പുടവയിലെ കസവു ചിത്രത്തുന്നൽ പോലെ വരികളുടെ ഇടയിൽ, സ്നേഹത്തിന്റെ പര്യായപദങ്ങളുടെ ഇടയിലാണ് സുവിശേഷത്തിൽ പരിശുദ്ധ ത്രിത്വത്തെ ചിത്രീകരിച്ചിരിക്കുന്നത്. അമൂർത്തമായ ഒരു തത്വമോ ചിത്രമോ അല്ല അത്. വളരെ ലളിതമായ ഭാഷയിൽ കേൾവികാരായ ശിഷ്യരെയും ഉൾപ്പെടുത്തിയുള്ള ഒരു ചിത്രീകരണമാണത്. വരികളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒപ്പം വായിക്കുന്ന നീയും നിറഞ്ഞു നിൽക്കുന്നു. പരസ്പരം നൽകുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും വിവരണമാണിത്. പിതാവിനുള്ളതെല്ലാം യേശുവിനും യേശുവിനുള്ളതെല്ലാം പരിശുദ്ധാത്മാവ് നിനക്കും നൽകുന്നു. ദൈവത്തിൻറെ ആനന്ദം പങ്കുവയ്പ്പാണ്. അതുകൊണ്ടാണ് അവൻ മനുഷ്യനായി അവതരിച്ചത്. എന്നിട്ട് അവൻ സ്വയം നമുക്കായി മുറിച്ചു നൽകി. അങ്ങനെ അവൻ നമ്മിലെ ദൈവീകതയുടെ വിത്തുകൾ മുളപ്പിക്കാൻ തുടങ്ങി.
യേശു പറയുന്നു, “പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്” (v.15). ഇതിൽ ത്രിത്വത്തിലെ രഹസ്യം മുഴുവനും അടങ്ങിയിട്ടുണ്ട്. ഇവിടെ സ്വത്വത്തിന്റെ സ്വാർത്ഥതയില്ല. യേശുവിനുള്ളതെല്ലാം പരിശുദ്ധാത്മാവ് നിനക്കും തരും എന്നാണ് പറയുന്നത്. ഈ ത്രിത്വൈക ബന്ധത്തിനകത്ത് നിന്നെയും ചേർത്തു നിർത്തുകയാണ് യേശു. ഈ മൂന്ന് ദൈവിക വ്യക്തികളുടെ ഇടയിലെ ബന്ധം ഒരു അടഞ്ഞ വലയമല്ല. മറിച്ച് പുറത്തേക്കൊഴുകുന്നു സ്നേഹത്തിൻറെ വറ്റാത്ത നീരുറവയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ യേശുവിൻറെ സുഹൃത്തുക്കൾക്കായി തുറന്നിട്ടിരിക്കുന്ന ഒരു ഭവനമാണ് ത്രിത്വം.
പരിശുദ്ധ ത്രിത്വം എന്ന വിശ്വാസത്തിൽ അടങ്ങിയിരിക്കുന്നത് പങ്കുവയ്പ്പും തുറവിയുമാണ്. ഇതേ മനോഭാവത്തിലേക്കാണ് നമ്മൾ ഓരോരുത്തരും എത്തിച്ചേരേണ്ടത്. ക്രിസ്തുവിൻറെ സുഹൃത്ത് എന്ന നിലയിൽ നിന്നിൽ നിന്നും നന്മയും സത്യവും സ്നേഹവും സമാധാനവും ധാർമ്മിക സൗന്ദര്യവും ക്രിയാത്മകതയുമെല്ലാം അനർഗളം നിൻറെ സഹജരുടെ ഇടയിലേക്ക് പ്രവഹിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവ് യേശുവിനെ മഹത്വപ്പെടുത്തിയതു പോലെ നിന്നെയും മഹത്വപ്പെടുത്തും. അങ്ങനെ നിനക്കും പരിശുദ്ധ ത്രീത്വം എന്ന കുടുംബത്തിലെ അംഗമാകുവാൻ സാധിക്കും.
പരിശുദ്ധ ത്രിത്വം എന്ന തത്വത്തിൽ അടങ്ങിയിരിക്കുന്നത് നമ്മെ കുറിച്ചുള്ള സ്വപ്നങ്ങളാണ്. ദൈവം ദൈവമായിരിക്കുന്നത് പരസ്പരമുള്ള പങ്കുവയ്പ്പിലൂടെ ആയിരിക്കുന്നതുപോലെ നമ്മളും നമ്മൾ ആകുന്നത് പരസ്പരം പങ്കുവയ്ക്കുമ്പോൾ മാത്രമാണ്. ഇത് ലോകത്തിന്റെ ചിന്തയ്ക്ക് വിപരീതമാണ്. ലോകം നമുക്ക് നൽകുന്നത് സ്വരൂപണത്തിൻറെ മാതൃകകളാണ്. സ്വരൂപിക്കുക, സമ്പാദിക്കുക, വലുതാക്കുക. ഇതാണ് ലോകത്തിൻറെ ചിന്ത. അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ അത് ജീവന്റെ സർക്കുലേഷൻ തടസ്സപ്പെടുത്തുന്ന ഇടുങ്ങിയ നാഡികളുടെ ഇടമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ് എന്നതാണ്. പലതും സ്വരുക്കൂട്ടി നാഡികളിൽ നെയ്മുറ്റിയിരിക്കുന്നതുകൊണ്ട് അവയവങ്ങളിൽ പലതിനും മരണത്തിൻറെ മരവിപ്പ് മാത്രമാണ് അനുഭവപ്പെടുന്നത്.
പരിശുദ്ധ ത്രിത്വം ജീവന്റെ നാഡീവ്യൂഹം ആണ്. അതിലൂടെ സ്നേഹം ഒരു തടസ്സവുമില്ലാതെ പ്രവഹിക്കുകയാണ്. എന്തെന്നാൽ ത്രിത്വം ഒന്നും സ്വന്തമാക്കുന്നില്ല. ത്രിത്വത്തിലെ പ്രത്യേകതയെന്തെന്നാൽ അതിലെ അനന്തമായ ചലനാത്മകതയാണ്. ചലനം, ചംക്രമണം തുടങ്ങിയവകൾ പ്രകൃതി നിയമമാണ്. ഗ്രഹങ്ങളും സൗരയുഥവും രക്തവും നദികളും കാറ്റും ദേശാടന പക്ഷികളും എല്ലാം ചലിക്കുകയാണ്, വലയം വയ്ക്കുകയാണ്. ഈ ചാക്രികതയെ നമുക്ക് ജീവന്റെ ക്രമം എന്നു വേണമെങ്കിൽ വിളിക്കാം. എപ്പോൾ ജീവിതത്തിന്റെ ചലനാത്മകത നഷ്ടപ്പെടുന്നുവോ അപ്പോൾ അത് രോഗാതുരമാകുകയാണ്. എപ്പോൾ ജീവിതത്തിന് ഒരു ദാനമായി മാറുവാൻ സാധിക്കാതെ വരുന്നുവോ അപ്പോൾ അത് കെട്ടടങ്ങുകയാണ്. ഇതാണ് ത്രിത്വം നൽകുന്ന പാഠം. നിന്റെ ഉള്ളിലെ സ്നേഹം സഹജന്റെ അവകാശമാണ്. അത് പങ്കുവയ്ക്കുക ഒരുതുള്ളി ലോപ്യശ ചിന്തയില്ലാതെ.
മാമ്രേയിലെ ഓക്കുമരത്തോപ്പിനു സമീപം അബ്രാഹത്തിനുണ്ടായ ദൈവാനുഭവം ഒന്ന് ശ്രദ്ധിക്കുക. ഉല്പത്തി പതിനെട്ടാം അധ്യായം തുടങ്ങുന്നത് അബ്രാഹത്തിനു ദൈവം പ്രത്യക്ഷനായി എന്നു പറഞ്ഞുകൊണ്ടാണ്. പിന്നീട് രണ്ടാമത്തെ വാക്യം പറയുന്നു മൂന്നാളുകൾ അബ്രാഹത്തിന്റെ മുൻപിൽ നിൽക്കുന്നതായിട്ടാണ്. ദൈവത്തെയും യാത്രക്കാരായ ഈ മൂന്നാളുകളെയും വേർതിരിക്കാൻ പറ്റാത്ത രീതിയിലാണ് ഇവിടെ ആഖ്യാനം മുന്നോട്ടുപോകുന്നത്. അപരിചിതരായ യാത്രക്കാരും ദൈവവും ഒന്നായി മാറുന്ന അനുഭവം. നീയൊരു പരദേശിയെ സ്വീകരിക്കുമ്പോൾ സ്വീകരിക്കുന്നത് ഒരു മാലാഖയേയാണ്. തോബിത്തിന്റെ പുസ്തകം ഈയൊരു ചിന്തയുടെ പുനരാഖ്യാനമാണ്. യേശു എവിടെയോ പറഞ്ഞിട്ടുണ്ട് ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചുവെന്ന്.
അബ്രഹാം ഏകനും ത്രിത്വവുമായ അലയുന്ന ദൈവത്തിനാണ് ആതിഥ്യം നൽകിയത്. അതിൻറെ ഫലമായി അവന് ഒരു സമ്മാനവും ലഭിക്കുന്നുണ്ട്; മരുഭൂമിയായിരുന്നു സാറയുടെ ഉദരം ഫലപുഷ്ടമാകുന്നു. അവൾ ഒരു വലിയ ജനതയുടെ അമ്മയാകുന്നു. അബ്രാഹത്തിന്റെയും സാറായുടെയും ഈ അനുഭവം നിൻറെ മുമ്പിൽ ഒരു തിരിവെട്ടമായി മാറണം. മരുഭൂമിയായി വളരുന്ന നിൻറെ ഈ ലോകത്ത് ഉർവ്വരതയുടെ കൃപയായ ആ ദൈവത്തെ നീ സ്വീകരിക്കുക. നിന്നിൽ നിന്നും കൈമോശം സംഭവിച്ച ആതിഥേയതയുടെ ആ നന്മ വീണ്ടെടുക്കുക. എപ്പോൾ നിന്റെ കൂടാരം അലയുന്നവനായി തുറന്നിടുന്നുവോ, അപ്പോൾ ദൈവം നിന്നെ സന്ദർശിക്കും. മാമ്രേയിൽ വച്ച് അബ്രാഹത്തിനെ സന്ദർശിച്ച പോലെ.