Categories: Meditation

6th Sunday_2025_ഭാഗ്യവും ദുരിതവും (ലൂക്കാ 6: 17, 20-26)

ആത്മീയതയുടെ പേരിൽ ദാരിദ്ര്യവും നൊമ്പരങ്ങളും തേടി പോകണം എന്നല്ല യേശു പറയുന്നത്, മറിച്ച് ഏതവസ്ഥയിലും ദൈവത്തിൽ ആശ്രയിക്കണമെന്നാണ്...

ആണ്ടുവട്ടത്തിലെ ആറാം ഞായർ

പത്രോസും സെബദീപുത്രന്മാരും ചുങ്കക്കാരനായ ലേവിയും യേശുവിനെ അനുഗമിക്കാൻ തുടങ്ങി. ഗുരുനാഥൻ ശിഷ്യരുടെയിടയിൽ നിന്നും അപ്പോസ്തലന്മാരെ തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. അവർ ആരും ഇനി മീൻപ്പിടിത്തക്കാരും ചുങ്കക്കാരും തീവ്രവാദികളും ഒന്നുമല്ല, മനുഷ്യരെപ്പിടിക്കുന്നവരാണ്. ഇതാ, ഒരു താഴ്‌വരയിൽ ഇരുന്നുകൊണ്ട്, അവൻ അവരോടും (നമ്മോടും) സന്തോഷത്തിന്റെ രഹസ്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്താണ് നമ്മുടെ നിലനിൽപ്പിന്റെ ആഴമേറിയ അർത്ഥം? ഉത്തരം; സന്തോഷത്തിലായിരിക്കുക. സന്തോഷം മാത്രമാണ് നമ്മൾ അന്വേഷിക്കുന്നതും സ്വപ്നം കാണുന്നതും. അതെ, നമ്മൾ ആനന്ദഭിക്ഷകരാണ്. അങ്ങനെയുള്ള നമ്മൾക്ക് സന്തോഷവും ഒരു പ്രലോഭനം കൂടിയാണ്. ലോകം ആ പ്രലോഭനത്തെ തൃപ്തമാക്കാൻ പല മാർഗങ്ങളും കാണിച്ചുതരുന്നുണ്ട്. പക്ഷേ, ഗുരുവിന്റെ മാർഗ്ഗം വ്യത്യസ്തമാണ്. അത് സുവിശേഷഭാഗ്യങ്ങളാണ്.

“മാനുഷ പരികൽപനങ്ങളിലെ ഏറ്റവും മഹത്തായ ചിന്തകളാണ് സുവിശേഷ ഭാഗ്യങ്ങൾ”. പറയുന്നത് ഗാന്ധിജിയാണ്. അവയുടെ ആഴം നമ്മൾക്ക് കാണാൻ കഴിയില്ല. എങ്കിലും മാനുഷികമായി ചിന്തിക്കുമ്പോൾ പ്രായോഗികമാക്കാൻ പ്രയാസമുള്ള സാങ്കല്പിക സങ്കൽപ്പനങ്ങളാണവ എന്നു തോന്നും. പക്ഷേ അവയെ ഹൃദയത്തോട് ചേർത്തു നിർത്തിയവർ സാക്ഷ്യപ്പെടുത്തുന്നു, അവ മാത്രമാണ് ആനന്ദം പകർന്നു നൽകിയ യാഥാർത്ഥ്യമെന്ന്. അതെ, സ്നേഹിക്കുന്നവർക്ക് ദൈവം സന്തോഷം നൽകും. അത് അനുഗ്രഹമാണ്, ഭാഗ്യമാണ്.

മത്തായിയുടെ സുവിശേഷത്തിൽ എട്ട് സുവിശേഷഭാഗ്യങ്ങളുണ്ട്. എന്നാൽ ലൂക്കായുടെ സുവിശേഷത്തിൽ നാലെണ്ണം മാത്രമേ വിവരിക്കുന്നുള്ളൂ. പിന്നെയുള്ളത് നാലു ദുരിതങ്ങളാണ്. സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും നേർവിപരീത തലങ്ങൾ. ജീവിതത്തെ ജൈവീകമാക്കുന്നതിന് വേണ്ടിയുള്ള രണ്ടു വഴികളാണ് സുവിശേഷകൻ ചിത്രീകരിക്കുന്നത്: ഒന്നുകിൽ “ദൈവരാജ്യത്തിനുവേണ്ടി”, അല്ലെങ്കിൽ “സ്വന്തം ആശ്വാസത്തിനുവേണ്ടി”. ആദ്യത്തതിനെ അനുഗ്രഹം എന്നും രണ്ടാമത്തതിനെ ദുരിതം എന്നുമാണ് സുവിശേഷകൻ വിശേഷിപ്പിക്കുന്നത്.

“ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്”. ദാരിദ്ര്യമല്ല അനുഗ്രഹിക്കപ്പെട്ടത്, ദരിദ്രരാണ്. ഗ്രീക്ക് ഭാഷയിൽ ദരിദ്രർ (πτωχοί – ptōchoi) എന്ന പദത്തിന് കൂനിപോയവർ എന്നും അർത്ഥമുണ്ട്. ഹീബ്രു സങ്കൽപ്പത്തിൽ അവർ ആവശ്യക്കാരാണ് (רָשׁ – rash), കാരണം അവർ ദുർബലരാണ്, അവർക്ക് ഒറ്റയ്ക്ക് ഒന്നുംചെയ്യാൻ കഴിയില്ല. ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുന്ന നാല് സുവിശേഷഭാഗ്യങ്ങളിൽ ഇതു മാത്രമാണ് വർത്തമാനകാലത്തെ ഭാഗ്യം. ബാക്കിയുള്ള മൂന്നും ഭാവിയിലാണ് സംഭവിക്കുക (നിങ്ങൾ സംതൃപ്തരാകും, നിങ്ങൾ ചിരിക്കും, സ്വർഗ്ഗത്തിൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കും). ദൈവരാജ്യം ഒരു ഭാവി അനുഭവമല്ല, വർത്തമാന യാഥാർത്ഥ്യമാണ്. ആശ്രയിക്കുന്നവർ മാത്രമേ അതനുഭവിക്കൂ. നാളെയല്ല, ഇന്നാണ് സന്തോഷമനുഭവിക്കേണ്ടത്. അങ്ങനെ ചിന്തിച്ചാൽ മാത്രമേ സുവിശേഷഭാഗ്യങ്ങളുടെ ഉള്ളിലെ വിപ്ലവാത്മകത തിരിച്ചറിയാൻ സാധിക്കു. ചരിത്രത്തിൽ മാറ്റം വന്നിട്ടുള്ളത് നിസ്വരിലൂടെ മാത്രമാണ്. അവരാണ് എല്ലാ വിപ്ലവങ്ങളുടെയും കാരണവും ഉത്ഭവവും. അവരെ അവഗണിക്കുന്ന ഒരു ഭരണസംവിധാനവും നിലനിന്നിട്ടില്ല. ഒപ്പം അവർ പൂർണമായി ഇല്ലാതായിട്ടില്ല എന്നതും സത്യമാണ്. കാരണം, ദൈവം ലോകത്തിൽ ഇടപെടുന്നത് അവരിലൂടെ മാത്രമാണ്. അവർക്കാണ് കാര്യങ്ങൾക്കപ്പുറമുള്ള ഹൃദയങ്ങളുള്ളത്.

“ഭാഗ്യവാന്മാര്‍” (Μακάριοι – Makarioi) അനുഗൃഹീതർ എന്നും സന്തോഷവാന്മാർ എന്നും അർത്ഥമുള്ള പദം. ദാരിദ്ര്യം, സങ്കടം, പീഡനം, അപമാനം എന്നിവയിലൂടെ കടന്നുപോകുന്നവരെയാണ് അവൻ സന്തോഷവാന്മാർ എന്നു വിളിക്കുന്നത്. അപ്പോഴും ഓർക്കണം ഇതൊരു നൊമ്പരങ്ങളെ വാഴ്ത്തുന്ന കീർത്തനമല്ല, മറിച്ച് ദൈവത്തെ അനുഭവിക്കുന്നതിനുള്ള അനുയോജ്യമായ സാഹചര്യങ്ങളാണ്. യേശുവിനെപ്പോലെയുള്ളവർ (ദരിദ്രർ, സൗമ്യതയുള്ളവർ, കരുണാമയന്മാർ) ദൈവത്തെ അനുഭവിക്കുന്നു. എത്ര മനോഹരം!

ആത്മീയതയുടെ പേരിൽ ദാരിദ്ര്യവും നൊമ്പരങ്ങളും തേടി പോകണം എന്നല്ല യേശു പറയുന്നത്, മറിച്ച് ഏതവസ്ഥയിലും ദൈവത്തിൽ ആശ്രയിക്കണമെന്നാണ്. നമ്മുടെ സുരക്ഷയെ എന്തടിസ്ഥാനത്തിലാണ് നാം കെട്ടിപ്പടുക്കുന്നത്? ഏത് അടിത്തറയിലാണ് നാം നമ്മുടെ ജീവിതത്തെ പണിതുയർത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് ഈ സുവിശേഷഭാഗ്യങ്ങളുടെ പിന്നിലുള്ളത്. നശ്വരമാണോ അനശ്വരമാണോ എന്നതാണ് ഇവിടുത്തെ വിഷയം. അങ്ങനെയാകുമ്പോൾ യഥാർത്ഥ സന്തോഷം അനുഭവിക്കാൻ പോകുന്നത് നമ്മൾ അവസാനത്തവരെന്നും നിർഭാഗ്യരെന്നും ബലഹീനരെന്നും കരുതുന്നവരായിരിക്കും. കരയുന്നവർ സന്തുഷ്ടരാകുന്നത് ദൈവം വേദന ഇഷ്ടപ്പെടുന്നതുകൊണ്ടല്ല, മറിച്ച് വേദനിക്കുമ്പോൾ അവൻ അവരോടൊപ്പമുള്ളതുകൊണ്ടാണ്. ഹൃദയത്തിൽ മുറിവേറ്റവരോടു കൂടെ ദൈവം ഏറ്റവും അടുത്തുണ്ട്.
ദുരിതമാണ് സുവിശേഷത്തിലെ മറ്റൊരു വിഷയം. ദുരിതം. ഗ്രീക്ക് ഭാഷയിൽ οὐαί (ouai) എന്നും ഹീബ്രു ഭാഷയിൽ אוֹי (hoi) എന്നും ഇംഗ്ലീഷിൽ woe എന്നുമാണ്. ഹീബ്രുവിൽ അതൊരു ശവസംസ്കാര വിലാപ സ്വരമാണ്. മലയാളത്തിൽ “അയ്യോ” എന്ന് വേണമെങ്കിൽ ആ സ്വരത്തെ വിവർത്തനം ചെയ്യാവുന്നതാണ്. കാരണം അത് പ്രകടിപ്പിക്കുന്നത് അനിഷ്ടം, ഖേദം, പശ്ചാത്താപം തുടങ്ങിയവയെയാണ്. ദുരിതം എന്നു പ്രഖ്യാപിക്കുന്നതിലൂടെ യേശു ആരെയും ഭീഷണിപ്പെടുത്തുന്നില്ല, മറിച്ച് സ്നേഹിക്കപ്പെടാൻ അനുവദിക്കാത്തവർ ഇതിനകം മരിച്ചുപോയതുപോലെ അവൻ നിലവിളിക്കുന്നു.

ബൈബിളിൽ, സന്തുഷ്ടനായിരിക്കുക എന്നതിനർത്ഥം എല്ലാറ്റിനും, എല്ലാവർക്കുമുമ്പായി ദൈവത്തെ നിർത്തുക എന്നാണ്. അപ്പോഴും ഓർക്കണം, സന്തോഷം ഒരു ലക്ഷ്യമല്ല, മാർഗമാണ്. നാളെയല്ല സന്തോഷം, ഇന്നാണ്. ഇന്ന് സന്തോഷമുണ്ടോ, എങ്കിൽ നാളെയും അതുണ്ടാകും. ഇന്നില്ലെങ്കിൽ, അത് നാളെയും ഉണ്ടാകില്ല. സന്തോഷം എന്നത് “നന്മ അനുഭവിക്കുക” എന്നതുമാത്രമല്ല, ജീവിക്കാനുള്ളത് ജീവിച്ചു തീർക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന് സന്തോഷം പകരുകയെന്നതും കൂടിയാണ്. ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവർക്ക് സ്വർഗ്ഗം ഉണ്ടാകില്ല. നശ്വരമായ സന്തോഷം അനുഭവിക്കാത്തവർ അനശ്വരമായ സന്തോഷം പ്രതീക്ഷിക്കുകയും വേണ്ട.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

14 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

1 day ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

1 day ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

2 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

2 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

4 days ago