Meditation

“ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ” (യോഹ.13:31-35)

സ്നേഹിക്കുകയെന്നാൽ സഹജൻ എന്ന നീരുറവയിലേക്ക് നടന്നടുക്കുകയെന്നതാണ്

ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ”. ഹൃദയത്തിൽ തമസ്സും നിറച്ചു നടന്നവൻ ഭക്ഷണ ശാലയിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് യേശു ഈ കൽപന തന്റെ ശിഷ്യന്മാർക്ക് നൽകുന്നത്. അന്ധകാരത്തിനോട് ചേർന്നു നിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നവർക്ക് സ്നേഹവും അതിൻറെ ഭാഷയും മനസ്സിലാകണമെന്നില്ല. അതുകൊണ്ടായിരിക്കണം യൂദാസ് പുറത്ത് പോയതിനുശേഷം യേശു പുതിയ കല്പന ശിഷ്യന്മാർക്ക് നൽകുന്നത്: “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ”.

കൽപ്പന ഇഷ്ടപ്പെട്ടു. പക്ഷേ ഏതു സ്നേഹം കൊണ്ടാണ് സ്നേഹിക്കേണ്ടത്? സ്നേഹം എന്ന പദം ആണല്ലോ നമ്മുടെയിടയിൽ ഏറ്റവും കൂടുതൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. റബ്ബിമാർ പറയുന്ന ഒരു കാര്യമുണ്ട്. സ്നേഹം എന്ന പദം തെറ്റായി ഉച്ചരിക്കുകയാണെങ്കിൽ നാവു പൊള്ളുമെന്ന്. എന്നിട്ടും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഏക പദവും, യാഥാർത്ഥ്യവും സ്നേഹം മാത്രമാണ്. അതു നൽകിയ പൊള്ളലുകൾ പല ജീവിതങ്ങളെയും ചാമ്പലാക്കിയിട്ടുണ്ട്. നമ്മൾ സ്നേഹത്തെ മനസ്സിലാക്കിയത് ഒരു വികാരമായിട്ടോ, നൽകലായിട്ടോ, സഹാനുഭാവത്തിന്റെ പ്രകടനമായിട്ടോ, പങ്കുവയ്ക്കലിന്റെ നിമിഷമായുമൊക്കെയാണ്. പക്ഷേ ഓർക്കുക സ്നേഹം എന്നാൽ ഇതിനെല്ലാം മുകളിലാണ്. ഇതിനെയൊക്കെ കടത്തിവെട്ടുന്നതുമാണ്. അപ്പോള്‍ പലരും ചോദിക്കും; എന്താണ് സ്നേഹം? നിർവചനങ്ങളിൽ നീ അതിനെ ഒതുക്കരുത്. അത് അവിടെ ഒതുങ്ങില്ല. സ്നേഹം വിശുദ്ധമായ ഒരു യാഥാർത്ഥ്യമാണ്. അതിന് രൂപകങ്ങളേ ചേരും. രൂപകങ്ങൾ ഉപയോഗിക്കൂ. അങ്ങനെയാകുമ്പോൾ സ്നേഹം എന്നത് സഹജൻ എന്ന പനിനീർ പൂവിൻറെ ഇതളുകളെ ദൈവീകമായ ആദരവോടെ, വിറയലോടെ വിടർത്തുന്ന പ്രവർത്തിയാണെന്ന് നിനക്ക് മനസ്സിലാകും. സ്നേഹം പ്രവർത്തിയാണ്. വാചാലതയല്ല. അത് സഹജനെ ഒരു വസ്തുവായോ ലക്ഷ്യമായോ കാണുന്ന മനോഭാവമല്ല. മറിച്ച് ഒരു സംഭവമായി ദർശിക്കുന്ന ഉൾക്കാഴ്ചയാണ്. അപ്പോൾ നീ അറിയും. നിൻറെ ജീവിതത്തിൻറെ സ്വാദ് സഹജനാണെന്നും. നിൻറെ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്നിടുന്നത് അവൻ/ അവൾ ആണെന്നും. നിന്നെ നീ ആക്കുവാൻ സാധിക്കുന്ന ഏക യാഥാർത്ഥ്യം സ്നേഹം മാത്രമാണ്. നിൻറെ ശക്തികൾക്കും കഴിവുകൾക്കും മധുരം നൽകുന്നത് സ്നേഹമാണ്. സ്നേഹിക്കണമെങ്കിൽ ദൈവത്തിൻറെ കണ്ണുകൊണ്ട് നീ സഹജരെ നോക്കണം. അപ്പോൾ നിനക്ക് ഓരോ കുഞ്ഞു ഹൃദയങ്ങളുടെയും സൗന്ദര്യവും മഹത്വവും ഒരുമയും ദർശിക്കുവാനും ആസ്വദിക്കുവാനും സാധിക്കും. സ്നേഹത്തിന് മാത്രമേ ജീവിതത്തിന് ആവേശവും ആശ്ചര്യവും നൽകുവാന്‍ സാധിക്കൂ.

സ്നേഹിക്കുകയെന്നാൽ സഹജൻ എന്ന നീരുറവയിലേക്ക് നടന്നടുക്കുകയെന്നതാണ്. അവിടെ നീ സ്നേഹിക്കുന്നവർ നിന്നെക്കാൾ വലിയവരായി മാറും. അവർ നിന്റെ ഗുരുക്കന്മാരെ പോലെയുമാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്നേഹിക്കുകയെന്നാൽ സഹജനെന്ന മഹാസമുദ്രത്തിലെ നീർത്തുള്ളിയാകുകയെന്നതാണ്. സഹജൻ സമുദ്രവും ഞാൻ നീർതുള്ളിയും എന്ന ആഴമായ ബഹുമാനത്തിന്റെ ആന്തരിക അനുഭവമാണ് സ്നേഹം. അതിനു വിപരീതമായി, സഹജൻ നീർതുള്ളിയും ഞാൻ സമുദ്രവുമാണെന്ന ചിന്ത വന്നാൽ അവിടെ സ്നേഹം ഉണ്ടാകില്ല. അവിടെ ഉണ്ടാകുക കീഴടക്കൽ മാത്രമായിരിക്കും. ഓർക്കുക, സ്നേഹത്തിന് ബഹുമുഖങ്ങളില്ല. അതിനുള്ളത് ഒരേയൊരു മുഖമാണ്. എളിമയുടെ മുഖം. നിൻറെ മുന്നിൽ നിൽക്കുന്ന ഓരോ കുഞ്ഞും സ്നേഹത്തിൻറെ ഒരു മഹാസമുദ്രം ആണെന്നും നീ ഒരു നീർത്തുള്ളി ആണെന്നു കരുതുന്നു ആദരവിൻറെയും തുറവിയുടെയും മനോഭാവമാണത്. ഓരോ കുഞ്ഞുങ്ങളുടെയും എളിയവരുടെയും ദരിദ്രരുടെയും മുൻപിൽ അവരെക്കാൾ ചെറിയവരായി മാറാനുള്ള വിളിയാണ് സ്നേഹം. അവരുടെ കണ്ണുകളിൽ നിന്നും പ്രകാശവും ശക്തിയും ചരിത്രവും ഭിക്ഷയായി യാചിക്കാനുള്ള വിളിയാണ് സ്നേഹം.

യേശു പറയുന്നു, “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്ക് നൽകുന്നു”. നോക്കുക ഒരു നിരോധനാജ്ഞയല്ല. മറിച്ച് മനുഷ്യജീവനെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു നിയമമാണ്. ഈ ലോകത്തിന്റെ തലയിലെഴുത്തും മനുഷ്യൻറെ വിധിയും അടങ്ങിയിരിക്കുന്നത് ഈയൊരു കൽപ്പനയിൽ മാത്രമാണ്. എപ്പോഴും നീ ഓർക്കണം. നല്ലൊരു ജീവിതം എല്ലാവരുടെയും അവകാശമാണ്. ഒരു ജാതിക്കോ, ഒരു മതത്തിനോ, ഒരു വർഗ്ഗത്തിനോ, ഒരു വർണത്തിനോ മാത്രം അവകാശപ്പെട്ടതല്ല സ്വസ്ഥമായ ജീവിതം. അതിനായി നമുക്ക് എല്ലാവർക്കും വേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്. സ്നേഹം.

പുതിയ കൽപ്പന എന്ന് യേശു പറയുന്നു. എവിടെയാണ് ഈ കൽപ്പനയിൽ പുതുമ അടങ്ങിയിരിക്കുന്നത്? എല്ലാത്തിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നും, തന്നെ പോലെതന്നെ അയൽക്കാരനെയും സ്നേഹിക്കണമെന്നും പഴയ നിയമത്തിൽ പറയുന്നുണ്ടല്ലോ? (നിയമ 6:4, ലേവ്യ 19:18). യേശുവിൻറെ കൽപ്പനയുടെ പുതുമയെന്നാൽ “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ” എന്ന് അവൻറെ വാക്കുകളാണ്. എത്രത്തോളം യേശു സ്നേഹിക്കുന്നുവെന്നു പറയുന്നില്ല. അവൻറെ സ്നേഹത്തിൻറെ അളവ് നിന്നെ സംബന്ധിച്ച് അസാധ്യം തന്നെയായിരിക്കാം. പക്ഷേ നീ ഒരു കാര്യം മനസ്സിലാക്കണം. അവന്റെ ചാരുതയാർന്ന സൗമ്യതയിലും, എല്ലാ പാരമ്പര്യ ചിന്തകളേയും തകിടംമറിക്കുന്ന മനോഭാവത്തിലും ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലും ജൈവീകമായ് നിറഞ്ഞുനിന്നിരുന്നത് സ്നേഹം മാത്രമായിരുന്നു. അതുകൊണ്ടാണ് കുരിശും ശൂന്യമായ കല്ലറയും അവന്റെ സ്നേഹത്തെക്കുറിച്ചുള്ള കഥകള്‍ മാത്രം പറയുന്നത്. ഓർക്കുക അവന്റെ ശിക്ഷരാകുക എന്നാൽ പരസ്പരം സ്നേഹിക്കുന്നവരാകുക എന്നതല്ല. അതിലുപരി അവനെപ്പോലെ സ്നേഹിക്കുന്നവരാകുക എന്നതാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker