആത്മീയതയെക്കാളും, സേവനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു വിശ്വാസ ജീവിതശൈലി ഉരുത്തിരിഞ്ഞിരുന്നു. ദൈവവചനത്തെയും, ദൈവവചന ശുശ്രൂഷയെക്കാളും പ്രാധാന്യം ഉപവി പ്രവർത്തനങ്ങൾക്ക് നൽകിയിരുന്നു. ലളിതമായി പറഞ്ഞാൽ പ്രാർത്ഥനയേക്കാളും പലവിധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന രീതി. ഈ തിരുവചനത്തിലൂടെ വി.ലൂക്കാ സുവിശേഷകൻ തന്റെ ശ്രോതാക്കൾക്ക് കൃത്യമായ മാർഗനിർദേശം നൽകുന്നു. ജീവിതത്തിൽ നിരവധിയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഉത്കണ്ഠയും അസ്വസ്ഥതപെടുകയും അല്ല വേണ്ടത് മറിച്ച്, ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുക്കുകയാണ് പ്രധാനം. ഏറ്റവും നല്ല ഭാഗം എന്നത് ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചുള്ള ജീവിതവുമാണ്. മർത്തയുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. പ്രവർത്തനങ്ങളും, ക്രിയാത്മകതയുമില്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കുകയില്ല. എന്നാൽ ആത്മീയതയെയും, പ്രാർത്ഥനയെയും ദൈവവചനത്തെയും, ദിവ്യബലിയെയും അവഗണിച്ചുകൊണ്ടാകരുത്, ഇതാണ് യേശു പറഞ്ഞ നല്ലഭാഗം.
നമ്മുടെ ഇടവകയെയും, ഇടവക പ്രവർത്തനങ്ങളെയും, പ്രത്യേകിച്ച് ഇടവക തിരുനാളുകളെയും, ഞായറാഴ്ചകളെയും, കടമുള്ള ദിവസങ്ങളെയും, ഇടവകയിലെ സംഘടനകളെയും ഈ തിരുവചന ഭാഗത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് പരിശോധിക്കാം. നാം എപ്പോഴും നല്ലഭാഗം തിരഞ്ഞെടുക്കുന്നവരാണോ?
ജീവിതത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ വ്യാപൃതനായി ഉത്കണ്ഠകളും, ആകുലതകളും നമ്മെ ഞെരുക്കുമ്പോൾ നമുക്കോർമ്മിക്കാം, യേശുവിന്റെ പാദത്തിങ്കലിരുന്ന് അവന്റെ വചനം ശ്രവിക്കാൻ സമയമായെന്ന്.
ആമേൻ