പെസഹാ കാലം ആറാം ഞായർ
“പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ” (v.9). ക്രൈസ്തവ വിശ്വാസത്തിന്റെ സത്തയാണ് ഈ സുവിശേഷ പ്രതിപാദ്യം. സ്നേഹത്തിൽ നിലനിൽക്കുക; എത്ര സുന്ദരമായ അനുഭവമാണിത്! വരികളിൽ ആജ്ഞയുടെ ധ്വനി അടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. അല്ല. ഒരു ക്ഷണമാണത്. സ്നേഹം അന്വേഷിച്ച് ഇനി നീ അലയേണ്ട കാര്യമില്ല. ഭയാശങ്കയോടെ സ്നേഹത്തെ സമീപിക്കുകയും വേണ്ട. സ്നേഹമെന്ന പേരിൽ നീ അനുഭവിച്ച നൊമ്പരങ്ങളും നിരാശയും മറന്നു കൊള്ളുക. കരളോട് ചേർത്തുനിർത്തിയവർ പടയാളികളെന്നപോലെ പെരുമാറിയ ചതിയുടെ അനുഭവങ്ങളെ തീർത്തും മായ്ച്ചുകളയുക. ഇതാ, സ്നേഹത്തിന്റെ മൂർത്തീഭാവമായവൻ പറയുന്നു; “എൻ്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ”. അവന്റെ സ്നേഹംകൊണ്ടു നീ നിന്നെത്തന്നെ പൊതിയുക. ആ സ്നേഹം ദൈവികമാണ്, സ്വർഗ്ഗീയമാണ്.
ക്രിസ്തുസ്നേഹത്തിന്റെ പരിമളം അനുഭവിച്ചവർക്കു മാത്രമേ സഹജരെ സ്നേഹിക്കാൻ സാധിക്കൂ. കാരണം, സഹജസ്നേഹം അവന്റെ കല്പനയാണ്. അപ്പോഴും ഓർക്കണം, സഹജസ്നേഹം ഏകതാനമായ ഒരു പ്രവർത്തിയല്ല. അത് നൽകലും സ്വീകരിക്കലും കൂടിയാണ്. പരസ്പരപൂരകമാണ്. സ്നേഹത്തെ നൽകൽ മാത്രമായോ സ്വീകരിക്കൽ മാത്രമായോ ചുരുക്കാൻ സാധിക്കില്ല. അതൊരു മാന്ത്രികമായ നിറവാണ്. സ്നേഹിക്കുന്നതിലൂടെ ആരും ശൂന്യരാകുന്നില്ല. അതുകൊണ്ടാണ് കുരിശോളം സ്നേഹിച്ചവനും ആത്മസംതൃപ്തിയോടെ മരണത്തെ പുൽകുന്നത്.
സുന്ദരമാണ് സ്നേഹം. പക്ഷേ ക്രിസ്തീയസ്നേഹം അതിസുന്ദരമാണ്. കാരണം, യേശു സ്നേഹിച്ചതു പോലെയാണ് ഓരോ ക്രിസ്തുശിഷ്യനും സ്നേഹിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ യേശു സ്നേഹിച്ചതു പോലെയായിരിക്കണം നമ്മളും സ്നേഹിക്കേണ്ടത്. യേശുവിന്റെ സ്നേഹം നോക്കുക, ആ സ്നേഹം തീർത്തും വ്യത്യസ്തമാണ്. അത് കാലിത്തൊഴുത്തിൽ പിറന്ന സ്നേഹമാണ്, കാലുകഴുകിയ സ്നേഹമാണ്, കരുണാർദ്ര സ്നേഹമാണ്, ചേർത്തുനിർത്തുന്ന സ്നേഹമാണ്, മുറിവേറ്റാലും ക്ഷമിക്കുന്ന സ്നേഹമാണ്, സഹജന്റെ മനസ്സറിയുന്ന സ്നേഹമാണ്, നഷ്ടപ്പെട്ടതിനെ തേടിയലയുന്ന സ്നേഹമാണ്, ചെന്നായ്ക്കളിൽ നിന്നും ഓടിയൊളിക്കാത്ത സ്നേഹമാണ്, അപ്പമൊരുക്കി കാത്തിരിക്കുന്ന സ്നേഹമാണ്… നിസ്വനായിരുന്നു അവൻ. അപ്പോഴും സ്നേഹത്തിന്റെ കാര്യത്തിൽ അവനൊരിക്കലും ദാരിദ്ര്യമനുഭവിച്ചിട്ടില്ല. സ്നേഹം അവന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായിരുന്നു. ഇതുതന്നെയാണ് അവൻ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നതും. അതായത്, അവന്റെ സ്നേഹത്തിൽ നിലനിൽക്കുക എന്നു പറഞ്ഞാൽ, അവനെ നമ്മുടെ സ്വത്വത്തിലേക്ക് ആവഹിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയാണ്. ആ ജീവിതരീതിയിൽ വിശ്വാസമാണ് സത്യം. മതമോ ലളിതവുമായിരിക്കും. കാരണം, വിശ്വാസമെന്നത് സ്നേഹം തന്നെയാണവിടെ. വിശ്വാസം സത്യത്മകമല്ലാതതുകൊണ്ടാണ് മതങ്ങൾ സങ്കീർണ്ണങ്ങളാകുന്നതും സ്നേഹത്തിനു പകരം അക്രമത്തിന്റെ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത്.
ഇന്നത്തെ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ, വിശ്വാസി ദാസനല്ല; സുഹൃത്താണ്, ദൈവപുത്രന്റെ സുഹൃത്ത്. എത്രയോ ആർദ്രമാണ് ഈ വിശ്വാസ സങ്കൽപം! സൗഹൃദമാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടെ അടിച്ചേൽപ്പിക്കലുകളില്ല, അഭിനയമില്ല, അഭ്യർത്ഥിക്കലുമില്ല. സ്നേഹത്തിന്റെ തുല്യത മാത്രം! സൗഹൃദത്തിൽ എവിടെയാണ് വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസങ്ങൾ? ആരാണവിടെ ആജ്ഞാപിക്കാനുള്ളത്? ആരാണവിടെ അനുസരിക്കാനുള്ളത്? മനസ്സറിവുകളുടെ കണ്ടുമുട്ടലാണ് സൗഹൃദം. ഞാൻ നിന്നെ പൂർണമായി അറിയുന്നു; നീ എന്നെയും. കാലുകഴുകിയ ദൈവത്തിന് ഇനി ദാസരുടെ ആവശ്യമില്ല. കാരണം, അവൻ സുഹൃത്താണ്, എന്റെ തോളോടു ചേർന്ന് നിൽക്കുന്ന സുഹൃത്ത്.
അപ്പോഴും ചില ചോദ്യങ്ങളുണ്ട്; ജീവൻ അർപ്പിക്കുന്നതലത്തോളം ഞാനെന്തിനു സ്നേഹിക്കണം? ജീവനല്ലേ ഏറ്റവും വലുത്, അതില്ലെങ്കിൽ സ്നേഹമുണ്ടോ? ഉത്തരം വളരെ ലളിതമാണ്; കാഴ്ചകളിൽ ഒതുങ്ങുന്നതല്ല ഒരു ജീവിതവും. അതിനപ്പുറത്തുമുണ്ടു ചില യാഥാർത്ഥ്യങ്ങൾ. അവ തിരിച്ചറിയണമെങ്കിൽ ഹൃദയത്തിന്റെ യുക്തിയോടു നമ്മൾ ചേർന്നു നിൽക്കണം. അവിടെയാണു സന്തോഷത്തിന്റെ പൂർണ്ണതയുള്ളത്. സ്നേഹത്തെ തമാശയായി കരുതുന്നവർക്ക് ജീവിതത്തിന്റെ ഗൗരവം മനസ്സിലാകില്ല. അവർ ആത്മരതിയുടെ തത്ത്വം പറയുകയും ജീവിതത്തിന്റെ സങ്കീർണഘട്ടങ്ങളിൽ ഒളിച്ചോടുകയും ചെയ്യും.
സ്നേഹമുള്ളിടുത്താണ് സന്തോഷമുള്ളതെന്ന് അറിഞ്ഞവർ ഒരിക്കലും വിദ്വേഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിനിധികളാകുകയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ക്രിസ്തുവിനെ അനുഭവിച്ചവർക്ക് വെറുപ്പുമായി കൂട്ടുകൂടാൻ സാധിക്കില്ല. കാരണം, അവന്റെ വഴി സ്നേഹത്തിന്റെ വഴിയാണ്. ആ വഴിത്താരയിൽ കാൽവരിയും ഒറ്റപ്പെടലും കുരിശുമരണവുമുണ്ട്. അപ്പോഴും ആത്യന്തികമായി ഉത്ഥാനത്തിലും സ്വർഗ്ഗാരോഹണത്തിലുമാണ് അത് എത്തിച്ചേരുന്നത്. ആ വഴി തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും വഴിയും.
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
This website uses cookies.