ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം, നിങ്ങള്‍ കുമ്പസാരിച്ചോ? അതോ, പൊതു പാപമോചനത്തിനായി കാത്തുനിൽക്കുകയാണോ?
ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം, നിങ്ങള്‍ കുമ്പസാരിച്ചോ? അതോ, പൊതു പാപമോചനത്തിനായി കാത്തുനിൽക്കുകയാണോ?
ജോസ് മാർട്ടിൻ
ക്രിസ്തുമസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പള്ളികളില്‍ കുമ്പസാരിക്കാനുള്ള അവസരം നല്‍കി കഴിഞ്ഞു, പലയിടങ്ങളിലും സമയ പരിധിതന്നെ നൽകിയിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കുട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ ചിലര്‍ക്കെങ്കിലും ഈ സമയ പരിധിക്കുള്ളില്‍ എത്താന്‍ സാധിച്ചുവെന്ന് വരില്ലയെന്നതും യാഥാർഥ്യം. തുടർന്ന്, അച്ചന്മാരും
വിശ്വാസികളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ വലിയ തിരുനാളുകളില്‍ സ്ഥിരം കാഴ്ച്ചയുമാണ്.
അങ്ങനെ വരുന്ന അവസ്ഥയില്‍ അച്ചന്മാര്‍ക്കുള്ള ഏക പോംവഴി പൊതു പാപമോചനം നല്‍കുക എന്നുള്ളതാണ്. പൊതു പാപമോചനം ചില പ്രത്യേക സാഹചര്യങ്ങളില്‍ സഭ നിയമപരമായി അനുവദിച്ചിട്ടുള്ളതുമാണ്.
പക്ഷെ, അനേകർക്ക് ഒരേസമയം നൽകപ്പെടുന്ന കൗദാശിക പാപമോചനം ക്രൈസ്തവ വിശ്വാസികളിൽ ഒരംഗം പ്രാപിക്കേണ്ടതിന് ആ വ്യക്തിക്ക് ശരിയായ ഒരുക്കം ഉണ്ടായിരിക്കണം എന്നതിനു പുറമേ, ഇപ്പോൾ ഏറ്റുപറയാൻ സാധിക്കാത്ത മാരകപാപങ്ങൾ യഥാകാലം വ്യക്തിപരമായി ഏറ്റുപറയാനുളള ഉദ്ദേശംകൂടി ഉണ്ടായിരിക്കണം (കാനോൻ 961) എന്ന് കാനൻ നിയമം അനുശാസിക്കുന്നുണ്ട്.
ഏതൊക്കെ സാഹചര്യത്തില്‍ പൊതു പാപമോചനം നല്‍കാം:
1. മരണാസന്നാവസ്ഥയുണ്ടായിരിക്കുകയും അനുതാപികളോരോരുത്തർക്കും അനുരഞ്ജന കൂദാശ പരികർമ്മം ചെയ്യാൻ വൈദികനോ വൈദികർക്കോ സമയമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. (കാനോൻ 961 §1)
2. ഗൗരവമായ അത്യാവശ്യം ഉണ്ടായിരിക്കുക; അതായത്, അനുതാപികളുടെ എണ്ണം പരിഗണിക്കുമ്പോൾ ന്യായമായ സമയത്തിനുള്ളിൽ അനുതാപികളോരുത്തർക്കും അനുരജ്ഞന കൂദാശ പരികർമ്മം ചെയ്യാൻ വൈദികർ ലഭ്യമല്ലാതിരിക്കുക മൂലം തങ്ങളുടെ കുറ്റത്താലല്ലാതെ കൗദാശിക വരപ്രസാദമോ ദിവ്യകാരുണ്യ സ്വീകരണമോ കുറേകാലത്തേക്ക് അവർക്ക് ഇല്ലാതെ വരിക. വലിയ തിരുനാളിന്റെയോ തീർത്ഥാടനത്തിന്റെയോ അവസരത്തിൽ സംഭവിക്കാവുന്നതുപോലെ, അനുതാപികളുടെ ബാഹൂല്യംമൂലം കുമ്പസാരം ഉടനടി ലഭ്യമല്ലാത്ത അവസ്ഥയുണ്ടെങ്കിലും അത് മതിയായ അത്യാവശ്യമായി കണക്കാക്കപ്പെടുന്നില്ല (961 § 1).
3. ഇങ്ങനെയുള്ള ഗൗരവമായ അത്യാവശ്യം നിലനിൽക്കുന്നുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരം രൂപതാമെത്രാനാണ്. അതേ പ്രദേശത്ത് അധികാരം വിനിയോഗിക്കുന്ന മറ്റ് സ്വയാധികാര സഭകളിലെ രൂപതാമെത്രാന്മാരുമായും ആലോചിച്ച്, അദ്ദേഹത്തിന് ഇങ്ങനെയുള്ള ഗൗരവമായ അത്യാവശ്യം പൊതുനിബന്ധനകൾ വഴിപോലും നിശ്ചയിക്കാവുന്നതാണ് (961 § 2).
4. ഒരേസമയം അനുതാപികൾക്ക് ‘പൊതു പാപമോചനം’ നൽകുന്ന ക്രമം അനുസരിച്ച് അനുതാപശുശ്രൂഷയുടെ എല്ലാ ഘടകങ്ങളും, അനുതാപത്തിന്റെ ആവിഷ്ക്കാരം മുതൽ പാപമോചനാശീർവ്വാദം വരെ, ഈ ക്രമത്തിൽ പൊതുവാണ്. എന്നാൽ ഈ ക്രമം ഏതവസരത്തിലും നടത്താവുന്നതോ പിന്തുടരാവുന്നതോ അല്ല. സഭാനിയമങ്ങളിലും ഇതര രേഖകളിലും ഈ ക്രമം അനുഷ്ഠിക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളിൽ നിന്ന് ഇത് അസാധാരണമായ ഒന്നാണെന്ന് വ്യക്തമാകുന്നുണ്ട്.
പൊതുവായ അനുതാപ ശുശ്രൂഷ സ്വീകരിക്കുന്നതിനുവേണ്ടി അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ, സഭ അനുശാസിക്കുന്ന അനുരഞ്ജനപ്പെടാനുള്ള സാധാരണ മാർഗ്ഗമായ വ്യക്തിപരമായ നല്ല കുമ്പസാരം ആശംസിക്കുന്നു.